തെരുവ് ബാലൻ, ലോക ഫുട്ബോൾ താരം, പ്രസിഡന്റ്; എല്ലാം ഒരാൾ! വിസ്മയം ഈ ജീവിതം

george-weah
SHARE

ലൈബീരിയയിലെ മൊൺറോവിയ. 1970കളിൽ അവിടുത്തെ ചേരികളിൽ ഫുട്ബോൾ കളിച്ചു നടന്ന ഒരു കൊച്ചുകുട്ടിയുണ്ടായിരുന്നു.  മെലിഞ്ഞു പട്ടിണിക്കോലമായ ബാലൻ. ജോർജ് വിയ എന്നായിരുന്നു പേര്.1966 ഒക്ടോബർ ഒന്നിനായിരുന്നു ജനനം. മാതാപിതാക്കൾ വേർപിരിഞ്ഞതോടെ വിയ മുത്തശ്ശിയായ എമ്മ ക്ലോൺ ലീ ബ്രൗണിയുടെ കൂടെയായി.

കുപ്പകളിൽ നിന്നു കുപ്പികൾ പെറുക്കിയും പോപ്കോൺ വിറ്റും അവൻ പണം സമ്പാദിച്ചു. ഒരു പങ്കു കൃത്യമായി മുത്തശ്ശിയെ ഏൽപിച്ചു. പട്ടിണിയും ദാരിദ്രവും മറക്കാൻ വിയയുടെ മുന്നിൽ ഫുട്ബോൾ മാത്രമായിരുന്നു മാർഗം. ഒഴിവു സമയം കൂട്ടുകാർക്കൊപ്പം കാൽപന്തുകളിയായിരുന്നു ആശ്വാസം.

വിയയുടെ ഭാവി ഫുട്ബോളിലാണെന്ന് എമ്മ തിരിച്ചറിഞ്ഞു. ഒരു പിറന്നാൾ ദിവസം മുത്തശ്ശി അവനൊരു സമ്മാനം നൽകി. ഒരു ജോഡി ബൂട്ട്. ഈ സമ്മാനം വിയയുടെ ജീവിതത്തെ മാറ്റിമറിച്ചു. ഫുട്ബോൾ വിയയുടെ എല്ലാമായി മാറി. പ്രദേശിക ഫുട്ബോൾ മത്സരങ്ങളിൽ വിയ സ്ഥിരം സാന്നിധ്യമായി. 15 വയസ്സായപ്പോഴേക്കും മോൺറോവിയയിലെ മികച്ച ഫുട്ബോളറെന്ന പേരു സ്വന്തമാക്കി. 

കാമറൂണിലെ ടോണീറെ ക്ലബ്ബിന്റെ കോച്ചായ ക്ലൗഡ് ലേ റോയ് യാദൃശ്ചികമായി വിയയുടെ കളി കാണാനിടയായി. വിയയെക്കുറിച്ചറിയുന്ന ആർസേനെ വെങ്കർ, ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോയിലേക്കു വിയയെ ക്ഷണിച്ചു. അവിടെയാണു ജോർജ് വിയ എന്ന സമാനതകളില്ലാത്ത ഫുടബോളറുടെ യഥാർഥ ജനനം. 

1989ൽ ആഫ്രിക്കയിലെ മികച്ച താരമെന്ന ബഹുമതി വിയയെ തേടിയെത്തി. 94, 95 വർഷങ്ങളിലും ഈ ബഹുമതി  നേടി. മൊണോക്കോയിൽ നിന്നു പാരിസ് സെന്റ് ജെർമനിലെത്തി.1995 ആവുമ്പോഴേക്കും വീയ എസി മിലാനിലെത്തി. അതേവർഷം ഫിഫയുടെ മികച്ച ഫുട്ബോൾ കളിക്കാരനെന്ന ബഹുമതി. 1996ൽ ആഫ്രിക്കൻ വൻകരയിലെ, നൂറ്റാണ്ടിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. അതേവർഷം ഫിഫയുടെ ഫെയർ പ്ലെയർ അവാർഡും തേടിയെത്തി. 1996നു ശേഷം ചെൽസി, മാഞ്ചസ്റ്റർ സിറ്റി തുടങ്ങി മുൻനിര ക്ലബുകളിൽ ലോകം വിയയെ കണ്ടു.

1990ൽ ശക്തി പ്രാപിച്ച ആഭ്യന്തര കലാപം 1996 ആയപ്പോഴേക്കും ലൈബീരിയയെ ശ്മാശാന സമമാക്കി. തന്നെ അഭിമുഖം ചെയ്യാനെത്തിയ പത്രക്കാരോടു നാടിന്റെ ദുരവസ്ഥ വിയ വെളിപ്പെടുത്തി. യുഎൻ ഇക്കാര്യത്തിൽ ഇടപെടണമെന്നു  വേദനയോടെ പറഞ്ഞു. 

ലോകം ആ ഫുട്ബോളറുടെ വാക്കുകൾ ഞെട്ടലോടെ കേട്ടപ്പോൾ ഭരണകൂടും ചൊടിച്ചു. യന്ത്രത്തോക്കുകളും ഗുണ്ടകളുമായി പട്ടാള വണ്ടി വിയയുടെ നഗരമധ്യത്തിലുള്ള വീട്ടിലെത്തി. വീടു നശിപ്പിച്ചു. വീട്ടിലുള്ളവരെ  ഉപദ്രവിച്ചു.ജോർജ് വിയ  ഇറ്റലിയിൽ എസി മിലാന്റെ ക്യാംപിലായിരുന്നു. 

1996ലെ ആ മേയിൽ മാത്രം 3000 പേരെ ഭരണകൂടം കൂട്ടക്കൊല ചെയ്തു. ജോർജ് വിയ നാട്ടിലെത്തിയാൽ കൊലപ്പെടുത്താൻവരെ ഭരണകൂടം പദ്ധതിയിട്ടു.

ലോകകപ്പിൽ ലൈബീരിയയെ പങ്കെടുപ്പിക്കുക എന്ന തന്റെ സ്വപ്നം ലോക താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വിയ വെളിപ്പെടുത്തി. വിയയുടെ വാക്കുകൾ ലൈബീരിയയെ ഉണർത്തി. 

ലൈബീരിയ ലോകകപ്പ് കളിക്കണമെങ്കിൽ വിയ നാട്ടിലെത്തുക മാത്രമാണു മാർഗമെന്നു തിരിച്ചറിഞ്ഞ ഭരണകൂടം ഒടുവിൽ എല്ലാ പിന്തുണയും പ്രഖ്യാപിച്ചു.

2000 ജൂൺ മാസം ഫുട്ബോൾ കിറ്റുകളും പന്തുകളും പരിശീലന ഉപകരണങ്ങളുമായി വിയ നാട്ടിൽ തിരിച്ചെത്തി. ലൈബീരിയൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായും തലവനായും ഇരട്ടവേഷം. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലൈബീരിയയുടെ പ്രകടനം ആഫ്രിക്കയെ അമ്പരപ്പിച്ചു. കാൽപന്തിൽ വിയ തീർത്ത ഇന്ദ്രജാലം ലോകം കണ്ടു. പക്ഷേ, വിധി അവർക്ക് അനുകൂലമായില്ല. ലൈബീരിയ ലോകകപ്പ് യോഗ്യത നേടിയില്ല. 2003ൽ അദ്ദേഹം തന്റെ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചു. ഐക്യരാഷ്ട്രസഭ ലൈബിരീയയുടെ ഗുഡ്‌വിൽ അംബാസിഡറായി വിയയെ തിരഞ്ഞെടുത്തു. 2004ൽ ഫിഫ പുറത്തിറക്കിയ മികച്ച 100 ഫുട്ബോൾ കളിക്കാരുടെ ലിസ്റ്റിൽ വിയയുമുണ്ട്.

2005ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും 2011ലെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.  2018 ജനുവരി ഒന്നിനു ലൈബീരിയയുടെ 25–ാം പ്രസിഡന്റ് പദവിയിലേക്കു കാലം ആ പഴയ തെരുവു ബാലനെ കൈപിടിച്ചുയർത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA