sections
MORE

ഇടയ ബാലികയിൽ നിന്നും വിദ്യാഭ്യാസമന്ത്രിയിലേക്ക്! നജത് ബിൽകാസിം എന്ന വിസ്മയം

Najat-Vallaud-Belkacem
SHARE

മുത്തശ്ശിക്കഥകളിലെ നായികമാരുടേതിനു സമാനമാണു നജത് ബിൽകാസി‌മിന്റെ ജീവിതം. ദാരിദ്ര്യം നിറഞ്ഞ ബാല്യത്തോടു പടവെട്ടി രാജ്യം കീഴടക്കുന്ന സാഹസികയായ നായിക. എന്നാൽ അവളെ സഹായിക്കാൻ ചിറകുള്ള മാന്ത്രിക കുതിരയും എന്തും സാധിച്ചുകൊടുക്കുന്ന മന്ത്രമോതിരവും ഉണ്ടായിരുന്നില്ല. നജത് ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചതു പതറാത്ത ആത്മവിശ്വാസവും പ്രയത്നവും കൊണ്ടാണ്.

ദാരിദ്ര്യത്തോടു പടവെട്ടാ‌നായി കഠിന പരിശ്രമം നടത്തേണ്ടി വന്ന, അന്യദേശത്തേക്കു കുടിയേറേണ്ടി വന്ന ബാല്യം. അറിയാത്ത ഭാഷയും സംസ്കാരവും പഠിച്ചെടുക്കുമ്പോഴുണ്ടായ കളിയാക്കലുകൾ. മതത്തിന്റെയും സംസ്കാരത്തിന്റെയും പേരിലുള്ള മാറ്റി നിർത്തലുകൾ. ഇങ്ങനെ നീളും നജതിനു നേരിടേണ്ടി വന്ന വെല്ലുവിളികൾ. അവയെ അതിജീവിച്ചു നജത് നടന്നു കയറിയതു ഫ്രാൻസിന്റെ വിദ്യാഭ്യാസ മന്ത്രി എന്ന പദവിയിലേക്കാണ്. അതിലൂടെ കുറിക്കപ്പെട്ടതു ചരിത്രമാണ്. ഫ്രാൻസിലെ ആദ്യ വനിതാ വിദ്യാഭ്യാസ മന്ത്രി, കുടിയേറ്റക്കാരിൽ നിന്നുള്ള ആദ്യത്തെ വനിതാ മന്ത്രി, ഏറ്റവും പ്രായം കുറഞ്ഞ വിദ്യാഭ്യാസ മന്ത്രി ഇങ്ങനെ നീളും അത്.

നജതിന്റെ കഥ തുടങ്ങുന്നതു മൊറോക്കോയിലാണ്. മോറോക്കൻ അതിർത്തിയിൽ റിഫ് പ്രവിശ്യയിലെ നഡോർ എന്ന ചെറിയ ഗ്രാമം. ഏഴുമക്കളുള്ള വീട്ടിലെ രണ്ടാമത്തെ കുട്ടി. കളിക്കേണ്ട പ്രായത്തിൽ അവൾ ആടുകളെ മേയ്ച്ചു നടന്നു.

ഫ്രാൻസിൽ നിർമാണത്തൊഴിലാളിയായിരുന്നു പിതാവ്. നജതും സഹോദരങ്ങളും അമ്മയ്ക്കും മുത്തച്ഛനുമൊപ്പമായിരുന്നു താമസം. നജതിന് അഞ്ചുവയസ്സായപ്പോൾ പിതാവ് അവളെയും അമ്മയെയും മൂത്തസഹോദരിയെയും ഫ്രാൻസിലേക്കു വിളിപ്പിച്ചു. അന്നോളം ജീവിച്ചിരുന്ന സാഹചര്യങ്ങളിൽ നിന്നുള്ള പറിച്ചു നടൽ. സ്കൂളിൽ പോകാം എന്നതുമാത്രമായിരുന്നു നജതിന് ആ പലായനത്തിൽ കണ്ടെത്താനായ ഏക ഗുണം.

ഫ്രഞ്ച് ഭാഷയായിരുന്നു വലിയ വെല്ലുവിളി. ഭാഷ അറിയാത്ത, സാംസ്കാരികമായി അവരിൽ നിന്നു വേറിട്ടു നിന്ന നജതിനെ സഹപാഠികൾ കളിയാക്കി. പക്ഷേ, തോൽക്കാ‌ൻ നജതിനു മനസ്സില്ലായിരുന്നു. അവൾ പൊരുതി. ആദ്യ വർഷംകൊണ്ടുതന്നെ ഫ്രഞ്ച് ഭാഷ അവളുടെ കൈപ്പിടിൽ ഒതുങ്ങി.എല്ലാ ക്ലാസുകളി‌ലും ഉന്നത വിജയം കരസ്ഥമാക്കി. ലോകം മുഴുവൻ ഉറങ്ങുന്ന രാത്രികളിൽ നജതിന്റെ മുറിയിലെ വെളിച്ചം അണഞ്ഞില്ല.

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 2002ൽ പാരീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സ്റ്റഡീസിൽ ചേർന്നു രാഷ്ട്രതന്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. തുടർന്ന് അമീൻ സർവകലാശാലയിൽ നിന്നു പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം.

പ്രാദേശിക കൗൺസിലിലേക്കു മത്സരിച്ചുകൊണ്ടായിരുന്നു മത്സര രാഷ്ട്രീയത്തിലേക്കുള്ള തുടക്കം. 2004ൽ കൗൺസിലറായി. അതിനിടെ ബിരുദ ക്ലാസിലെ സഹപാഠിയായ ബോറിസ് ബലാദുമായി പ്രണയത്തിലാവുകയും 2005ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. അതേ വർഷം സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖ്യഉപദേശകയായി. 2012 ൽ വനിതാ ക്ഷേമ വകുപ്പു മന്ത്രിയായി. പിന്നീടു കായിക,യുവജനക്ഷേമ, സിറ്റി അഫയേഴ്സ് വകുപ്പുകൾ കൈകാര്യം ചെയ്തു. 2014 ഓഗസ്റ്റ് 26 നു വിദ്യാഭ്യാസ മന്ത്രിയായി.

പടവുകൾ ഏറെ കയറിയെങ്കിലും യാഥാസ്ഥിതിക ഫ്രഞ്ച് പൗരന്മാരുടെ പരിഹാസം അപ്പോഴും നജതിനെ വിട്ടുപോയില്ല. മതത്തിന്റെയും ആധുനിക രീതിയിലുള്ള വസ്ത്രധാരണ രീതിയുടെയും പേരിൽ നജത് പലപ്പോഴും കുറ്റപ്പെടുത്തലുകൾ നേരിടേണ്ടി വന്നു. വിമർശകർക്കു മറുപടി കൊടുക്കാതെ അവർ ജോലി കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

അഭയാർഥി പ്രവാഹം രൂക്ഷമായപ്പോഴും നജത്തിനെതിരെ തിരിഞ്ഞവരുണ്ട്. കുടിയേറുന്നവരെല്ലാം ശാപമല്ലെന്നും അവരെ രാജ്യത്തിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കാമെന്നും എല്ലാവർക്കും തുല്യ അവകാശം ഈ രാജ്യത്തുണ്ടെന്നും നജത് മറുപടി നൽകി. തന്റെ അവകാശവാദങ്ങൾ ജീവിതംകൊണ്ടു തെളിയിച്ച നജതിനു മുന്നിൽ എതിർവാദങ്ങളെല്ലാം ക്രമേണ അപ്രസക്തമായി.

Content Summary: Sucess Story Najat Belkacem, Education Minister of France

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA