കൈകാലുകൾ ഇല്ലാതെ ജനിച്ചു; ഇന്ന് തലയുയർത്തി ജീവിക്കുന്നു; മാജിക്കാണ് നൂർ

noor-family
SHARE

ജന്മനാ ഇരു കൈകളും കാലുകളും മുട്ടിനുതാഴേക്കില്ലാത്തത് നൂർജലീലയ്ക്ക് ഒരു കുറവായി തോന്നിയില്ല. വരച്ചും പഠിച്ചും പാടിയും പ്രസംഗിച്ചും വൈകല്യത്തെ വെല്ലുവിളിച്ച മിടുക്കിയെ അറിയാം...

ഇരു കൈകളും കാലുകളുമുള്ള ‘പൂർണ മനുഷ്യർ’ ചിലപ്പോഴെങ്കിലും വിധിയെ പഴിച്ച് കാലം കഴിക്കുമ്പോൾ, കുന്നമംഗലം സ്വദേശി നൂർജലീലയെ കേൾക്കുക, കാണുക, അറിയാൻ ശ്രമിക്കുക...ജീവിതത്തിലെ നിരാശയെ കഴുത്തിനു പിടിച്ച് പുറത്താക്കുക.

കുന്നമംഗലം ആനപ്പാറയിൽ താമസമാക്കിയ അബ്ദുൽകരീമിന്റെയും അസ്മാബിയുടെയും രണ്ടാമത്തെ മകൾ ജനിച്ചുവീണപ്പോൾ ഡോക്ടർ വന്നു ചോദിച്ചു – കുഞ്ഞിനെ കാണണോ ? കൺമണിയെ കാണാതിരിക്കുന്നതെങ്ങനെ. കാണണം എന്നുതന്നെ പറഞ്ഞു. കണ്ടപ്പോൾ അബ്ദുൽകരീമിന്റെ മനമൊന്നു പിടഞ്ഞു – കുഞ്ഞിന് കൈകാലുകൾ മുട്ടിനു താഴേക്ക് വളർന്നിട്ടില്ല. അന്നവളെ ചേർത്തുപിടിച്ച് ചൂടുപകർന്നപ്പോൾ മനസ്സിലൂടെ പാഞ്ഞത് ആയിരം മിന്നൽപിണരുകളാണ്. വളർന്നുവന്നപ്പോൾ മകൾ പിതാവിന്റെ മനസ്സിൽനിന്നു മായ്ച്ചു കളഞ്ഞതും ആ മിന്നൽകലയാണ് – കലയെ കൂട്ടുപിടിച്ച്. അന്നു തന്നെ രക്ഷിതാക്കൾ വിട്ടുകളഞ്ഞിരുന്നെങ്കിൽ ലോകം കാണാതെ, ഏതെങ്കിലും മെഡിക്കൽ പ്രദർശനത്തിൽ ഒരു ഡെമോ ആയി, ഒരു ചില്ലുപാത്രത്തിൽ താനിരുന്നേനെ എന്നാണ് നൂർജലീലതന്നെ തമാശ ചേർത്തു പറയുന്നത്. 

noor-painting

ഒന്നും ചെയ്യാൻ കഴിയില്ലെന്നു പറഞ്ഞ് മാറിയിരിക്കാതെ പറ്റുന്ന കാര്യങ്ങൾ അതിലും ഊർജത്തോടെ ഓടിനടന്നു ചെയ്തുതീർക്കുകയാണ് നൂർ. തിരൂർ സർക്കാർ ആശുപത്രിയിൽ ഒരു പ്രസംഗത്തിനു പോയപ്പോൾ വീൽചെയറിൽ കഴിയുന്ന ഒട്ടേറെയാളുകളെ നൂർ കണ്ടു. അന്നവൾ തീരുമാനിച്ചു, തനിക്ക് ഒരു കുറവുമില്ല – ഇനിയും പോകാനേറെയുണ്ട്. പ്രത്യേക രീതിയിൽ വയലിൻ ചേർത്തുപിടിച്ച് അതു വായിക്കാൻ പഠിച്ചു. നല്ലൊരു ഗുരുവിനെ കിട്ടാത്തതിനാൽ പഠനം തുടരാനായിട്ടില്ല. പാട്ടുകാരിയായും പാലിയേറ്റീവ് കെയർ യോഗങ്ങളിൽ മോട്ടിവേഷനൽ പ്രാസംഗികയായും മിന്നുന്നുമുണ്ട്. കൈകൾ ചേർത്തു ബ്രെഷ് പിടിച്ചുവരയ്ക്കുന്നത് മുഴുവൻ കൈകൊണ്ട് വരയ്ക്കുന്നവരെക്കാൾ മികവോടെ. ഒട്ടേറെ സമ്മാനങ്ങളും വരച്ചുനേടി. പ്രദർശനവും നടത്തുന്നു. 

10–ാം ക്ലാസിനുശേഷം സയൻസ് മുഖ്യവിഷയമായി പഠിക്കാനായിരുന്നു താൽപര്യമെങ്കിലും ലാബ് വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാകുമെന്നുകണ്ടാണ് മാറ്റിപ്പിടിച്ചത്. ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയായ നൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലെ കാൻസർ രോഗികളെ പരിചരിച്ച ശേഷമാണു ദിവസവും വീട്ടിലേക്കു മടങ്ങുന്നത്. കാലിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ താൽപര്യമുണ്ടെങ്കിലും കൈകൾ നിലവിലുള്ളതുപോലെതന്നെ മതിയെന്നാണ് നൂർ പറയുന്നത്. ഇംഗ്ലിഷ് മുഖ്യവിഷയമായെടുത്തു പഠിച്ച് അധ്യാപികയാവണം എന്നതാണ് ആദ്യ താൽപര്യം. പിന്നെയുള്ളത് കുറച്ചുകൂടി വലിയൊരു ആഗ്രഹമാണ് – സിവിൽ സർവീസ്. പിന്തുണയുമായി സഹോദരി ഡോ. ഐഷയും ഒപ്പംചേരുന്നുണ്ട്.

തൃശ്ശൂർ അഡാപ്റ്റ് സൊസൈറ്റി സാഹിത്യ അക്കാദമി അങ്കണത്തിൽ  ഭിന്നശേഷിക്കാർക്കായി നടത്തുന്ന സംസ്ഥാനതല ചിത്രരചനോത്സവം ‘ഭാസുര’ ഉദ്ഘാടനം ചെയ്യാൻ നൂർ ജലീല ശിശുദിനത്തിൽ എത്തുന്നു. ലളിതകലാ അക്കാദമി, സംഗീതനാടക അക്കാദമി, സാഹിത്യ അക്കാദമി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ചിത്രരചനോത്സവത്തിൽ 300 പേർ പങ്കെടുക്കും.

Content Summary: Success Story, Noor Jameela

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS