ADVERTISEMENT

പാതിവഴിയിൽ പഠനം നിർത്തി ജോലിക്കു പോകുക, പിന്നെ കറസ്പോണ്ടൻസ് കോഴ്സിലൂടെ ഡിഗ്രി നേടുക, ഒടുവിൽ ഐഐടി അധ്യാപകനാകുക... സിനിമയെ വെല്ലുന്ന ജീവിത കഥയാണ് ഈ വർഷത്തെ ഇൻഫോസിസ് പ്രൈസ് നേടിയ ഡോ. മനു വി.ദേവദേവന്റേത്.

ഹിമാചൽ പ്രദേശിലെ മണ്ഡി ഐഐടിയിലെ സ്കൂൾ ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് അസിസ്റ്റന്റ് പ്രഫസറും പത്തനംതിട്ട ചെറുകോൽ സ്വദേശിയുമായ മനുവിനു (42) ഹ്യുമാനിറ്റീസ് വിഭാഗത്തിലാണ് 71 ലക്ഷം രൂപയുടെ ഇൻഫോസിസ് പുരസ്കാരം ലഭിച്ചത്. ദക്ഷിണേന്ത്യയിലെ സാംസ്കാരിക, സാഹിത്യ, സാമ്പത്തിക, രാഷ്ട്രീയ വൈവിധ്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കാണ് അംഗീകാരം. ദക്ഷിണേന്ത്യൻ ഭാഷകളിലെ സാഹിത്യ, ശിലാലിഖിത പഠനങ്ങളിൽ മനുവിന്റെ അറിവ് അസൂയാവാഹമാണെന്നാണ് അവാർഡ് നിർണയ സമിതി പറഞ്ഞത്. 

ഇത്തരത്തിൽ വിലയിരുത്തപ്പെടുന്നയാളുടെ അക്കാദമിക് ചരിത്രം അറിഞ്ഞാലോ ? ജോലിക്കു വേണ്ടി പഠനവും പഠനത്തിനു വേണ്ടി ജോലിയും ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട് മനുവിന്.  

ചരിത്രത്തിലേക്കൊരു റെയിൽവേ പാസ്
പഠിച്ചതും വളർന്നതും ബെംഗളൂരുവിൽ. അച്ഛന് അവിടെയായിരുന്നു ജോലി. റെയിൽവേ ക്ലാർക്കായി ജോലി കിട്ടിയതോടെ 1996ൽ മനു ബിരുദപഠനം ഉപേക്ഷിച്ചു. കർണാടകയിലെ ഹുബ്ബള്ളിയിലായിരുന്നു ജോലി. 

പഠനം, പക്ഷേ വിട്ടുകളയാൻ പറ്റില്ലായിരുന്നു. അണ്ണാമല സർവകലാശാലയിൽ ബിഎ സോഷ്യോളജിക്കു (കറസ്പോണ്ടൻസ്) ചേർന്നു.റെയിൽവേ ജീവനക്കാരനെന്ന നിലയിൽ ലഭിച്ച സൗജന്യ പാസുമായി നിരന്തര യാത്രകൾ. ഈ യാത്രകൾ ചരിത്രത്തോടുള്ള കൗതുകം വളർത്തി. ദേശീയ സർവകലാശാലകളിൽ എംഎ ഹിസ്റ്ററി പഠനം ലക്ഷ്യമിട്ടു 2001ൽ ജോലി വിട്ടു. മുൻപു ചരിത്രം പഠിച്ചിട്ടില്ലാത്തതിനാൽ അതത്ര എളുപ്പമായിരുന്നില്ല. കഠിന ശ്രമത്തിനൊടുവിൽ 2003ൽ ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ പ്രവേശനം.

2005ൽ‌ കന്നഡ സാഹിത്യത്തെക്കുറിച്ചു പഠിക്കാൻ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ് ലഭിച്ചതോടെ ബെംഗളൂരുവിലേക്കു മടങ്ങി. 2011ൽ മാംഗ്ലൂർ സർവകലാശാലയിൽ നിന്നു പിഎച്ച്ഡി നേടി. വൈകാതെ ഐഐടി അധ്യാപകനുമായി.

വേറിട്ട അന്വേഷണങ്ങൾ, പന്ത്രണ്ടു ഭാഷകൾ
പതിവു വഴികൾ വിട്ടു പുതിയതിനായുള്ള അന്വേഷണമാണ് മനു വി.ദേവദേവന്റെ ചരിത്രാന്വേഷണത്തെ വേറിട്ടതാക്കുന്നത്. ഓരോ നാടിന്റെയും സാമൂഹിക, സാമ്പത്തിക പശ്ചാത്തലം വിലയിരുത്തിയാണു കന്നഡയിലും ഇംഗ്ലിഷിലുമായുള്ള ചരിത്ര ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും. മനുവിന്റെ പ്രബന്ധങ്ങൾ കർണാടക സ്കൂളുകളിൽ പാഠ്യവിഷയമാണ്. കർണാടക പ്രീ യൂണിവേഴ്സിറ്റി ചരിത്ര ടെക്സ്റ്റ് ബുക്കുകളും രചിച്ചു.

കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, സംസ്കൃതം, ഒഡിയ, ഹിന്ദി, ഉർദു, പാലി, ഇംഗ്ലിഷ്, ഫ്രഞ്ച്, ജർമൻ ഭാഷകളിലെ അറിവ് ചരിത്രപഠനത്തിനു തുണയായി. ബെംഗളൂരുവിലെ കുട്ടിക്കാലത്തു പലനാട്ടിൽ നിന്നുള്ള അയൽക്കാരുണ്ടായിരുന്നു. അവരിൽനിന്നു കേട്ടുപഠിച്ചതാണു പല ഭാഷകളും. 

കന്നഡയിൽ 2 കവിതാ സമാഹരങ്ങൾ പ്രസിദ്ധീകരിച്ച മനു പരിഭാഷകനുമാണ്. ശ്രീനാരായണ ഗുരുവിന്റെ വചനങ്ങൾ കന്നഡയിലേക്കും കന്നഡ സാമൂഹിക പരിഷ്കർത്താവ് ബസവേശ്വരന്റെ വചനങ്ങൾ ഇംഗ്ലിഷിലേക്കും മൊഴി മാറ്റി.  ‘എ പ്രീ ഹിസ്റ്ററി ഓഫ് ഹിന്ദുയിസം’ എന്ന പുസ്തകത്തിൽ ദക്ഷിണേന്ത്യയുടെ മത, സാമൂഹിക ചരിത്രത്തെക്കുറിച്ചുള്ള തന്റെ കണ്ടെത്തലുകൾ അവതരിപ്പിക്കുന്നു. 

ബെംഗളൂരുവിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ എൻജിനീയറായിരുന്നു അച്ഛൻ എം.ആർ.വിഷ്ണു നമ്പൂതിരി. അമ്മ പി.കെ.കനകാംബിക അന്തർജനം അധ്യാപികയും. ഭാര്യ: ലീന പാർവതി. മകൾ: പ്രാർഥന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com