ADVERTISEMENT

പൊതുമേഖലാ ബാങ്കുകളിൽ സ്‌പെഷലിസ്‌റ്റ് ഓഫിസർ തസ്‌തികകളിലെ നിയമനത്തിനായി  ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന  പൊതു തിരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്ക് വിജ്‌ഞാപനമായി. ഓൺലൈനിൽ അപേക്ഷിക്കണം. നവംബർ ആറു മുതൽ 26 വരെ അപേക്ഷിക്കാം.

രണ്ടു ഘട്ടങ്ങളുള്ള ഓൺലൈൻ പരീക്ഷയാണ്. പരീക്ഷയിൽ വിജയിക്കുന്നവർക്കായി പൊതു ഇന്റർവ്യൂവും ഐബിപിഎസ്  നടത്തും. 17 പൊതുമേഖലാ ബാങ്കുകൾ ഐബിപിഎസ് നിയമന രീതി സ്വീകരിച്ചിട്ടുണ്ട്.  വിവിധ ബാങ്കുകളിലായി  1163 സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവുകളാണു പ്രതീക്ഷിക്കുന്നത്. 

ബാങ്ക്, സംവരണം തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.

പരീക്ഷാരീതിയും തിരഞ്ഞെടുപ്പും:

സ്‌പെഷലിസ്‌റ്റ് ഓഫിസർ നിയമനങ്ങൾക്കായുള്ള ഐബിപിഎസിന്റെ ഒന്‍പതാം വിജ്‌ഞാപനമാണിത്. പൊതു എഴുത്തുപരീക്ഷ, പൊതു അഭിമുഖം, പ്രൊവിഷനൽ അലോട്ട്‌മെന്റ് എന്നീ ഘട്ടങ്ങളിലൂടെയാണു തിരഞ്ഞെടുത്ത പൊതുമേഖലാ ബാങ്കുകളിലെ സ്‌പെഷലിസ്‌റ്റ് ഓഫിസർ തസ്‌തികയിലേക്കുള്ള ഐബിപിഎസിന്റെ കോമൺ റിക്രൂട്ട്‌മെന്റ് പ്രോസസ്. പൊതുപരീക്ഷയിൽ നേടുന്ന സ്‌കോറിന്റെ അടിസ്‌ഥാനത്തിലാകും പ്രാഥമിക തിരഞ്ഞെടുപ്പ്. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് തുടർന്ന് ഐബിപിഎസ് മുഖേനയുള്ള പൊതു ഇന്റർവ്യൂ ഉണ്ടാകും. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. 2021 മാർച്ച് 31 വരെ ഈ വിജ്‌ഞാപനപ്രകാരമുള്ള നിയമനങ്ങൾക്ക് അവസരമുണ്ട്. 2020– 21 കാലയളവിൽ വിവിധ തസ്തികകളിലായി ബാങ്കിൽ നിലവിലുള്ള 1163 ഒഴിവുകളിലേയ്ക്കാകും അലോട്ട്‌മെന്റ്. ഒഴിവുകളുടെ എണ്ണം വർധിച്ചേക്കാം. അലോട്ട്‌മെന്റ് വിവരങ്ങൾ ഐബിപിഎസ് വെബ്‌സെറ്റിൽ പ്രസിദ്ധീകരിക്കും. ഓൺലൈൻ റജിസ്‌ട്രേഷൻ, പരീക്ഷ, ഇന്റർവ്യൂ, അലോട്ട്‌മെന്റ് എന്നിവയുടെ ഷെഡ്യൂൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതോടൊപ്പം പട്ടികയിലുണ്ട്.

വിജ്‌ഞാപനത്തിന്റെ  മറ്റു വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ.

യോഗ്യത: 

ഐടി ഓഫിസർ  (സ്‌കെയിൽ–1): 

കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഐടി / ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് / ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ എന്നിവയിൽ നാലു വർഷ എൻജിനീയറിങ്/ ടെക്നോളജി ബിരുദം.

അല്ലെങ്കിൽ 

ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ / ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ/ കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻസ് / ഐടി   ബിരുദാനന്തര ബിരുദം. 

അല്ലെങ്കിൽ 

ബിരുദവും ഡിഒഇഎസിസി ബി ലെവൽ ജയവും.

അഗ്രിക്കൾച്ചറൽ ഫീൽഡ് ഓഫിസർ (സ്‌കെയിൽ–1) : അഗ്രിക്കൾച്ചർ/ ഹോർട്ടിക്കൾച്ചർ/ അനിമൽ ഹസ്‌ബൻഡറി/ വെറ്ററിനറി സയൻസ്/ ഡെയറി സയൻസ്/ ഫിഷറി സയൻസ്/ പിസികൾച്ചർ/ അഗ്രി മാർക്കറ്റിങ് ആൻഡ് കോ–ഓപ്പറേഷൻ / കോ–ഓപ്പറേഷൻ ആൻഡ് ബാങ്കിങ് / അഗ്രോ ഫോറസ്‌ട്രി/ ഫോറസ്ട്രി/ അഗ്രികൾചറൽ ബയോടെക്നോളജി/ ഫുഡ് സയൻസ്/ അഗ്രികൾചറൽ ബിസിനസ് മാനേജ്മെന്റ്/ ഫുഡ് ടെക്നോളജി/ ഡെയറി ടെക്നോളജി/ അഗ്രിക്കൾച്ചർ എൻജിനീയറിങ്/  സെറികൾചർ എന്നിവയിൽ നാലു വർഷ ബിരുദം.

രാജ്‌ഭാഷാ അധികാരി (സ്‌കെയിൽ–1): ബിരുദതലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദി ബിരുദാനന്തര ബിരുദം  അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദിയും ഇംഗ്ലിഷും വിഷയമായി പഠിച്ചു  സംസ്‌കൃതം ബിരുദാനന്തര ബിരുദം.

ലോ ഓഫിസർ (സ്‌കെയിൽ–1): നിയമ ബിരുദം (എൽഎൽബി). ബാർ കൗൺസിലിൽ അഡ്വക്കേറ്റായി എൻറോൾ ചെയ്‌തവരാകണം.

എച്ച്‌ആർ/ പഴ്‌സനേൽ ഓഫിസർ (സ്‌കെയിൽ–1): ബിരുദവും പഴ്‌സനേൽ മാനേജ്‌മെന്റ്/ ഇൻഡസ്‌ട്രിയൽ റിലേഷൻസ്/എച്ച്‌ആർ/എച്ച്‌ആർഡി/സോഷ്യൽ വർക്ക്/ലേബർ ലോയിൽ ദ്വിവൽസര  ഫുൾടൈം ബിരുദാനന്തര ബിരുദം/ ഫുൾടൈം പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും.

മാർക്കറ്റിങ് ഓഫിസർ (സ്‌കെയിൽ–1) : ബിരുദവും ദ്വിവൽസര ഫുൾടൈം എംഎംഎസ് (മാർക്കറ്റിങ്) /എംബിഎ  (മാർക്കറ്റിങ്)   /മാർക്കറ്റിങ് സ്‌പെഷലൈസേഷനോടെ ഫുൾടൈം ദ്വിവൽസര പിജിഡിബിഎ/ പിജിഡിബിഎം /പിജിപിഎം/ പിജിഡിഎം യോഗ്യതയും .

യോഗ്യത 2019 നവംബർ 26 അടിസ്‌ഥാനമാക്കി കണക്കാക്കും. അപേക്ഷകർ 20 നും 30 നും മധ്യേ പ്രായമുള്ളവരാകണം. പ്രായം 2019 നവംബർ ഒന്ന് അടിസ്‌ഥാനമാക്കി കണക്കാക്കും. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗർക്കു പത്തും വർഷം ഇളവ് ലഭിക്കും. വിമുക്‌തഭടൻമാർക്ക് നിയമാനുസൃത ഇളവ്.

അപേക്ഷകർ ഏതെങ്കിലും ഒരു തസ്‌തികയിലേക്കു മാത്രം അപേക്ഷിക്കുക. ഒന്നിലധികം അപേക്ഷകൾ നിരസിക്കും.

കംപ്യൂട്ടർ പ്രവർത്തിപ്പിക്കാനും ഉപയോഗിക്കാനും അറിവുള്ളവരാകണം അപേക്ഷകർ.  ഐടി ഓഫിസർ ഒഴികെയുള്ള തസ്‌തികകളിലേക്കുള്ള അപേക്ഷകർക്കു കംപ്യൂട്ടർ ഓപ്പറേഷൻസ് / ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം അല്ലെങ്കിൽ ഹൈസ്‌കൂൾ/ കോളജ്/ ഇൻസ്‌റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം. 

പരീക്ഷാക്രമവും സിലബസും:

ഡിസംബർ 28,  29 തീയതികളിൽ പ്രിലിമിനറി  ഓൺലൈൻ എഴുത്തുപരീക്ഷ നടത്തും. ലോ ഓഫിസർ, രാജ്‌ഭാഷാ അധികാരി തസ്‌തികകളിൽ റീസണിങ്, ഇംഗ്ലിഷ് ലാംഗ്വേജ്,  ജനറൽ അവയർനെസ് (വിത്ത് സ്‌പെഷൽ റഫറൻസ് ടു ബാങ്കിങ് ഇൻഡസ്‌ട്രി) എന്നീ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. മറ്റു തസ്‌തികകളിലേക്ക് റീസണിങ്, ഇംഗ്ലിഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്‌റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണുണ്ടാവുക. മെയിൻ പരീക്ഷ ജനുവരി 25 നു നടത്തും. പ്രിലിമിനറി പരീക്ഷാക്രമം ഇതോടൊപ്പം പട്ടികയിൽ. പരീക്ഷയ്‌ക്കു നെഗറ്റീവ് മാർക്ക് ബാധകമാണ്. മെയിൻ പരീക്ഷ  സംബന്ധിച്ച വിശദവിവരങ്ങൾ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.

പരീക്ഷാകേന്ദ്രങ്ങൾ:

സംസ്‌ഥാനത്തെ 10 നഗരങ്ങളിലുൾപ്പെടെ  രാജ്യത്തെ ഇരുനൂറിലേറെ കേന്ദ്രങ്ങളിലായാണ് ഓൺലൈൻ പൊതുപരീക്ഷ നടത്തുക. കേരളത്തിൽ (സ്‌റ്റേറ്റ് കോഡ്:28) കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം. ലക്ഷദ്വീപുകാർക്ക് (കോഡ് 29) കവരത്തിയിൽ പരീക്ഷാകേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്കു സംസ്ഥാനത്തു കൊച്ചിയിലും തിരുവനന്തപുരത്തുമാണു പരീക്ഷാകേന്ദ്രം.

ഫീസ് അടയ്‌ക്കേണ്ട വിധം:

അപേക്ഷാ ഫീസ്: 600 രൂപ. പട്ടികവിഭാഗം, വികലാംഗർക്ക് 100 രൂപ മതി. ഡെബിറ്റ് കാർഡ് (റൂപേ, വിസ, മാസ്‌റ്റർ, മാസ്‌ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസടച്ചതിനു ശേഷം ഇ–രസീത് പ്രിന്റെടുക്കണം.

ഓൺലൈൻ അപേക്ഷ:

www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. ഓൺലൈനിൽ അപേക്ഷിക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് ഇ–മെയിൽ ഐഡി ഉണ്ടായിരിക്കണം. ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്യുന്നതിന് അപേക്ഷകന്റെ ഒപ്പ്, പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ എന്നിവ സ്‌കാൻ (ഡിജിറ്റൽ രൂപം) ചെയ്‌തതു വേണ്ടിവരും. വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിർദേശങ്ങൾക്കനുസരിച്ചു  മാത്രം ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്യുക.   അപേക്ഷിക്കുന്നതിനു മുൻപു വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്‌ഞാപനം കാണുക.

Content Summary: IBPS Specialist Officer Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com