ADVERTISEMENT

ദാരിദ്ര്യത്തിന്റെ മുഖമായി ലോകം കണക്കാക്കുന്ന സൊമാലിയ, മതതീവ്രവാദികളുടെ വിളനിലം കൂടിയായിരുന്നു. പരസ്പരം കലഹിക്കുന്ന ഗോത്രങ്ങൾ മതതീവ്രവാദികൾ പിടിച്ചടക്കി. കലാപവും ക്ഷാമവും പകർച്ചവ്യാധികളും ആയിരക്കണക്കിനാളുകളുടെ ജീവനെടുത്തു. ഭീകരരെ വെല്ലുവിളിച്ച്, മുറിവേറ്റവർക്ക് അഭയകേന്ദ്രമായി മാറിയ ഡോ.ഹവാ അബ്ദി ഇന്നും ലോകത്തിന് അത്ഭുതമാണ്.

2010 മേയിൽ ഡോ.ഹവാ അബ്ദി ഫൗണ്ടേഷനു നേരെ തീവ്രവാദികൾ കലാപം അഴിച്ചുവിട്ടു. ഹിസബ് അൽ ഇസ്‌ല എന്ന സംഘടനയായിരുന്നു അത്. ഡോ.അബ്ദിയുടെ ആശുപത്രിയും ഓഫിസ് കെട്ടിടവും മരുന്നു സൂക്ഷിക്കുന്ന കലവറകളും അവർ പിടിച്ചെടുത്തു. ഡോ.അബ്ദിയെ തടവിലാക്കി.

സ്ഥാപനം എഴുതിക്കൊടുക്കണമെന്നു തീവ്രവാദികൾ ഡോക്ടറോട് ആവശ്യപ്പെട്ടു. നിയമപരമായി തനിക്കവകാശപ്പെട്ട ആശുപത്രിയും സ്ഥാപനങ്ങളും എന്തു നിയമത്തിന്റെ പേരിലാണ് അവർക്കു നൽകേണ്ടതെന്നായി ഡോക്ടർ.

ഒരു സ്ത്രീയായ ഹവ അബ്ദി ജോലി ചെയ്യുന്നതായിരുന്നു ഭീകരരെ ചൊടിപ്പിച്ചത്. ആണധികാരത്തിന്റെ ചൊൽപ്പടിക്കുള്ളിൽ തളയ്ക്കപ്പെടേണ്ടവരാണു സ്ത്രീകൾ എന്നാണു ഭീകരർ ഡോക്ടറോടു പറഞ്ഞത്. പക്ഷേ, തീവ്രവാദികൾക്കു മുൻപിൽ തലകുനിക്കാൻ അവർ തയാറായില്ല. ഒടുവിൽ ഭീകരർ അവർക്കു മുൻപിൽ മുട്ടുമടക്കി. ഹവാ അബ്ദിയുടെ ജനകീയതയും നിശ്ചയദാർഢ്യവുമാണു ഭീകരരെ തുരത്തിയത്. ബാല്യത്തിൽ നടന്നു തീർത്ത ദുരിതവഴികളാണു ഹവാ അബ്ദിയുടെ കാലടികൾക്ക് അത്രമേൽ ഉറപ്പുനൽകിയത്.

Hawa-Abdi-with-Daughters

1947 മേയ് 17നു സൊമാലിയയിലെ മൊഗാഡിഷുവിലാണു ഹവാ അബ്ദി ജനിച്ചത്. 12–ാം വയസ്സിൽ അമ്മ മരിച്ചു. ഹവാ അബ്ദിയുടെ ചുമലിലായി കുടുംബം. 4 അനുജത്തിമാരുടെ കാര്യങ്ങൾ നോക്കുന്നതിനിടെയും പഠനം തുടർന്നു.

വിദ്യാർഥിയായിരിക്കെ ഹവാ അബ്ദിയുടെ വിവാഹം നടന്നു. ഹവായെക്കാൾ ഏറെ പ്രായമുള്ള ആളായിരുന്നു വരൻ. യാഥാസ്ഥിതിക മുസ്‍ലിം കുടുംബാംഗമായിരുന്ന ഭർത്താവും വീട്ടുകാരും അവരെ പഠിക്കാനോ ജോലിക്കു പോകാനോ അനുവദിച്ചില്ല. പക്ഷേ, ഹവാ അബ്ദിക്കു വെറുതെയിരിക്കാൻ സാധിക്കുമായിരുന്നില്ല.

1964ൽ സോവിയറ്റ് യൂണിയന്റെ വിമൻസ് കമ്മിറ്റി സ്കോളർഷിപ് ഹവാ അബ്ദിക്കു ലഭിച്ചു. അതോടെ തന്റെ തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്ന് അവർ ഉറപ്പിച്ചു. വീട്ടുകാരും ഭർത്താവും എതിർത്തപ്പോൾ വിവാഹ മോചനം തേടി. തുടർന്നു മോസ്കോയിൽ മെഡിസിൻ പഠനം ആരംഭിച്ചു. 1971ൽ സൊമാലിയയിലെ ആദ്യ ഗൈനക്കോളജിസ്റ്റ് ജനിച്ചു. 1979ൽ സൊമാലിയ നാഷനൽ യൂണിവേഴ്‌സിറ്റിയിൽ നിന്നു നിയമവും പഠിച്ചു.

ഏദൻ മുഹമ്മദ് എന്ന സഹപാഠിയെ വിവാഹംചെയ്തു. ഡെക്കോ, അമിന,അഹ്‌മദ് എന്നിങ്ങനെ 3 മക്കളുണ്ടായി. മകൻ അഹ്‌മദ് ഒരു കാർ ആക്സിഡന്റിലും ഭർത്താവ് ഹെപ്പറ്റൈറ്റിസ് മൂലവും മരിച്ചു. 2 പെൺമക്കളെയും അവർ പഠിപ്പിച്ചു ഡോക്ടർമാരാക്കി.

കുടുംബവകയായി കിട്ടിയ സ്ഥലത്ത് 1983ൽ റൂറൽ ഹെൽത്ത് ഡവലപ്‌മെന്റ്‌ ഓർഗനൈസേഷൻ എന്ന ഒറ്റമുറി ക്ലിനിക് ആരംഭിച്ചു.

199കളിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. പരുക്കേറ്റവരെ ചികിത്സിക്കുന്ന ദൗത്യം ഡോ.അബ്ദി ഏറ്റെടുത്തു. അനാഥക്കുട്ടികൾക്കായി ഒരു ക്ലിനിക്കും സ്കൂളും ആരംഭിച്ചു. 2000–ൽ റൂറൽ ഹെൽത് ഡെവലപ്‌മെന്റ്‌ ഓർഗനൈസേഷന്റെ പേര് ‘ഡോക്ടർ ഹവാ അബ്ദി ഫൗണ്ടേഷൻ’ എന്നാക്കി. 2011ലെ കൊടുംവരൾച്ചയിൽ 90,000 ആളുകൾക്കുള്ള ദുരിതാശ്വാസ ക്യാംപായി സ്ഥാപനം മാറി.

2007ൽ ഹിരാൻ ഓൺലൈനിന്റെ ‘പഴ്‌സൻ ഓഫ്‌ ദി ഇയർ’ അവാർഡും 2010ൽ ‘വുമൻ ഓഫ്‌ ദി ഇയർ’ അവാർഡും അബ്ദിയെ തേടിയെത്തി. 2012ൽ ഹവാ അബ്ദിയുടെ പേരു സമാധാനത്തിനുള്ള ‘നൊബേൽ സമ്മാന’ത്തിനായി നിർദേശിക്കപ്പെടുകയുണ്ടായി. 

Content Summary: Success Story Of Hawa Abdi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com