sections
MORE

തീയിൽ ശരീരം വെന്തു; തോൽക്കാതെ വെട്ടിപ്പിടിച്ചത് അസാധ്യ നേട്ടങ്ങൾ

Turia-Pitt
SHARE

ഓസ്ട്രേലിയയിലെ കിംബേർലി, 2011 സെപ്റ്റംബർ 2. അൾട്രാ മാരത്തണിനായി നാട് ഒരുങ്ങിക്കഴിഞ്ഞു.100 കിലോമീറ്ററാണ് ഓടേണ്ടത്. അധികം ജനവാസമില്ലാത്ത മേഖലകൾ താണ്ടി വേണം ലക്ഷ്യസ്ഥാനത്തെത്താൻ. വിസിൽ മുഴങ്ങി. വലിയ ജനക്കൂട്ടം, ദൂരെ കാത്തിരിക്കുന്ന ലക്ഷ്യസ്ഥാനത്തേക്കു കുതിച്ചു. വലിയകൂട്ടം പതുക്കെ ചെറിയ കൂട്ടങ്ങളായി, പിന്നീട് തീരെ ചെറിയ സംഘങ്ങളായി. പിന്നീടു പലരും ഒറ്റയ്ക്കായി ഓട്ടം.

കിംബേർലി പുൽമേടുകളെ വിഴുങ്ങിക്കൊണ്ട് അപ്രതീക്ഷിതമായാണു കാട്ടുതീ പടർന്നത്. ആ വഴിയാണു കായിക താരങ്ങൾ ലക്ഷ്യസ്ഥാനത്തേക്കു കുതിക്കുന്നത്. ആളിപടർന്ന തീ പലരേയും പൊള്ളിച്ചു. ട്യൂറിയ പിറ്റ് എന്ന പെൺകുട്ടി അഗ്നികൾ തീർത്ത വലയത്തിലകപ്പെട്ടു. പൊള്ളലേറ്റു നിലത്തു വീണു. മരണത്തെ മുഖാമുഖം കണ്ടു.

മണിക്കൂറുകളെടുത്തു ട്യൂറിയയെയും മറ്റു താരങ്ങളെയും ആശുപത്രിയിലെത്തിക്കാൻ. തീ പടർന്നതറിഞ്ഞു മാരത്തൺ സംഘാടകർ ഹെലികോപ്ടറിൽ നടത്തിയ പരിശോധനയിലാണ് അവളെ കണ്ടെത്തിയത്.

Turia_Pitt_Husband
ട്യൂറിയ ഭർത്താവ് മൈക്കിളിനൊപ്പം

ട്യൂറിയയുടെ നില അതീവ ഗുരുതരമായിരുന്നു. 65 ശതമാനം പൊള്ളലേറ്റു. ഒരു മാസത്തോളം കോമയിലായിരുന്നു. സാധാരണ ജീവിതത്തിലേക്ക് ഇനി അവൾക്കു മടങ്ങി വരാനാകില്ലെന്നാണു ഡോക്ടർമാർ പറഞ്ഞത്. 6 മാസം ആശുപത്രിയിൽ കഴിഞ്ഞു. ദേഹമാസകലം പൊള്ളിയതിനു പുറമെ കൈകളിലെ 7 വിരലുകൾ നഷ്ടപ്പെട്ടു. 6 മാസത്തിനിടെ 200 ശസ്ത്രക്രിയകളാണ് അവളുടെ ശരീരത്തിൽ നടത്തിയത്. രണ്ടു വർഷമെടുത്തു സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്താൻ. ആ കാലയളവിലെല്ലാം ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രങ്ങൾ അണിഞ്ഞാണ് അവൾ ജീവിച്ചത്.

ആശുപത്രി വിട്ടിറങ്ങുമ്പോൾ ഡോക്ടർമാർ അവളെ പലതും പറഞ്ഞ് ആശ്വസിപ്പിച്ചു. ഇനിയെന്താണു ഭാവി പരിപാടിയെന്ന് ആരാഞ്ഞ ഒരു ഡോക്ടറോട് അയൺമാൻ കോംപറ്റിഷനിൽ പങ്കെടുക്കുകയാണു ലക്ഷ്യമെന്നു ട്യൂറിയ പറഞ്ഞു. നീന്തലും സൈക്ലിങ്ങും ഓട്ടവുമെല്ലാം ചേർന്നു കഠിമാണ് അയൺമാൻ കോംപറ്റിഷന്റെ കടമ്പകൾ. ട്യൂറിയ കളിയാക്കിയതാണെന്നാണു ഡോക്ടർ കരുതിയത്.

ജീവിതം ട്യൂറിയയ്ക്കു വെറുതെ ഇരുന്നു തീർക്കാനുള്ള ഒന്നല്ലായിരുന്നു. അയൺമാൻ കോംപറ്റിഷനിൽ പങ്കെടുകണമെന്നു ഡോക്ടറോട് അവൾ കളിപറഞ്ഞതുമായിരുന്നില്ല. തീരുമാനം ഗൗരവമുള്ളതാണെന്നു കണ്ട ഭർത്താവു മൈക്കിളും അമ്മയും പ്രോത്സാഹിപ്പിച്ചു. കിടക്കയിൽ തളർന്നിരിക്കുമ്പോൾ, വിരൂപമായി മാറി മുഖത്തു നോക്കി കരച്ചിൽ നിയന്ത്രിക്കാനാകാതെ വരുമ്പോൾ അയൺമാൻ കോംപറ്റിഷനിൽ പങ്കെടുക്കാനുള്ള അവളുടെ ആഗ്രഹത്തിനു കുടുംബം എണ്ണ പകർന്നുകൊണ്ടിരുന്നു.

‌രണ്ടു വർഷത്തിനു ശേഷം 2014 മുതൽ ട്യൂറിയ പരിശീലനം ആരംഭിച്ചു. ചിന്തിച്ചതുപോലെ എളുപ്പമായിരുന്നില്ല കാര്യങ്ങൾ. വേദനകൊണ്ടും തളർച്ചകൊണ്ടും വലഞ്ഞു. എല്ലാം നിർത്തി ചുവരുകൾക്കുള്ളിൽ ഒതുങ്ങാൻ മനസ്സ് സദാ നിർബന്ധിച്ചുകൊണ്ടുമിരുന്നു. പക്ഷേ, അവളുടെ നിശ്ചയദാർഢ്യം അതിനെയെല്ലാം അതിജീവിച്ചു. അങ്ങനെ 2016ൽ സകലരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ അയൺമാൻ കോംപറ്റീഷൻ വിജയകരമായി പൂർത്തിയാക്കി.

1987 ജൂലായ്‌ 24നു ഫ്രാൻസിലാണു ട്യൂറിയ പിറ്റ് ജനിച്ചത്. അവൾക്കു 3 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ ഓസ്‌ട്രേലിയയിലേക്കു കുടിയേറി. ചെറുപ്പംമുതൽ പഠനത്തിലും കായികരംഗത്തും ട്യൂറിയ മിടുക്കിയായിരുന്നു. സ്കൂൾ പഠനത്തിനുശേഷം മൈനിങ്‌ എൻജിനീയറിങ്ങിൽ ബിരുദം നേടി. ഇക്കാലയളവിൽ മോഡലിങ്ങിലും അത്‌ലറ്റിക്സിലും ചുവടുറപ്പിച്ചു. അങ്ങനെയാണു കിംബേർലി മാരത്തണിലേക്ക് എത്തുന്നത്.

വിധി അവളെ തകർക്കാൻ ശ്രമിച്ചിട്ടും തളരാതിരുന്നതിന്റെ പ്രധാന കാരണമായി ട്യൂറിയ പറയുന്നതു ഭർത്താവ് മൈക്കിളിനെക്കുറിച്ചാണ്. അപകടം സംഭവിക്കുമ്പോൾ 24 വയസ്സാണു ട്യൂറിയയ്ക്ക്. ബാല്യകാല സുഹൃത്തും പൊലീസ് ഓഫിസറുമായ മൈക്കിളുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. പൊള്ളലേറ്റ് വെന്തുരുകിയിട്ടും ട്യൂറിയയെ മൈക്കിൾ കൈവിട്ടില്ല. അതായിരുന്നു അവളെ താങ്ങി നിർത്തിയത്. 2 വർഷം മുഖംമൂടിക്കുള്ളിൽ ഒളിച്ചുവച്ച മുഖം ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാൻ അവൾക്കു ധൈര്യം പകർന്നതും മൈക്കിളാണ്.

‘അൺമാസ്ക്‌ഡ്‌’, ‘ഗുഡ്‌ സെൽഫി’ തുടങ്ങിയവ ട്യൂറിയുടെ പുസ്തകങ്ങളാണ്‌. ‘ഇന്റർപ്ലാസ്റ്റ്‌ ഓസ്‌ട്രേലിയ ആൻഡ്‌ ന്യൂസീലൻഡി’ന്റെ അംബാസഡറാണ്. 2014ൽ ‘വുമൻ ഓഫ്‌ ദി ഇയർ’ ആയി രാജ്യം ട്യൂറിയയെ തിരഞ്ഞെടുത്തു. 

Success Story of Turia Pitt

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA