ADVERTISEMENT

പേരിൽ ചരിത്രവും ചരിത്രത്തിൽ പേരും ഉണ്ട് ഡോ.ആസാദ് മൂപ്പന്. പേരിലെ മൂപ്പൻ സ്ഥാനത്തിന്റെ ചരിത്രം വില്യം ലോഗന്റെ മലബാർ മാനുവലിലും പരാമർശിച്ചിട്ടുണ്ട്. മുള്ളിയാർ കുറിശ്ശിയിൽ വെട്ടത്തുനാട് രാജാവിന്റെ വിശ്വസ്തരായിരുന്ന, ഇസ്ലാംമതം സ്വീകരിച്ച പൂർവികർക്ക് അദ്ദേഹം മൂപ്പൻ സ്ഥാനം നൽകി. മലപ്പുറം തിരൂർ കൽപകഞ്ചേരി എന്ന ഗ്രാമവും രാജാവ് അവകാശമായി പതിച്ചു നൽകിയിരുന്നു. ടിപ്പുവിന്റെ  കാലത്ത് കരംപിരിവിന്റെ അവകാശവും മൂപ്പന്മാർക്കു ലഭിച്ചു. എന്നാൽ ടിപ്പുവിന്റെ അപ്രീതിക്കു പാത്രമായി ഏലൂരിലേക്ക് പലായനം ചെയ്ത് തിരുവിതാകൂർ രാജാവിന്റെ പക്കൽ അഭയം പ്രാപിക്കേണ്ടിവന്നു കുടുംബക്കാർക്ക്. പിന്നീട് ടിപ്പുവിനെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയപ്പോൾ ഒരുവിഭാഗം കൽപകഞ്ചേരിയിലേക്കു മടങ്ങി. ആ തറവാട്ടിലെ ഇളമുറക്കാരൻ അഹമ്മദ് ഉണ്ണി മൂപ്പൻ (ആസാദ് മൂപ്പന്റെ പിതാവ്) പിന്നീട് ഇന്ത്യൻ സ്വാതന്ത്യസമരത്തിലും പങ്കെടുത്തു. പിതാവിന് ലഭിച്ച ആദരം കണ്ടുവളർന്ന ബാല്യമാണ് ഡോ.ആസാദ് മൂപ്പന്റേത്. പിതാവിനായി പത്രം ഉറക്കെ വായിച്ചു വളർന്നു. അദ്ദേഹത്തിനായി കണക്കുകൾ എഴുതി. പ്രതിപുരുഷനായി വിവാഹവീടുകളിൽപ്പോലും സ്ഥാനിയായി. ഒടുവിൽ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഡോക്ടറുമായി. 1978-ൽ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് സ്വർണ മെഡലോടെ പാസ്സായി പഠനത്തിലും മൂപ്പൻ സ്ഥാനം നിലനിർത്തി. ജനറൽ മെഡിസിനിൽ എംഡി പഠനം തുടരും മുമ്പ് ചെസ്റ്റ് ഡിസീസിൽ ഡിപ്ലോമ നേടി. എംഡി നേടി മെഡിക്കൽ കോളജിൽത്തന്നെ മികച്ച അധ്യാപകനായി. 

പിതാവിനെപ്പോലെ നാട്ടുകാര്യത്തിലും ഇടപെട്ട്  ഒരു പള്ളിനിർമാണത്തിനു പണപ്പിരിവിനായി 1987ൽ ദുബായിൽ എത്തിയതാണ്. അതു മറ്റൊരു ചരിത്രത്തിന്റെ തുടക്കമായി. അജ്മാനിൽ ഡോ. അലിയുടെ അടുത്തുപോയ ഡോ.ആസാദ് മൂപ്പനെ അദ്ദേഹം തന്റെ സഹപ്രവർത്തകനാകാൻ ക്ഷണിച്ചു. തുടർന്ന് 5 വർഷത്തെ അവധിയെടുത്ത്  അജ്മാനിലേക്കു വന്നു. ഡോ. മൂപ്പന്റെ കഴിവുകൾ കണ്ട ഡോ. അലി തന്നെയാണ് ദുബായിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറഞ്ഞത്. ആദ്യം ഒന്നമ്പരന്നെങ്കിലും 1987 ഡിസംബർ 11ന് ദുബായ്  അൽ റാഫയിൽ തുറമുഖത്തിനടുത്ത് ചെറിയൊരു ക്ലിനിക് തുടങ്ങി. ഉറങ്ങാൻ മറന്നുപോയ നാളുകൾ.  വളർച്ചയുടെ ഗ്രാഫ് മുകളിലേക്ക് ഉയരാൻ തുടങ്ങി. ക്ലിനിക്കുകളിൽനിന്ന് ആശുപത്രികളും മെഡിക്കൽ കോളജുമായി അതു വളർന്നു.

2008ൽ സ്വകാര്യ ഇക്വിറ്റി കമ്പനി ഡോ.ആസാദ് മൂപ്പന്റെ ആസ്തി കണക്കാക്കിയത് 400 കോടി രൂപയെന്നാണ്. 2012ൽ അമേരിക്കൻ കമ്പനിയായ ഒളിംപസിന്റെ വിലയിരുത്തലിൽ അത് 1800കോടി രൂപയായി. കഴിഞ്ഞ വർഷം  നിക്ഷേപസമാഹരണത്തിന്  ആസ്റ്റർ ഓഹരി വിപണിയിലുമിറങ്ങി. ഇപ്പോഴത്തെ ആകെ ആസ്തി 8000 കോടി രൂപയാണ്. പ്രയത്ന വർഷങ്ങൾ  33-ാം വയസ്സിലേക്ക് കടക്കുമ്പോഴുള്ള വളർച്ചയുടെ ചുരുക്കെഴുത്ത് ഇതാണ്. വന്ന വഴികളിലേക്കും പോകാനുള്ള പാതയിലേക്കും നോക്കുകയാണ് ഡോ.ആസാദ് മൂപ്പൻ.

നാട്ടിൽനിന്നു വന്നപ്പോൾ ഈ വളർച്ച സ്വപ്നം കണ്ടിരുന്നോ?

MEDICITY HOSPITAL

എല്ലാം ദൈവനിശ്ചയമാണെന്നു തോന്നിയിട്ടുണ്ട്. പലപ്പോഴും നമ്മൾ അറിയാതെ നമ്മൾക്കു നിശ്ചയിച്ച പാതയിലൂടെ പോകുകയാണെന്നു  തോന്നാറുണ്ട്. സ്വാഭാവികമായും കച്ചവടക്കാരാനാകേണ്ടിയിരുന്ന ആളാണ് ഞാൻ. അതുമല്ലെങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങിയേനെ. 7 മക്കളിൽ ഞാൻ മാത്രമാണ് ഡോക്ടറായത്. കൽപ്പകഞ്ചേരി സ്കൂളിൽ പഠിക്കുമ്പോൾ സമരത്തിൽ പങ്കെടുത്തതുകൊണ്ട് പിതാവ് കോഴിക്കോട്ടെ സ്കൂളിലേക്കു മാറ്റി. അതൊരു നിമിത്തമായി. ഫറൂഖ് കോളജിൽ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായി സമരത്തിൽ പങ്കെടുത്ത് കെഎസ്‌യുക്കാരുടെ തല്ലുകൊണ്ട് ആശുപത്രിയിൽ കിടന്നത് മറ്റൊരു നിമിത്തം. പഠനം ഗൗരവമായി എടുത്തത് അതിനു ശേഷമാണ്. ചെയ്യുന്ന കാര്യത്തിൽ നൂറു ശതമാനം അർപ്പണബോധം കാണിച്ചാൽ വിജയിക്കുമെന്ന് ഉറപ്പാണ്.

അൽ റാഫയിലെ ആദ്യ ക്ലിനിക്കിൽനിന്ന് ആസ്റ്റർ എന്ന വലിയ ഗ്രൂപ്പിലേക്കുള്ള വളർച്ച?

ക്ലിനിക്കിനു മുകളിൽതാമസവും താഴെ ചികിത്സയുമായിരുന്നു. ശരിക്കും അധ്വാനത്തിന്റെ നാളുകളായിരുന്നു അത്. നല്ല പേരു കിട്ടി. പ്രാക്ടീസും വർധിച്ചു. ദിവസം നൂറുപേരെയെങ്കിലും ചികിത്സിക്കുമായിരുന്നു. അവധിദിനമായ ചൊവ്വാഴ്ച അരദിവസം സൗജന്യ ചികിത്സ നടത്തുമായിരുന്നു. സ്പോൺസറായ ജമാദ് മാജിദ് കൽഫാന്റെ ഉറച്ച പിന്തുണയും കിട്ടി. പിന്നീട് അൽക്കോസ്, ക്രീക്ക്, നായിഫ് എന്നിങ്ങനെ പലയിടത്ത് പലപേരുകളിലായിരുന്നു ക്ലിനിക്കുകൾ തുടങ്ങിയത്. ഇതിനൊപ്പം ഫാർമസിയും തുടങ്ങി. അബ്ദു റഹ്മാൻ എന്ന ആളിനൊപ്പമാണ് തുടങ്ങിയത്. 2008ലാണ് ബ്രാൻഡിങ് തുടങ്ങിയത്. അതാണ് ആസ്റ്റർ.

ആസ്റ്റർ എന്ന പേര് ? 

2006ൽ അൽ റാഫയിൽ ആദ്യ ആശുപത്രി തുടങ്ങി. പിന്നീട് മൻകൂളിൽ 20 കിടക്കകളുള്ള ആശുപത്രിയായി. 2008 ആയപ്പോഴേക്കും  20 ക്ലിനിക്കും 30 ഫാർമസിയും ഉണ്ടായിരുന്നു. 2008ൽ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഇന്ത്യ വാല്യൂ ഫണ്ട് ആണ് നിക്ഷേപത്തിനു തയാറായി വന്നത്. 400 കോടി രൂപ ആസ്തി കണക്കാക്കി 25% അവർ നിക്ഷേപം നടത്തി. മാർക്കറ്റ് ഗേജ് എന്ന ബ്രാൻഡിങ് സ്ഥാപനം ആണ് ആസ്റ്റർ എന്ന പേര് നിർദ്ദേശിച്ചത്.  പറയാനും എഴുതാനും എളുപ്പമുള്ള, ന്യൂട്രൽ ആയ പേര്. ആസ്റ്റർ ഒരു പൂവിന്റെ, നക്ഷത്രത്തിന്റെ പേരാണ്.  ആ പേരിലേക്കു മാറ്റാൻ എന്റെ കൂടെയുള്ള പലർക്കും മടിയായിരുന്നു. മൂപ്പൻസ് എന്ന പേരുമതിയെന്ന് പലരും നിർബന്ധം പിടിച്ചു. 3 മാസമെടുത്തു എല്ലാവരെയും ബോധ്യപ്പെടുത്താൻ. മെഡ് കെയർ എന്ന, അൽപം കൂടി ഉയർന്നതലത്തിലുള്ള ആശുപത്രികൾ നിർമിക്കാൻ തുടങ്ങിയത് 2008 ലാണ്. സഫ പാർക്കിലായിരുന്നു ആദ്യ സ്ഥാപനം. 2012 ൽ വീണ്ടും അമേരിക്കൻ ഇക്വിറ്റി കമ്പനിയായ ഒളിംപസ് നിക്ഷേപത്തിന് തയ്യാറായി വന്നു. സൗദിയിലും ഒമാനിലുമെല്ലാം ആശുപത്രികൾ തുടങ്ങുന്നത് അപ്പോഴാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ മുംബൈ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു.

ഇന്നിപ്പോൾ എത്ര സ്ഥാപനങ്ങൾ, എവിടെല്ലാം?

ആരോഗ്യരംഗത്ത് ഏഷ്യയിലെ ഏറ്റവും വലിയസ്ഥാപനങ്ങളിലൊന്നാണ് ആസ്റ്റർ. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി 25 ആശുപത്രികൾ, 116 ക്ലിനിക്കുകൾ, 238 ഫാർമസികൾ. വയനാട്ടിൽ മെഡിക്കൽ കോളജും. ജിസിസിയിൽ ഏറ്റവുമധികം പോളിക്ലിനിക്കുകൾ, മെഡിക്കൽ സെന്ററുകൾ, ഫാർമസികൾ എന്നിവ ആസ്റ്ററിനാണ്. 2971 ഡോക്ടർമാരും 6531 നഴ്സുമാരും ഉൾപ്പടെ 20500ൽ അധികം ജീവനക്കാരുണ്ട്. ആശുപത്രികളിൽ ആകെ 4794 കിടക്കകൾ. 9 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. വിവിധ രാജ്യങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നു.

കേരളത്തിൽ? 

2001ലാണ് കോഴിക്കോട് മിംസ് തുടങ്ങുന്നത്. അറുപതോളം പേർ ചേർന്നാണ് ആരംഭിച്ചത്. അന്ന് ആൻജിയോ പ്ലാസ്റ്റി ഉൾപ്പടെയുള്ള സൗകര്യങ്ങളുമായാണു തുടങ്ങിയത്. 2012ൽ കൊച്ചിയിൽ 42 ഏക്കർ വാങ്ങി ആസ്റ്റർ മെഡ്സിറ്റി തുടങ്ങി. കോട്ടയ്ക്കലും കണ്ണൂരും മിംസ് ഉണ്ട്.  ലാഭേച്ഛയില്ലാതെ 2011ൽ ആരംഭിച്ചതാണ് വയനാട് മെഡിക്കൽ കോളജ്.

ഭാവി പരിപാടികൾ ? 

2022ൽ  35-ാം വർഷത്തിൽ ദൈനംദിന ഭരണത്തിൽനിന്നു മാറി നയരൂപീകരണത്തിലും സന്നദ്ധപ്രവർത്തനമേഖലയിലും സജീവമാകാനാണ് തീരുമാനം. അപ്പോൾ എഴുപത് വയസ്സാകും. സമൂഹത്തിനു തിരികെ നൽകേണ്ട സമയമാണ്. സ്ഥാപനത്തിൽ അടുത്ത തലമുറയെ ഭരണത്തിനു പ്രാപ്തരാക്കിക്കൊണ്ടിരിക്കുന്നു.

സ്വകാര്യ സ്വത്തിന്റെ 20% സാമൂഹിക സേവനത്തിനെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ആസ്റ്റർ വളന്റിയേഴ്സ് എന്ന സന്നദ്ധ വിഭാഗത്തിന്റെ പ്രവർത്തനത്തിൽ കൂടുതൽ സജീവമാകും. ഇപ്പോൾ 18000 പേർ പ്രവർത്തിക്കുന്നു, അത് അര ലക്ഷമാക്കും. ആലംബഹീനർക്കുള്ള ഭവനപദ്ധതിയായ ആസ്റ്റർ ഹോംസ് കേരളത്തിൽ 6 ജില്ലയിലായി 100 വീടുകൾ നിർമിച്ചു നൽകി, 250 എണ്ണമാക്കും. ഉൾഗ്രാമങ്ങളിൽ മൊബൈൽ ക്ലിനിക്കുകളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com