ADVERTISEMENT

നൈജീരിയയിലെ എസാക്ക എന്ന ഗ്രാമം.1756. ഒലൗഡോ ഇക്വിയാനോയും കുഞ്ഞനുജത്തിയും മാത്രമേ അന്നു വീട്ടിലുള്ളു. സാധാരണ ഗതിയിൽ മുതിർന്നവർ ജോലിക്കു പോകുമ്പോൾ അയൽവക്കത്തെ കുട്ടികൾക്കൊപ്പം കളിക്കുകയാണു പതിവ്. പക്ഷേ, അന്ന് അയലത്തൊന്നും ആരുമില്ല. സമയം ഉച്ച കഴിഞ്ഞു. ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് അവരുടെ വീടിന്റെ മതിൽകെട്ടിനുള്ളിലേക്ക് ഒരു സ്ത്രീയും രണ്ടുയുവാക്കളും അതിക്രമിച്ചെത്തി. അതിലൊരു മുഖം ഒലൗഡോയ്ക്ക് അറിയാം.

ഒരാഴ്ച മുൻപാണ്, മുതിർന്നവരെല്ലാം ജോലിക്കുപോയനേരം. കുഞ്ഞുങ്ങളെല്ലാം അയലത്തെ ഒരു വീട്ടിൽ ഒത്തുകൂടി. ഒലൗഡോയും ഒരു കൂട്ടുകാരനും സമീപത്തുള്ള മരത്തിന്റെ മുകളിലാണ്. കാവലാണ് അവരുടെ ജോലി. കുട്ടികളെ തട്ടിയെടുത്ത് അടിമയായി വിൽക്കുന്നവരാണു വില്ലൻമാർ. തൊട്ടടുത്ത വീട്ടിലേക്ക് ഒരു ചെറുപ്പക്കാരൻ കയറി പോകുന്നത് അവൻ കണ്ടു. ആ വിട്ടിൽ നിന്ന് ഒരു കൊച്ചുകുട്ടിയെ തട്ടിയെടുത്തു രക്ഷപ്പെടാൻ ശ്രമിക്കുന്നു. ഒലൗഡോ അലറി വിളിച്ചു. സമീപത്തുണ്ടായിരുന്ന മുതിർന്നവർ ഓടിയെത്തി. തട്ടിക്കൊണ്ടു പോകാൻ വന്നവനെ നാട്ടുകാർ കണക്കിനു കൈകാര്യം ചെയ്തു. ഒലൗഡോയെ പകയോടെ നോക്കിയാണ് അയാൾ അവിടെ നിന്നു പോകുന്നത്.

അതേ പക ഇന്ന് അലൗഡോയുടെ വീട്ടിൽ അതിക്രമിച്ചു കയറിയപ്പോഴും അയാളുടെ കണ്ണുകളിലുണ്ട്. ഒന്ന് ഒച്ചവയ്ക്കാൻ പോലുമായില്ല. കുതറി ഓടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാരിരുമ്പുപോലെ തോന്നി അവരുടെ കൈക്കരുത്ത്. ഒലൗഡോയെയും സഹോദരിയേയും  ബലമായി എടുത്ത് അവർ തൊട്ടടുത്ത കാട്ടിലേക്ക് ഓടി. അവിടെ മരങ്ങൾക്കിടയിൽ വച്ച് അവരുടെ  കൈകളും കാലുകളും ബന്ധിച്ചു. ഒരു പഞ്ഞിച്ചാക്കു കണക്കെ അവരെ തോളിലേക്കെടുത്തിട്ട് ആ മൂവർ സംഘം നടന്നു. തുടർന്ന്  അടിമച്ചന്തയിലെത്തിച്ച്  ഇരുവരെയും അവർ വിറ്റു. അപ്പോൾ ഒലൗഡോയ്ക്കു പ്രായം 11.

പിന്നീടു പല രാജ്യങ്ങളിലേക്കു പേരില്ലാതെ ആ അടിമ സഞ്ചരിച്ചു. വെർജീനിയയിൽ വച്ച് മൈക്കിൾ പാസ്കൽ എന്ന വ്യാപാരി ഒലൗഡോയെ വിലയ്ക്കു വാങ്ങി. അധികം വൈകാതെ പാസ്കൽ ബ്രിട്ടനിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് അവനെ അയച്ചു. അവിടെ വച്ച് അവൻ ഇംഗ്ലീഷ് എഴുതാനും കണക്കുകൂട്ടാനും പഠിച്ചു. അവർ അവനെ മാമോദീസ മുക്കി. അധികം കഴിയാതെ ഒലൗഡോയെ സ്വതന്ത്രനാക്കാം എന്നു പാസ്കൽ അവനോടു പറഞ്ഞിരുന്നു. എന്നാൽ ഒരു ദിവസം അയാൾ അവനെ ക്യാപ്ടൻ ജെയിംസ് ഡോറൻ എന്നയാൾക്കു വിറ്റു. പിന്നെയും പലവട്ടം അവൻ പലരുടെയും കൈകളിലൂടെ നീങ്ങി. കപ്പലിലും കരയിലും കഠിനമായി ജോലി ചെയ്തു. വാക്കുകളാൽ പറഞ്ഞറിയിക്കാനാകാത്ത സാഹചര്യങ്ങളിലൂടെയാണ് അയാൾ സഞ്ചരിച്ചത്. 1763ൽ റോബർട്ട്‌ കിങ്‌ എന്ന അമേരിക്കക്കാരൻ അവനെ വാങ്ങി. കപ്പലിലായിരുന്നു പ്രധാന ജോലി. എഴുതാനും വായിക്കാനും കണക്കുകൂട്ടാനുമുള്ള ഒലൗഡോയുടെ കഴിവു തിരിച്ചറിഞ്ഞ അദ്ദേഹം അവനെ തന്റെ ക്ലർക്കായി നിയമിച്ചു.

നന്നായി എഴുതാനും വായിക്കാനും റോബർട്ട്‌ അവനെ പഠിപ്പിച്ചു. കച്ചവടത്തിന്റെ ബാലപാഠങ്ങളും പഠിപ്പിച്ചു. ഒലൗഡോയ്ക്ക് 20 വയസ്സായി. ഒരു ദിവസം റോബർട്ട് കിങ് അവനോടു പറഞ്ഞു.

ഞാൻ നിന്നെ സ്വതന്ത്രനാക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ, നിന്നെ ഞാൻ വാങ്ങിയതു 40 പൗണ്ടിനാണ്. ആ പണം എനിക്കു തിരിച്ചു തരണം.

1766ൽ ഒലൗഡോ സ്വതന്ത്രനായി. തുടർന്നു ധാരാളം കടൽ യാത്രകൾ നടത്തി, കച്ചവടം ചെയ്തു. ലണ്ടനിൽ സ്ഥിരതാമസമാക്കി. 1780ൽ അടിമത്തത്തിനെതിരേ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കാളിയായി. 1789ൽ ‘ദി ഇന്ററസ്റ്റിങ്‌ നരേറ്റീവ്‌ ഓഫ്‌ ദ് ലൈഫ്‌ ഓഫ്‌ ഒലൗഡോ ഇക്വിയാനോ’ എന്ന പേരിൽ ആത്മകഥ രചിച്ചു. പുസ്തകത്തിലൂടെ അടിമത്തത്തിന്റെ ഭീകരത അയാൾ ലോകത്തോടു വിളിച്ചു പറഞ്ഞു.  ‘സൺസ്‌ ഓഫ്‌ ആഫ്രിക്ക’ എന്ന പേരിൽ, കറുത്ത വർഗക്കാരുടെ മോചനത്തിനായി രൂപംകൊണ്ട സംഘടനയുടെ അമരക്കാരനായി ഒലൗഡോ മാറി. 1807ൽ ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ ‘സ്ലേവ്‌ ട്രേഡ്‌ ആക്ട്‌’ പാസാക്കിയപ്പോൾ പ്രധാന കാരണമായത് ഒലൗഡോയുടെ അത്മകഥയാണ്. 1797ൽ ഇംഗ്ലണ്ടിൽ അദ്ദേഹം മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com