ADVERTISEMENT

അമേരിക്കയിൽ വർണ വിവേചനത്തിന്റെ അലകൾ ആഞ്ഞടിക്കുന്ന കാലം. ആഫ്രിക്കൻ-അമേരിക്കൻ വനിതകൾക്കു ജോലിസാധ്യത പരിമിതമായിരുന്നു. ഏറിയാൽ കറുത്ത വർഗക്കാരുടെ സ്കൂളിൽ ഒരു അധ്യാപിക. പക്ഷേ, അതിലും ഉന്നതങ്ങളിലെത്താൻ ആഗ്രഹിച്ച ഒരു പെൺകുട്ടിയുണ്ടായിരുന്നു. നക്ഷത്രങ്ങളെ സ്വപ്നം കണ്ട ഒരു പെൺകുട്ടി. താരകങ്ങൾക്കിടയിലേക്കുള്ള മനുഷ്യന്റെ കുതിപ്പിന് അവൾ നിർണായക സംഭാവന നൽകിയ കഥയാണിത്. കാതറിൻ ജോൺസൻ എന്നായിരുന്നു അവളുടെ പേര്.

വെസ്റ്റ് വെർജീനിയയിലെ വൈറ്റ് സൾഫർ സ്പ്രിങ്ങിൽ 1918 ഓഗസ്റ്റ് 16നായിരുന്നു കാതറിന്റെ ജനനം. കണക്കിനോടും സംഖ്യകളോടും കൂട്ടുകൂടിയായിരുന്നു വളർച്ച. ചെറുപ്രായത്തിൽ തന്നെ ഗണിതശാസ്ത്രത്തിൽ അപാരമായ വൈഭവം ഈ കൊച്ചു മിടുക്കി പ്രകടിച്ചു. വെർജീനിയ പബ്ലിക് സ്കൂളിൽ കണക്കും ഫ്രഞ്ചും സംഗീതവും പഠിച്ചു. അതേ സ്കൂളിൽ തന്നെ കണക്ക് അധ്യാപികയായി ജോലിയിലും പ്രവേശിച്ചു.

1953ൽ ജീവിതം മാറ്റിമറിച്ചുകൊണ്ടാണു ലാംഗ്‌ലി റിസർച്ച് സെന്ററിൽ നിന്നു വിളിയെത്തുന്നത്. ദോരേത്തി വോഗന്റെ കീഴിൽ കാതറിൻ ജോലിയിൽ പ്രവേശിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം കാതറിൻ ജോൺസനെ ഫ്ലൈറ്റ് റിസർച്ച് ഡിവിഷനിലേക്കു മാറ്റി. 1956ൽ ഭർത്താവ് ജയിംസ് മരിച്ചതോടെ മൂന്നു മക്കളും കാതറിനും ഒറ്റയ്ക്കായി.

പിറ്റേവർഷം നാസയിലെ എൻജിനീയറിങ് വിഭാഗത്തെ സഹായിക്കാനുള്ള അവസരം കാതറിനു ലഭിച്ചു. 1957ൽ സോവിയറ്റ് യൂണിയൻ സ്പുട്നിക് 1 വിക്ഷേപണം നടത്തിയതോടെ മുതൽ ബഹിരാകാശരംഗത്ത് ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ നാസയ്ക്കൊപ്പം പ്രവർത്തിക്കുയെന്നതായിരുന്നു ജോൺസനു കിട്ടിയ ഉത്തരവാദിത്വം.

ഭ്രമണ പഥത്തിന്റെ നിർണയം മുതൽ ലക്ഷ്യസ്ഥാനത്തെത്തുന്ന സമയംവരെ നിർണയിക്കാനുള്ള ഉത്തരവാദിത്തപ്പെട്ട ജോലിയിലേക്കാണു കാതറിൻ എത്തപ്പെട്ടത്. ഫ്ലൈറ്റ് റിസർച്ച് ഡിവിഷനിലെ എൻജിനീയറിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ആദ്യത്തെ കറുത്തവർഗക്കാരിയായിരുന്നു കാതറിൻ.

അവിടെ പക്ഷേ, കാതറിനെ കാത്തിരുന്നത് അവഗണനയായിരുന്നു. ചായ കോപ്പ മുതൽ ശുചിമുറി വരെ കറുത്തവർക്കും വെളുത്തവർക്കുമെന്നു വേർതിരിച്ചിരുന്നു. ജോലി സ്ഥലത്തുനിന്ന് അര കിലോമീറ്റർ വരെ സഞ്ചരിച്ചായിരുന്നു പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചിരുന്നത്. കാതറിന്റെ ജോലിയിലെ നിർണായക കണ്ടെത്തലുകൾ പോലും മറ്റുപലരുടെയും പേരിലാണു കുറിക്കപ്പെട്ടത്. ജോലിയോടുള്ള ഇഷ്ടക്കൂടുതൽ അതിലൊന്നും തകർന്നുപോകാതെ കാതറിനെ പിടിച്ചു നിർത്തി. കാതറിനിലെ പ്രതിഭ അനിവാര്യമായതിനാൽ വെളുത്തവർഗക്കാർക്ക് അവളെ ഒരിക്കലും മാറ്റിനിർത്താനുമായില്ല.

1961ൽ ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ അമേരിക്കക്കാരൻ അലൻ ഷെപ്പേർഡിന്റെ യാത്രാപഥം നിർണയിക്കുന്നതിൽ കാതറീൻ ജോൺസൺ പ്രധാന പങ്കുവഹിച്ചു. തൊട്ടടുത്തവർഷം ജോൺ ഗ്ലെൻ ബഹിരാകാശയാത്ര നടത്തുമ്പോൾ കംപ്യൂട്ടറുകൾ രംഗം കീഴടക്കിയിരുന്നു.

യാത്രാ പഥത്തിന്റെ നിർണയത്തിലും തീരുമാനത്തിലുമെല്ലാം വലിയ പങ്കുവഹിച്ചെങ്കിലും അവസാന ഘട്ടമായപ്പോഴേക്കും കാതറിനെ തിരികെ ലാംഗ്‌ലി റിസർച്ച് സെന്ററിലേക്കു മാറ്റി. പക്ഷേ, കാലം കാതറിനെന്ന പ്രതിഭയുടെ വില ലോകത്തിനു കാണിച്ചു കൊടുത്തു.

കാതറിൻ ജോൺസൻ യാത്രാപഥത്തിന്റെ കൃത്യത പരിശോധിക്കാതെ താൻ യാത്ര ചെയ്യില്ലെന്നു ജോൺ ഗ്ലെൻ തീർത്തു പറഞ്ഞു. അധികൃതർക്കു മുന്നിൽ മറ്റു വഴികളില്ലാതെ വന്നു. ഇറങ്ങിവിട്ട സ്ഥലത്തേക്കു രാജ്ഞിയെപ്പോലെ കാതറിനെ തിരികെയെത്തിച്ചു. യന്ത്രങ്ങൾക്കു തെറ്റിയാലും കാതറിനു തെറ്റില്ലെന്നു ഗ്ലെന്നിന് അത്രമേൽ ഉറപ്പുണ്ടായിരുന്നു. കാതറിൻ കണക്കുകൂട്ടി യാത്രാപഥം നിർണയിച്ചു. കംപ്യൂട്ടറിൽ കണക്കുകൂട്ടിയതിൽനിന്നു കടുകിടമാറിയില്ല. ഉപഗ്രഹ വിക്ഷേപണത്തിൽ അത്രമേൽ അവഗാഹമായിരുന്നു കാതറിന്.

1969ൽ മനുഷ്യന്റെ ചന്ദ്രയാത്രയിലും നിർണായകമായ പങ്കുവഹിക്കാൻ കാതറീനായി. ചന്ദ്ര ദൗത്യസംഘത്തോട് അവർ പറഞ്ഞു, ‘ നിങ്ങളെ അവിടെയെത്തിക്കുവാനുള്ള വഴി ഞാൻ തയാറാക്കിയിട്ടുണ്ട്, നിങ്ങളവിടെയെത്തുമ്പോഴേക്കും ചന്ദ്രനവിടെയുണ്ടാകും’. 1986ൽ കാതറിൻ നാസയിൽനിന്നു വിരമിച്ചു. 2015ൽ പ്രസിഡന്റ് ഒബാമ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി കാതറിനെ ആദരിച്ചു.

ഹിഡൻ ഫിഗേഴ്സ് എന്ന പുസ്തകത്തിൽ കാതറിൻ ജോൺസന്റെ ജീവിതം കുറിച്ചിട്ടുണ്ട്. അതേ പേരിൽ പിൽക്കാലത്ത് അവരുടെ ജീവിതം സിനിമയുമായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com