ADVERTISEMENT

ലക്ഷങ്ങൾ മാറ്റുരയ്ക്കുന്ന എൽഡി ക്ലാർക്ക് പരീക്ഷയിലെ ഒന്നാം റാങ്ക്  ഉൾപ്പെട‌െട 15ൽ അധികം റാങ്ക് ലിസ്റ്റുകളിൽ മികച്ച നേട്ടം, കൈ നിറയെ നിയമനശുപാർശകൾ; കഷ്ടപ്പെട്ടു പഠിച്ചതിന്റെ  ഗുണം ഒന്നൊന്നായി വിവരിക്കുന്നു ശ്രീകാന്ത്. വിജയങ്ങൾ പടിവാതിൽക്കൽ എത്തിയപ്പോൾ ഏതു  തിരഞ്ഞെടുക്കണമെന്ന കൺഫ്യൂഷൻ. ഒടുവിൽ സർവകലാശാല അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നു ലഭിച്ച നിയമനശുപാർശയുടെ അടിസ്ഥാനത്തിൽ ആരോഗ്യ സർവകലാശാലയിൽ ജോലിയിൽ പ്രവേശിച്ചു.  അന്തർ സർവകലാശാല മാറ്റം വഴി  എംജി സർവകലാശാലയിൽ അസിസ്റ്റന്റാണിപ്പോൾ ശ്രീകാന്ത്.  

കൃത്യമായ ടൈംടേബിൾ അനുസരിച്ചാണ് ശ്രീകാന്ത് പിഎസ്‌സി പരീക്ഷകൾക്കായി പരിശീലനം നടത്തിയിരുന്നത്. കുറച്ചു പൊതുവിജ്ഞാനം സ്വന്തമാക്കിയാൽ മാത്രം പിഎസ്‌സി പരീക്ഷകളിൽ ശോഭിക്കാനാവില്ല. സിലബസ് വ്യക്തമായി അറിഞ്ഞുതന്നെ പഠനം ആസൂത്രണം ചെയ്യണമെന്നാണ് ശ്രീകാന്തിന്റെ അഭിപ്രായം. 

കൊല്ലം കൊറ്റൻകുളങ്ങരയിലെ ഗൈഡൻസ് എന്ന പിഎസ്‌സി കോച്ചിങ് സ്ഥാപനത്തിൽ പരിശീലനം നേടിയത് മികച്ച റാങ്കുകൾ കരസ്ഥമാക്കുന്നതിൽ സഹായിച്ചെന്നു പറയുന്നു ശ്രീകാന്ത്.  കോച്ചിങ്ങിനു ശേഷം കംബൈൻഡ് സ്റ്റഡിയുമുണ്ടായിരുന്നു.  അറിവുകൾ പങ്കുവച്ചു പഠിക്കുന്നതിനാൽ കംബൈൻഡ് സ്റ്റഡി എല്ലാവർക്കും ഗുണം ചെയ്യും. 

കൊല്ലം ജില്ലയിലെ എൽഡിസി റാങ്ക് ലിസ്റ്റിലെ  ഒന്നാം റാങ്കാണ് ശ്രീകാന്തിന്റെ മികച്ച നേട്ടം. ഇതോടൊപ്പം സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സർവകലാശാല അസിസ്റ്റന്റ്, കേരള സിറാമിക്സ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ, സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ലാബ് അറ്റൻഡർ, തീയറ്റർ അസിസ്റ്റന്റ് എന്നിവ ഉൾപ്പെടെ 15ൽ അധികം പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ട് . 

ചവറ പുതുക്കാട് തോപ്പിൽ വടക്കതിൽ ശശിധരൻ പിളളയുടെയും ശ്രീദേവിയുടെയും മകനാണ്  മാത‌്സ് ബിരുദധാരിയായ ശ്രീകാന്ത്. സർവകലാശാലയിലെ അസിസ്റ്റന്റ് ജോലിക്കൊപ്പം ബിരുദാനന്തര ബിരുദ പഠനവുമുണ്ട്. ഇതിനിടയിൽ സമയം കണ്ടെത്തി   കെഎഎസ് ഉൾപ്പെടെയുളള  പരീക്ഷകൾക്കുള്ള തയാറെടുപ്പുകളും നടത്തുന്നു.

‘‘തൊഴിൽവീഥിയും കോംപറ്റീഷൻ വിന്നറും പരീക്ഷാ പരിശീലനത്തിൽ നന്നായി സഹായിച്ചിട്ടുണ്ട്. പിഎസ്‌സി പരീക്ഷകളിൽ ആനുകാലിക സംഭവങ്ങളിലുള്ള അറിവ് അത്യന്താപേക്ഷിതമാണ്. ഈ േമഖലയിലെ മുഴുവൻ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തൊഴിൽവീഥി, കോംപറ്റീഷൻ വിന്നർ എന്നിവയിൽ നിന്നു ലഭിക്കും. പ്രധാന പരീക്ഷകളോടനുബന്ധിച്ച് തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കുന്ന മാതൃകാ ചോദ്യപേപ്പറുകളും ഏറെ ഗുണകരമാണ്’’.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com