അധ്യാപകനാകാന്‍ കൊതിച്ചു പോലീസായി; ഒടുവിൽ പാവപ്പെട്ട കുട്ടികൾക്കായി സ്‌കൂൾ തുടങ്ങി!

dharamveer-jakhar
SHARE

ഒരു സ്‌കൂള്‍ അധ്യാപകനാകണമെന്നായിരുന്നു രാജസ്ഥാന്‍ സ്വദേശി ധരംവീര്‍ ഝക്കറിന്റെ ആഗ്രഹം. എന്നാല്‍ ധരംവീറിന്റെ കുടുംബത്തിനെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസത്തിനായിരുന്നില്ല പ്രഥമ പരിഗണന. എന്നിട്ടും ഹിന്ദി സാഹിത്യത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ധരംവീര്‍ ബിഎഡ് നേടാന്‍ ശ്രമിച്ചു. നിര്‍ഭാഗ്യവശാല്‍ അവസാന പരീക്ഷ വിജയിക്കാന്‍ കഴിഞ്ഞില്ല. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മൂലം തുടര്‍ന്നു പഠിക്കാനും സാധിച്ചില്ല. സാഹചര്യങ്ങള്‍ അങ്ങനെ ധരംവീറിനെ ഒരു പോലീസ് കോണ്‍സ്റ്റബിളാക്കി. 

പോലീസായിട്ടും പക്ഷേ ധരംവീര്‍ തന്റെയുള്ളിലെ അധ്യാപക മോഹം ഉപേക്ഷിച്ചില്ല. ആ സ്വപ്‌നം പൂര്‍ത്തിയാക്കിയതു ചേരിയിലെ കുട്ടികള്‍ക്കായി ഒരു 

അനൗപചാരിക സ്‌കൂള്‍ തുടങ്ങിക്കൊണ്ടായിരുന്നു. ചേരിയിലെ കുട്ടികള്‍ പഠിക്കാന്‍ പോകാതെ ചുറ്റിത്തിരിയുന്നതു കണ്ടാണ് ധരംവീര്‍ ഒരു സ്‌കൂളിനെ കുറിച്ച് ആലോചിച്ചത്. ഒരു പ്രായമായി കഴിഞ്ഞാല്‍ കുട്ടികളെ എന്തെങ്കിലും ജോലിക്കു വിട്ടു പണം സമ്പാദിക്കുന്നതിലായിരുന്നു അവരുടെ മാതാപിതാക്കളുടെ ശ്രദ്ധ. 

എന്നാല്‍ പ്രാഥമിക വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്നു വിശ്വസിച്ച ധരംവീര്‍ 2016ല്‍ പാവപ്പെട്ട കുട്ടികള്‍ക്കായി അപ്‌നി പാഠശാലയെന്ന സൗജന്യ സ്‌കൂള്‍ ആരംഭിച്ചു. ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളിലെ വിദ്യാർഥികള്‍ക്ക് ഇതൊരു അനൗപചാരിക സ്‌കൂളാണ്. അതിനു മുകളിലുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാകട്ടെ അവര്‍ക്കു പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനുള്ള എക്‌സ്ട്രാ ക്ലാസും. 

രാജസ്ഥാനിലെ ചുരു ഗ്രാമത്തിലെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം കുട്ടികള്‍ക്കാണ് അപ്‌നി പാഠശാല അനുഗ്രഹമായത്. നിര്‍ബന്ധിത തൊഴില്‍, ഭിക്ഷാടനം, നിയമവിരുദ്ധ റാക്കറ്റുകള്‍ തുടങ്ങിയവയില്‍ നിന്നു രക്ഷപ്പെട്ട നിരവധി കുട്ടികളാണ് ഈ പാഠശാല വഴി പഠനവഴിയിലെത്തിയത്. 

school-rajasthan

ഏഴു കുട്ടികളുമായി ഒരു ചെറിയ മുറിയിലാണു ധരംവീര്‍ ഈ പാഠശാല ആരംഭിച്ചത്. ആദ്യമൊക്കെ കുട്ടികളുടെ ശ്രദ്ധയും അവരുടെ മാതാപിതാക്കളുടെ വിശ്വാസം നേടാന്‍ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ ധരംവീര്‍ കുട്ടികളോടു കഥകള്‍ മാത്രം പറഞ്ഞു തുടങ്ങി. പല കുട്ടികളും സ്ഥിരം വരാന്‍ തുടങ്ങിയതോടെ പാഠപുസ്തകങ്ങളിലേക്കു ചുവടു മാറ്റി. നിരവധി കുട്ടികള്‍ പാഠശാല തിരക്കിയെത്താന്‍ തുടങ്ങിയതോടെ അല്‍പം കൂടി വലിയ സ്ഥലമില്ലാതെ പറ്റില്ലെന്നായി. 

പോലീസ് സ്‌റ്റേഷനു സമീപമുള്ള പോലീസിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഒരു ചെറിയ ഇടം ലഭിക്കാനായി ധരംവീര്‍ തന്റെ മേലുദ്യോഗസ്ഥരെ സമീപിച്ചു. പൂര്‍ണ്ണമനസ്സോടെ അവര്‍ സമ്മതം മൂളിയപ്പോള്‍ അപ്‌നി പാഠശാലയ്ക്ക് പുതിയ ഇടം മാത്രമല്ല, അധ്യാപകരെയും ലഭിച്ചു. ധരംവീറിനു പുറമേ സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍മാരും ഒഴിവ സമയങ്ങളില്‍ കുട്ടികളെ പഠിപ്പിക്കാനെത്തി. 

സ്‌കൂളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞു പോക്കു തടയാനായി ഒരു വാനും ധരംവീര്‍ ഏര്‍പ്പാടാക്കി. കുട്ടികളെ കൊണ്ടു വരാനും തിരികെ വീട്ടില്‍ കൊണ്ടാക്കാനും ഈ വാന്‍ ഉപകരിച്ചു. രണ്ടോ മൂന്നോ ദിവസം ഒരു കുട്ടിയെ സ്‌കൂളില്‍ കാണാതായാല്‍ ധരംവീര്‍ അവരുടെ വീടുകളില്‍ അന്വേഷിച്ചു ചെല്ലും. കുട്ടികളെ ജോലിക്കായി വിടുന്ന ചില മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കി അവരെ വീണ്ടും സ്‌കൂളിലെത്തിക്കാന്‍ ധരംവീറിനു പല തവണ ഇത്തരം ഗൃഹസന്ദര്‍ശനങ്ങള്‍ നടത്തേണ്ടി വന്നു. 

കുട്ടികളുടെ പുസ്തകങ്ങള്‍ക്കും മറ്റുമുള്ള ചെലവുകള്‍ ധരംവീര്‍ കണ്ടെത്തുന്നതു വ്യക്തിപരമായും സാമൂഹിക മാധ്യമങ്ങളിലൂടെയും ലഭിക്കുന്ന ചെറിയ സഹായങ്ങളിലൂടെയാണ്. മുസ്‌കാന്‍ എന്നൊരു എന്‍ജിഒയുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാനും മറ്റു സ്റ്റേഷനറികള്‍ക്കുമായി പ്രതിമാസം ഒന്നരലക്ഷം രൂപ അപ്‌നി പാഠശാലയ്ക്ക് ചെലവുണ്ട്. 

അനൗപചാരിക സ്‌കൂള്‍ ആണെങ്കിലും ശിശുദിനം, കുട്ടികളുടെ ജന്മദിനങ്ങള്‍ പോലുള്ളവയെല്ലാം ഇവിടെ ആഘോഷിക്കാറുണ്ട്. അടുത്തിടെ സ്‌കൂളിലെ കുട്ടികളെ പ്രദേശത്തു നടന്ന ഒരു വിവാഹത്തില്‍ വിശിഷ്ടാതിഥികളായി ക്ഷണിച്ചു. ധരംവീറിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടു പ്രചോദിതരായി സമീപ ഗ്രാമങ്ങളിലെ ചിലരും ഇത്തരത്തിലുള്ള പാഠശാലകളുണ്ടാക്കിയിട്ടുണ്ട്. ഝുന്‍ഝുനു ജില്ലയിലെ റിട്ട. അധ്യാപകനായ സുമന്‍ ചൗധരി ആരംഭിച്ച മമതാ കീ പാഠശാല ഇത്തരത്തില്‍പ്പെട്ട ഒന്നാണ്. അപ്‌നി പാഠശാല പോലുള്ള ആശയങ്ങള്‍ രാജ്യമെമ്പാടും ആവര്‍ത്തിക്കപ്പെടണമെന്നും അതിലൂടെ ഔപചാരിക വിദ്യാഭ്യാസത്തിലെ വിടവുകള്‍ നികത്തപ്പെടണമെന്നുമാണ് ധരംവീറിന്റെ ആഗ്രഹം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA