ഒരു ഡസനിലേറെ റാങ്ക് ലിസ്റ്റുകളിൽ; ഇപ്പോൾ മറ്റുള്ളവർക്കും വഴികാട്ടിയാണ് ഈ അധ്യാപകൻ

Rajaneesh
SHARE

രജനീഷ് ഒരു നന്മ മരമാണ്. നേ‌‌ടിയ അറിവുകൾ നാലാൾക്കു  പങ്കുവച്ച് അവരെ തന്നോടൊപ്പമെത്തിക്കാൻ ശ്രമിക്കുന്ന ചെറുപ്പക്കാരൻ.  എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുൾപ്പെടെ ഒരു ഡസൻ റാങ്ക് ലിസ്റ്റുകളിൽ മികച്ച വിജയം നേടിയ രജനീഷ് ആലപ്പുഴ വെള്ളംകുളങ്ങര ഗവ.യുപിഎസിൽ  അധ്യാപകനാണ്. അവധി ദിവസങ്ങളിൽ രജനീഷിന്റെ നേതൃത്വത്തിൽ സ്കൂളിലെ അധ്യാപകർ സൗജന്യ പിഎസ്‌സി പരീക്ഷാ പരിശീലനം നൽകി  ധാരാളം പേർക്ക് സർക്കാർ ജോലിയിലേക്കുള്ള വഴി തുറന്നിടുന്നു. 

ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദവും ബിഎഡും നേടിയ ശേഷമാണ് രജനീഷ് പിഎസ്‌സി പരീക്ഷാ പരിശീലനത്തിനിറങ്ങിയത്. അധ്യാപക ജോലിയോടായിരുന്നു താൽപര്യമെങ്കിലും തുടക്കത്തിൽ  തേടിയെത്തിയത് മറ്റു ജോലികൾ. ആദ്യ നിയമനം ജയിൽ വകുപ്പിൽ മെയിൽ വാർഡനായി. ഇതിനിടെ ആലപ്പുഴ ജില്ലയിലെ 2012ലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചു. നിയമനം ലഭിച്ചത് മുനിസിപ്പൽ കോമൺ സർവീസിൽ. എൽഡി ക്ലാർക്കായി ആറു മാസം ജോലി ചെയ്തപ്പോഴേക്കും ആലപ്പുഴ ജില്ലയിലെ യുപി സ്കൂൾ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നു നിയമനശുപാർശ ലഭിച്ചു. കഴിഞ്ഞ ആറു വർഷമായി അധ്യാപകനായി ജോലി ചെയ്യുന്നു. ബവ്റിജസ് കോർപറേഷനിൽ അസിസ്റ്റന്റ്, എച്ച്എസ്എസ്ടി ഇംഗ്ലിഷ്, വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ്, കമ്പനി/ കോർപറേഷൻ/ ബോർഡ് ലാസ്റ്റ് ഗ്രേഡ്, വിഇഒ തുടങ്ങി യ റാങ്ക് ലിസ്റ്റുകളിലും രജനീഷ് മികച്ച വിജയം നേടിയിട്ടുണ്ട്. 

സമഗ്രശിക്ഷാ അഭിയാന്റെ സർഗവിദ്യാലയം പദ്ധതിയുടെ ഭാഗമായി വെള്ളംകുളങ്ങര ഗവ. യുപിഎസിൽ   ശനി, ഞായർ ദിവസങ്ങളിലാണ് പിഎസ്‌സി പരീക്ഷാ പരിശീലനം.  സ്കൂളിലെ വിവിധ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാരാണ് പഠിതാക്കൾ.  ക്ലാസിൽ ഇപ്പോൾ 24 പേരുണ്ട്.  ഇവിടെ പരിശീലനത്തിന് ഉപയോഗിക്കുന്നതും തൊഴിൽവീഥിയാണ്. 

ഹരിപ്പാട് പിലാപ്പുഴ എരുമക്കാട്ട് വീട്ടിൽ വിജയൻ പിള്ളയുടെയും പത്മകുമാരിയുടെയും മകനാണ്. ഭാര്യ മഹിമ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്. ഏക മകൾ ദേവിപ്രിയ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനാകാനുള്ള ശ്രമത്തിലാണ്  രജനീഷ്. 

‘‘പിഎസ്‌സി പരീക്ഷാ പരിശീലനത്തിന് തൊഴിൽവീഥി മാത്രമാണ്  ഉപയോഗിച്ചിരുന്നത്. തൊഴിൽവീഥിയിലും കോംപറ്റീഷൻ വിന്നറിലും പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള എല്ലാ പരീക്ഷാ പരിശീലനങ്ങളും  മികച്ചതാണ്. മാത്‌സ്, ഇംഗ്ലിഷ് പാഠഭാഗങ്ങളുടെ പരിശീലന മികവ് എടുത്തു പറയേണ്ടതാണ്. പരീക്ഷയിൽ ഈ മേഖലയിൽ നിന്നുള്ള  മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ ഈ പരീക്ഷാപരിശീലനം  സഹായിച്ചു. എൽഡി ക്ലാർക്ക് പരീക്ഷാ സമയത്ത് മാത്‌സ്, ഇംഗ്ലിഷ് എന്നിവയ്ക്ക് തൊഴിൽവീഥി പ്രസിദ്ധീകരിച്ച പ്രത്യേക ബുക്ക്‌ലെറ്റ് ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്’’. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA