ADVERTISEMENT

ഐഐഎമ്മുകള്‍ അടക്കമുള്ള രാജ്യത്തെ പ്രമുഖ ബി സ്‌കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് അഥവാ ക്യാറ്റ്. ക്യാറ്റിനെ പാട്ടിലാക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും റാങ്ക് ലിസ്റ്റില്‍ കയറിക്കൂടാന്‍ സാധിക്കാത്തവര്‍ നിരവധി. ഇതിനു വേണ്ടി രാജസ്ഥാനിലെ കോട്ട ഉള്‍പ്പെടെയുള്ള കോച്ചിങ് പ്രദേശങ്ങളില്‍ ജീവിതം തളച്ചിട്ടിരിക്കുന്നതും ആയിരങ്ങള്‍. ഈ ബഹളങ്ങള്‍ക്കിടയിലാണ് പാട്രിക് ഡിസൂസ എന്ന 43 കാരന്‍ താനെ സ്വദേശി വ്യത്യസ്തനാകുന്നത്.

പാട്രിക് ക്യാറ്റ് എഴുതിയത് ആകെ 17 തവണ. ഇതില്‍ ടോപ്പ് സ്‌കോറര്‍ ആയത് ആറു തവണ. 2019ലെ ക്യാറ്റ് പരീക്ഷയിലും 100 പേര്‍സന്റൈല്‍ നേടിയ പത്തു പേരില്‍ ഒരാളാണ് പാട്രിക്. പക്ഷേ, ഇത്ര തവണ ക്യാറ്റെഴുതി ടോപ്പറായ പാട്രിക്കിന് ഐഐഎമ്മുകളിലേക്കോ മറ്റു ബി സ്‌കൂളുകളിലേക്കോ പ്രവേശനം നേടാന്‍ യാതൊരു താത്പര്യവുമില്ല. ക്യാറ്റ് പരീക്ഷയ്ക്ക് പരിശീലനം നല്‍കലാണ് പാട്രിക്കിന്റെ ജോലി. ഈ ജോലിയില്‍ പിടിച്ചു നില്‍ക്കാന്‍ ക്യാറ്റ് പരീക്ഷ വിജയിച്ചെടുക്കുന്നതിനുള്ള ടെക്‌നിക്കുകള്‍ പുതുക്കിക്കൊണ്ടിരിക്കണം. ഇതിനു വേണ്ടിയാണ് ഈ അധ്യാപകന്‍ വീണ്ടും വീണ്ടും ക്യാറ്റ് എഴുതുന്നതും വിജയിക്കുന്നതും. 

ക്യാറ്റ് വിദ്യാര്‍ത്ഥികളുടെ അറിവ് മാത്രം പരിശോധിക്കുന്ന ഒരു പരീക്ഷയല്ല എന്നു പാട്രിക് പറയുന്നു. ആ അറിവ് എങ്ങനെ പ്രയോഗിക്കുന്നു എന്നതും ഉദ്യോഗാര്‍ത്ഥികളുടെ മനശാസ്ത്രവും പരിശോധിക്കപ്പെടും. പ്രത്യേക ടെക്‌നിക്കുകളാണ് ക്യാറ്റ് പരീക്ഷയ്ക്കായി പാട്രിക് ഉപയോഗിക്കുന്നത്. ഇത് ആദ്യമായി പരീക്ഷിച്ച് നോക്കിയത് 2004ല്‍ ആണ്. പരീക്ഷയുടെ രീതി പല തവണ ഇതിനിടയില്‍ മാറി. അതിനനുസരിച്ച് അറിവു പുതുക്കുന്നതിനും പരീക്ഷയോടുള്ള വിദ്യാർഥികളുടെ മനോഭാവം ശരിക്കും മനസ്സിലാക്കുന്നതിനുമാണു താന്‍ നിരവധി തവണ പരീക്ഷയ്ക്കിരിക്കുന്നതെന്നു പാട്രിക് വ്യക്തമാക്കുന്നു. 

ഒരു അധ്യാപകന്‍ തന്നെ വീണ്ടും വീണ്ടും പരീക്ഷയ്ക്കിരിക്കുന്നതിന്റെ ധാര്‍മ്മികതയെ ചിലര്‍ ചോദ്യം ചെയ്യുമെങ്കിലും പാട്രിക്കിന് അതു പ്രശ്‌നമല്ല. താന്‍ ഒരിക്കലും പ്രവേശനത്തിനു വേണ്ടി ശ്രമിക്കാറില്ലാത്തതിനാല്‍ ഒരാളുടെ അവസരം കവര്‍ന്നെടുത്തു എന്ന് പറയാനാകില്ല. 

1996ലാണ് പാട്രിക് ആദ്യമായി ക്യാറ്റ് എഴുതുന്നത്. അന്ന് അതു വിജയിച്ചെങ്കിലും ടോപ്പ് സ്‌കോറര്‍ ആയില്ല. ഡിഗ്രി പഠനത്തിനു ശേഷം കുറച്ചു വര്‍ഷം മാര്‍ക്കറ്റിങ് മേഖലയില്‍ ജോലി ചെയ്തു. ശേഷം 2002ലാണ് പാട്രിക് അധ്യാപനത്തിലേക്കു വരുന്നത്. അദ്ദേഹത്തിന്റെ വിദ്യാർഥികളില്‍ ഒരു ഡസനിലധികം പേര്‍ 99 പേര്‍സന്റൈലോടെ ക്യാറ്റ് വിജയം സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ, ആര്‍ക്കും അധ്യാപകനെ പോലെ 100 പേര്‍സന്റൈല്‍ സ്വന്തമാക്കാനായിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com