ADVERTISEMENT

ഒരേ ലക്ഷ്യത്തോടെ അവർ 10 പേർ ഒന്നിച്ചിരുന്നപ്പോൾ റാങ്ക് ലിസ്റ്റുകൾ ഒന്നൊന്നായി അവരുടെ വഴിയേ വന്നു. 10ൽ 7 പേരും ഇപ്പോൾ സർക്കാർ ജോലിയിൽ. വിവിധ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ള ബാക്കി 3 പേർക്ക്  ഉടൻ നിയമനം ലഭിക്കും. ഇപ്പോൾ ആലപ്പുഴ  കലവൂർ പോസ്റ്റ് ഒാഫിസിൽ പോസ്റ്റ്‌വുമനായി ജോലി ചെയ്യുന്ന  അഖില ജി. കൃഷ്ണൻ ഈ സംഘാംഗമാണ്.  കംബൈൻഡ് സ്റ്റഡി സമ്മാനിച്ച വിജയത്തിനുടമകളിലൊരാൾ. പത്തിൽ അധികം പിഎസ്‌സി  ലിസ്റ്റുകളിൽ മികച്ച വിജയം നേടിയിട്ടുണ്ട് അഖില. 

കെമിസ്ട്രിയിൽ ബിരുദം നേടിയ ശേഷം സ്വകാര്യ ബാങ്കിൽ ജോലിചെയ്യുമ്പോഴാണ് അഖില പിഎസ്‌സി പരീക്ഷാ പരിശീലന രംഗത്തേറിങ്ങിയത്. സ്വന്തമായി പഠിച്ചാൽ പോരാ എന്ന ബോധ്യമുള്ളതിനാൽ ആലപ്പുഴയിലെ ടിപ്സ് അക്കാദമിയിൽ പരിശീലനത്തിനു ചേർന്നു. ഇതോടൊപ്പം കംബൈൻഡ് സ്റ്റഡിയും മുന്നോട്ടുകൊണ്ടുപോയി.  റാങ്ക് നേട്ടത്തിനു പിന്നിലെ പ്രധാന ഘടകം കംബൈൻഡ് സ്റ്റഡിയായിരുന്നു.  ഓരോ വിഷയത്തിലെയും  സംശയം തീർത്ത്  ഒന്നിച്ചിരുന്നു പഠിക്കുന്നത് പഠനം എളുപ്പമാക്കാൻ ഏറ്റവും സഹായകരമാണെന്ന് അഖില പറയുന്നു.

വിവിധ വകുപ്പുകളിൽ എൽഡിസി, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ബെവ്കോ എൽഡിസി, സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തുടങ്ങിയ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിലാണ് അഖില ഉൾപ്പെട്ടിട്ടുള്ളത്. കമ്പനി/ കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് സാധ്യതാ ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്.  ഇവയുടെ റാങ്ക് ലിസ്റ്റുകളിൽ മികച്ച റാങ്ക് പ്രതീക്ഷയുണ്ട് അഖിലയ്ക്ക്.

ആദ്യ ജോലി സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലായിരുന്നു. ഒരു വർഷത്തോളം  ജോലി ചെയ്തു. തുടർന്ന് പോസ്റ്റ്മാൻ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനശുപാർശ ലഭിച്ചപ്പോൾ ആ ജോലി സ്വീകരിച്ചു. എറണാകുളം ജില്ലയിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ നിന്ന് ഈ വർഷം നിയമനശുപാർശ ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ ജോലി ഉപേക്ഷിച്ച് എൽഡി ക്ലാർക്കാകും.

ആലപ്പുഴ മാരാരിക്കുളം നോർത്ത് ശ്രേയസ്സിൽ ഗോപാലകൃഷ്ണ കുറുപ്പിന്റെയും ലളിതകുമാരിയുടെയും മകളാണ്.  ഭർത്താവ് നവീൻ ആർ. കർത്താ ഫൊട്ടോഗ്രഫറാണ്.  

‘‘പഠനത്തിന് പ്രധാനമായും ആശ്രയിച്ചിരുന്നത് തൊഴിൽവീഥിയാണ്.  ഇതിലെ മാതൃകാ പരീക്ഷകൾ എല്ലാം ക‍ൃത്യമായി എഴുതി പരിശീലിക്കും.  മുൻ ചോദ്യപേപ്പറുകൾ, അനുബന്ധ വിവരങ്ങൾ എന്നിവയെല്ലാം ഉദ്യോഗാർഥികൾക്ക് പ്രയോജനം ചെയ്യുന്നതാണ്. ഏറ്റവും മികച്ച പരിശീലനമായിരുന്നു കഴിഞ്ഞ എൽഡി ക്ലാർക്ക് പരീക്ഷാ സമയത്ത് തൊഴിൽവീഥിയുടേത്.  ഇതിൽ നിന്നുള്ള ധാരാളം ചോദ്യങ്ങൾ എൽഡി ക്ലാർക്ക് പരീക്ഷാ ചോദ്യപേപ്പറിലും ഇടംപിടിച്ചു’’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com