sections
MORE

സൂപ്പർമാനായി കത്തിനിൽക്കുമ്പോൾ ദുരന്തം; ഉറച്ച മനസോടെ അതിജീവനം; അദ്ഭുതം ഈ ജീവിതം

ChristopherReeve
SHARE

ലോകം മുഴുവൻ ആരാധകരുള്ള സിനിമാ താരം, സ്നേഹം നിറഞ്ഞുനിൽക്കുന്ന കുടുംബം. വിജയങ്ങളിൽ നിന്നു വിജയങ്ങളിലേക്കുള്ള കുതിപ്പ്. പക്ഷേ, അവിചാരിതമായി വിധി വിലങ്ങനെ നിന്നു. ഉയരങ്ങളിൽ നിന്നായതുകൊണ്ടു വീഴ്ചയ്ക്ക് ആഘാതം കൂടി. എന്നാൽ പരാജയപ്പെടുത്താൻ ശ്രമിച്ച വിധിയെ ഇച്ഛാശക്തികൊണ്ടു കീഴടക്കി ജീവിതത്തിലും യഥാർഥ സൂപ്പർമാനായി മാറി, ക്രിസ്റ്റഫർ റീവ്. അതുകൊണ്ടായിരിക്കണം അദ്ദേഹത്തിന്റെ ആത്മകഥയ്ക്കു സൂപ്പർ ഹീറോ എന്ന പേരു പ്രസാധകർ നൽകിയത്.  

പുതുമുഖ നായകനുള്ള ബ്രിട്ടീഷ് അക്കാദമി അവാർഡ് നേടിക്കൊടുത്ത സൂപ്പർമാൻ എന്ന കഥാപാത്രത്തിനു ജീവൻ നൽകിക്കൊണ്ടാണു ക്രിസ്റ്റഫർ റീവ് വെള്ളിത്തിരയിലേക്കു കാലെടുത്തുവച്ചത്. 1980 കളുടെ അവസാനം സൂപ്പർമാൻ പരമ്പരയിലെ 4 സിനിമകളിൽ ക്രിസ്റ്റഫർ സൂപ്പർമാനായി അരങ്ങു തകർത്തു. ആരാധകർ ദൈവസമാനമായി ആ പ്രതിഭയെ കണ്ടു. വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കവേ 43–ാം വയസ്സിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ആ ദുരന്തം ഉണ്ടായത്.

1995 മേയ് 27 സായാഹ്നം. വിർജീനിയയിലെ കൾപെപ്പറിൽ കുതിരയോട്ട മത്സരം നടക്കുകയാണ്. മത്സരിക്കാൻ റീവുമുണ്ട്. പുതുതായി വാങ്ങിയ ഇസ്റ്റേൺ എക്സ്പ്രസ് എന്ന കുതിരയെയും കൊണ്ടാണു മത്സരത്തിനിറങ്ങുന്നത്. ആരാധകർ ക്രിസ്റ്റഫറിനു ജയ് വിളിച്ചു.‌ 3 റൗണ്ടാണു മത്സരം.

ആദ്യത്തെ രണ്ടു റൗണ്ടും വിജയിയായി. മൂന്നാം റൗണ്ടിൽ ട്രാക്കിലെ വേലിക്ക് ഉയരം കൂടുതലായിരുന്നു. ഉയരമേറിയ പ്രതിബന്ധത്തിന്റെ അടുത്തെത്തിയ കുതിര അപ്രതീക്ഷിതമായി നിന്നു. നില തെറ്റിയ ക്രിസ്റ്റഫർ കുതിരപ്പുറത്തുനിന്നു വീണു. തല ശക്തിയായി ഇടിച്ചു. കഴുത്ത് ഒടിഞ്ഞു. ശരീരം തളർന്നു. മെഡിക്കൽ ടീം അതിവേഗമെത്തി, കൃത്രിമ ശ്വാസം നൽകി. പിന്നെ ഹെലികോപ്ടറിൽ വിർജീനിയൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്. ഉടൻ ശസ്ത്രക്രിയ നടത്തി. ജീവൻ തിരിച്ചു കിട്ടിയെങ്കിലും വിധിയുമായുള്ള റീവിന്റെ യ‌ഥാർഥ യുദ്ധം തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. കഴുത്തിനു താഴേക്കു ചലനമറ്റു. തലച്ചോറും അവയവങ്ങളും തമ്മിലുള്ള ആശയവിനിമയം അവസാനിച്ചിരിക്കുന്നു. അതോടൊപ്പം ന്യുമോണിയയും അൾസറും പിടികൂടി.

സ്പൈനൽ കോഡ‍ിനായിരുന്നു പരുക്ക്. ഈ സ്ഥിതിയിൽ നിന്നൊരു മോചനം ഇല്ലെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. പ്രതീക്ഷകളെല്ലാം അസ്തമിച്ചു. എന്നെ ഒന്നു കൊന്നുതരാമോയെന്നു റീവ് ഭാര്യ ഡാനയോടു ചോദിച്ചു. റീവിന്റെ ചലനമറ്റ ശരീരത്തിലേക്ക് ഒട്ടിനിന്ന് ഭാര്യ പറഞ്ഞു. ഒരിക്കലും ഒറ്റയ്ക്കാക്കില്ല. പരിശ്രമിച്ചാൽ ഇനിയും പഴയ ജീവിതത്തിലേക്കു തിരിച്ചു വരാനാകും. എനിക്കു വിശ്വാസമുണ്ട്...

ആ വാക്കുകൾ അയാളിൽ നിറച്ച ഊർജം ചെറുതല്ലായിരുന്നു. പിന്നീടൊരിക്കലും മരണത്തെക്കുറിച്ചു ചിന്തിച്ചില്ല.

നിങ്ങളുടെ ജീവിതത്തിലെ ദുരന്തത്തെ ഓർത്തു കരയാറുണ്ടോയെന്ന് അദ്ദേഹത്തോട് ഒരു പത്രപ്രവർത്തകൻ ചോദിച്ചു.‘ എല്ലാ പ്രഭാതത്തിലും കരയാനായി ഞാൻ 20 മിനിറ്റ് മാറ്റിവയ്ക്കാറുണ്ട്. ആ കരച്ചിലിലൂടെ എന്റെ എല്ലാ സങ്കടങ്ങളും ഒഴുക്കികളയും. പിന്നെ ജീവിതത്തോടു പറയും– മുന്നോട്ടു ചരിക്കാൻ’– ഇതായിരുന്നു റീവിന്റെ മറുപടി.

ഓരോ ദിവസവും ശരീരത്തിന്റെ ഓരോ ഭാഗങ്ങൾ ചലിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. തലച്ചോറിൽ നിന്ന് ആശയങ്ങൾ അവയവങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമം. എന്നാൽ പരിശീലനങ്ങളെ ഡോക്ടർമാർ എതിർത്തു. അവരുടെ എതിർപ്പിനെ റീവ് ധിക്കരിച്ചു.

5 വർഷത്തെ പരിശ്രമം കൊണ്ട് അദ്ദേഹം കൈകളും കാലുകളും ചലിപ്പിച്ചു. അന്നു നിരാശയുടെതല്ലാത്ത കണ്ണുനീർ ആ കണ്ണുകളിൽ നിറഞ്ഞു.കാലുകളും കൈകളും ചലിപ്പിക്കാനായാൽ താൻ നടക്കുമെന്ന് അദ്ദേഹം സ്വയം പറഞ്ഞു പഠിപ്പിച്ചു.

1996ൽ ക്രിസ്റ്റഫർ റീവ് ഫൗണ്ടേഷൻ തുടങ്ങി. തന്നെപോലെ ശരീരം തളർന്നുപോയവരുടെ ഉന്നമനത്തി‌നായിട്ടായിരുന്നു പ്രവർത്തനം. ചെറുപ്പം മുതൽ ക്രിസ്റ്റഫറിനൊപ്പം വളർന്ന മോഹമായിരുന്നു സിനിമാ സംവിധായകനാകണമെന്നത്. 1997ൽ ‘ഇൻ ദ് ഗ്ലോമിങ്’ എന്ന സിനിമ വീൽചെയറിൽ ഇരുന്നു സംവിധാനം ചെയ്തു. ആ സിനിമയ്ക്ക് 5 എമ്മി നോമിനേഷ‌ൻ ലഭിച്ചു. 1998ൽ റിയർ വിൻഡോ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. ആ അഭിനയത്തിനു സ്ക്രീൻ ആക്ടർ ഗിൽഡ് പുരസ്കാരം നേടി. തുടർന്നും സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. പുസ്തകങ്ങൾ രചിച്ചു. ഇരുകാലുകളിൽ നിവർന്നുനിന്ന് ഇളയ മകനെ സ്വന്തം കൈകൾക്കൊണ്ടു കെട്ടിപ്പിടിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. അതു പൂർത്തിയാക്കാൻ മാത്രം വിധി കൂട്ടുനിന്നില്ല. 52–ാം വയസ്സിൽ, 2004 ഒക്ടോബർ 10 ന് അദ്ദേഹം മരിച്ചു.

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA