ADVERTISEMENT

എല്ലാം വാരിവലിച്ചു പഠിക്കുന്നതിനോട് ഒട്ടും പ്രിയമില്ല, പ്രിയയ്ക്ക്. സിലബസ് അറിഞ്ഞു  വിഷയങ്ങൾ പൂർണമായി പഠിക്കുകയും ഇടയ്ക്കിടെ റിവൈസ് ചെയ്തുമാകണം പഠനം.  അനുബന്ധവിവരങ്ങൾ കൂട്ടിച്ചേർത്ത് കൃത്യമായ ഇടവേളകളിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻകൂടി കഴിഞ്ഞാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയെന്നത് എളുപ്പമാകുമെന്നും പ്രിയ പറയുന്നു. 

തിരുവനന്തപുരം ജില്ലയിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ മാർക്കടിസ്ഥാനത്തിൽ രണ്ടാം സ്ഥാനക്കാരിയാണ് പ്രിയ. ഇതോടൊപ്പം കമ്പനി/ കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ്, ബെവ്കോ എൽഡിസി, വില്ലേജ് എക്സ്ടെൻഷൻ ഒാഫിസർ തുടങ്ങി അഞ്ചിലധികം പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ മികച്ച വിജയം നേടിയിട്ടുണ്ട്. ഇപ്പോൾ കാർഷിക സർവകലാശാലയുടെ വെള്ളായണി കാർഷിക കോളജിൽ അസിസ്റ്റന്റായി  ജോലി ചെയ്യുന്നു.

ഫിസിക്സിൽ ബിരുദം നേടിയ ശേഷമാണ് പ്രിയ പിഎസ്‌സി പരീക്ഷാ പരിശീലന രംഗത്തേക്കിറങ്ങിയത്. തിരുവനന്തപുരം തമ്പാനൂർ പ്രൈം കോച്ചിങ് സെന്ററിൽ ഒരു വർഷത്തോളം പരീക്ഷാ പരിശീലനം നടത്തി.  ഇതോടൊപ്പം കംബൈൻഡ് സ്റ്റഡിയുമുണ്ടായിരുന്നു.  

ദിവസവും കുറഞ്ഞത് അഞ്ചു മണിക്കൂറെങ്കിലും പഠനത്തിനായി നീക്കിവയ്ക്കും. എന്ത് പഠിക്കണം, എപ്പോൾ പഠിക്കണം, ഏതെല്ലാം വിഷയങ്ങൾ നോക്കിപ്പോകണം എന്നെല്ലാം കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. പത്രം സ്ഥിരമായി വായിച്ച് ആനുകാലിക സംഭവങ്ങൾ അപ്ഡേറ്റ് ചെയ്യാറുണ്ട്. പുതിയതായി ലഭിക്കുന്ന ഓരോ വിവരവും പഠിക്കുന്ന നോട്ടിൽ ബന്ധപ്പെട്ട സ്ഥലത്ത് എഴുതിച്ചേർക്കും. പിന്നീട് പരീക്ഷാ സമയത്ത് ഇത് ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്. 

സർവകലാശാല അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നായിരുന്നു പ്രിയയ്ക്ക് ആദ്യ നിയമനശുപാർശ. ഇതിനുശേഷം എൽഡിസി ഉൾപ്പെടെയുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്ന് ശുപാർശ ലഭിച്ചെങ്കിലും വേണ്ടെന്നുവച്ചു.

തിരുവനന്തപുരം പാപ്പനംകോട് പണ്ടാരവിള കൃഷ്ണവിലാസത്തിൽ രാമചന്ദ്രൻ നായരുടെയും സുധാകുമാരിയുടെയും മകളാണ്. ഭർത്താവ് എസ്. പ്രമോദ് മുളങ്കുന്നത്തുകാവ് പഞ്ചായത്ത് ഒാഫിസിൽ യുഡി ക്ലാർക്. ഏക മകൻ ആദവ് എൽകെജി വിദ്യാർഥി. 

‘‘പഠനത്തിന് തൊഴിൽവീഥിയും കോംപറ്റീഷൻ വിന്നറും സ്ഥിരമായി ഉപയോഗിച്ചിരുന്നു. തൊഴിൽവീഥിയിലെ പരീക്ഷാ പരിശീലന പേജുകളുടെ വലിയൊരു ശേഖരമുണ്ടായിരുന്നു. വിഷയം തിരിച്ചുള്ള  ഈ പരിശീലനം ഉദ്യോഗാർഥികൾക്ക് ഏറെ ഗുണകരമാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് പരീക്ഷകളെ നേരിട്ടത്. വിഷയങ്ങൾ തരംതിരിച്ച് സൂക്ഷിച്ചായിരുന്നു പഠനം. മുൻ  ചോദ്യപേപ്പറുകൾക്കും മോഡൽ ചോദ്യപേപ്പറുകൾക്കും ഉത്തരമെഴുതി പരിശീലിക്കാറുണ്ടായിരുന്നു’’.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com