ADVERTISEMENT

വൈകല്യങ്ങളുടെ ആൾരൂപമായാണു പാട്രിക് ഹെൻറി ഹ്യൂസ് ജനിച്ചത്. എന്നാൽ, മാതാവും പിതാവും പാട്രിക്കിനെ ശരിയായ വഴിയിലൂടെ നയിച്ചപ്പോൾ ലോകത്തിനു ലഭിച്ചത് ഒരു സംഗീത പ്രതിഭയെയാണ്. പാട്രിക് ജോണിന്റെയും പട്രീഷ്യ ഹ്യൂസിന്റെയും മകനായി 1988 മാർച്ച് 10ന് അമേരിക്കയിലാണു പാട്രിക് ഹെൻറി ഹ്യൂസ് ജനിച്ചത്.

കാഴ്ച ശക്തിയില്ല, നടക്കാനാകാത്ത വിധം കാലുകൾക്കു വൈകല്യം, കൈകളും ശരിയായ രീതിയിൽ ചലിപ്പിക്കാൻ കഴിയില്ല, നിവർന്നു നിൽക്കാൻ കഴിയാത്ത വിധം നട്ടെല്ലിനു ബലമില്ലായ്മ. പ്രതീക്ഷയോടെ ആദ്യ കൺമണിയെ കാണാൻ ആശുപത്രിയിൽ കാത്തുനിന്ന പാട്രിക് ജോണിനു ഡോക്ടർമാരുടെ വിശദീകരണങ്ങളൊന്നും അംഗീകരിക്കാൻ സാധിച്ചില്ല. കാരണം ഭാര്യ പട്രീഷിയയിൽ, ഗർഭാവസ്ഥയിൽ നടത്തിയ  സ്കാനിങ്ങിലൊന്നും കുഞ്ഞിനു യാതൊരു പ്രശ്നവും കണ്ടിരുന്നില്ല. ഡോക്ടർമാരും നഴ്സുമാരും വീണ്ടും വീണ്ടും കുഞ്ഞിനെ പരിശോധിക്കുന്നതു കണ്ട പട്രീഷ്യ ഭർത്താവിനോടു കാര്യം തിരക്കി. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വേദനയോടെ അയാൾ ഭാര്യയോടു പറഞ്ഞു. 

patrick-henry-hughes_parents

കാഴ്ച ശക്തി ഇല്ല എന്നതിനപ്പുറം കൺപോളകൾ തുറക്കാത്ത അവസ്ഥയിലായിരുന്നു കുഞ്ഞ്. ജനിച്ചതിന്റെ പിറ്റേദിവസം മഞ്ഞപ്പിത്തംകൂടി പിടികൂടിയതോടെ ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു. കുഞ്ഞിനു മാനസികമായ വൈകല്യമുണ്ടോയെന്നും ഡോക്ടർമാർ സംശയിച്ചിരുന്നു. 

ആശുപത്രിവാസം കഴിഞ്ഞു വേദനയോടെ ആ മാതാപിതാക്കൾ കുഞ്ഞിനെ നെഞ്ചോടു ചേർത്തു വീട്ടിലെത്തി. അവരുടെ സ്വപ്നങ്ങളിൽപ്പോലുമില്ലാത്ത വിധം വൈകല്യാവസ്ഥയിലുള്ള കുഞ്ഞിനെ എങ്ങനെ വളർത്തണമെന്ന് അറിയില്ലായിരുന്നു. കൺപോളകൾ തുറക്കാനും ശരീരം നേരെ നിർത്താനുമായി ആറോളം ശസ്ത്രക്രിയകൾ വേണ്ടിവന്നു. എങ്കിലും അരയ്ക്കു കീഴേക്കു തളർന്നു തന്നെ. 

കട്ടിലിൽ തളർന്നു കിടക്കുമ്പോഴും ശബ്ദങ്ങളോടു കുഞ്ഞു പ്രതികരിച്ചു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആറാം മാസത്തിൽ കൊച്ചു പാട്രിക് സംസാരിച്ചു തുടങ്ങി. അതോടെ ബുദ്ധിപരമായ പ്രശ്നങ്ങളൊന്നും ഇല്ലെന്നുറപ്പായി. തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളെ, മറ്റുള്ളവരെ അതിശയിപ്പിക്കുന്ന വേഗത്തിൽ പാട്രിക് പഠിച്ചെടുത്തു. മാതാപിതാക്കൾ ഇതിനകം തന്നെ തങ്ങളുടെ മകന്റെ എല്ലാ കുറവുകളെയും അംഗീകരിച്ചു കഴിഞ്ഞിരുന്നു.

പാട്രിക്കിന് 7 മാസം പ്രായം, പിതാവു മാത്രമേ അന്നു കുഞ്ഞിനൊപ്പമുള്ളു. അസാധാരണമാം വിധം അവൻ കരയാൻ തുടങ്ങി. അടുക്കളയിലായിരുന്ന പിതാവ് ഓടിയെത്തി. അദ്ദേഹത്തിന്റെ കൈ തട്ടി, ഒരു പുസ്തകം മുറിയിലെ പിയാനോയുടെ മുകളിലേക്കു വീണു. പിയാനോയുടെ ശബ്ദം മുഴങ്ങിയപ്പോൾ കുഞ്ഞ് കരച്ചിൽ നിർത്തി. അതിശയം തോന്നിയ പിതാവ് പിയാനോയിൽ ചെറു ശബ്ദങ്ങൾ പുറപ്പെടുവിച്ചു. അതോടെ കുഞ്ഞിന്റെ ശ്രദ്ധമുഴുവൻ ആ സംഗീതത്തിലായി. ആ ദിനമായിരുന്നു പാട്രിക്കിന്റെ ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവ്. പാട്രിക്കിന്റെ കുഞ്ഞുകൈകൾ പിതാവ് പിയാനയോടു ചേർത്തുവച്ചു.  പിന്നീട് ഒരിക്കലും പിയാനോ വായിക്കാത്ത ഒരു ദിനംപോലും പാട്രിക്കിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. കാലുകൾക്കൊണ്ടു പിച്ചവയ്ക്കേണ്ട പ്രായത്തിൽ കൈകൾക്കൊണ്ടു പിയാനോയിലാണു പാട്രിക് പിച്ചവച്ചത്. അതേപ്രായത്തിലുള്ള കുട്ടികൾ നടക്കാൻ പഠിച്ചപ്പോൾ പാട്രിക്കിന്റെ കൈകൾ പിയാനോയിൽ അത്ഭുതങ്ങൾ കാട്ടി. 

ഒരു പിറന്നാൾ ദിനം പാട്രിക്കിനു പിതാവൊരു ട്രംപെറ്റ് സമ്മാനിച്ചു. പിയാനയോടൊപ്പം ആ സമ്മാനവും പാട്രിക് തന്റെ ജീവിതത്തോടു ചേർത്തു. അധികം വൈകാതെ ട്രംപെറ്റ് വാദനത്തിലും  മിടുക്കനായി. ഇരുട്ടുമൂടിയ അവനു സംഗീതമായിരുന്നു വെളിച്ചം. ആ വെളിച്ചത്തിലൂടെയാണ് അവൻ ലോകത്തെ അറിഞ്ഞത്. ആ വെളിച്ചത്തോടൊപ്പമായിരുന്നു ജീവിതം മുഴുവൻ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവൻ സംഗീതത്തെ ഉപാസിച്ചു.

കോളജ് പഠനവേളയിലാണു പാട്രിക്കിലെ സംഗീതജ്ഞനെ ലോകം ശ്രദ്ധിച്ചു തുടങ്ങുന്നത്. യൂണിവേഴ്‌സിറ്റി പ‌ഠനകാലത്തു മാർച്ച്ഫാസ്റ്റിൽ ട്രംപെറ്റ് വായിക്കാൻ പാട്രിക്കിനെ അച്ഛൻ വീൽചെയറിലാണു കൊണ്ടുപോയത്. വീൽചെയറിൽ ഇരിക്കുന്ന മകനെ തള്ളിക്കൊണ്ടു മാർച്ച്ഫാസ്റ്റിൽ പങ്കെടുക്കുന്ന പിതാവിന്റെ ചിത്രം മാധ്യമങ്ങൾ  ലോകം മുഴുവൻ എത്തിച്ചു. ടെലിവിഷനിലും പത്രങ്ങളിലും ആ പിതാവും മകനും താരങ്ങളായി. വൈകാതെ വിവിധ വേദികളിൽ പാടാനും പിയാനോയും ട്രംപെറ്റും വായിക്കാനും പാട്രിക് ക്ഷണിക്കപ്പെട്ടു. പ്രമുഖ സംഗീതജ്ഞന്മാരുമായി വേദി പങ്കിട്ടു. വീൽചെയറിന്റെ സഹായത്തോടെ ചലിക്കുന്ന പാട്രിക് ഇന്നു സംഗീത ലോകത്തെ വിലമതിക്കാനാകാത്ത പ്രതിഭയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com