sections
MORE

കത്തിക്കയറിയ റാങ്ക് മോഹം: ബോർഡ് അസിസ്റ്റന്റ് പരീക്ഷയിൽ ഒന്നാം റാങ്ക് സ്വന്തമാക്കി റിയ ജോസ്

riya
SHARE

ഒറ്റയിരിപ്പിനു സർക്കാർ ജോലി നേടിയെടുത്തേ അടങ്ങൂ എന്ന വാശിയോടെ പഠിച്ചയാളല്ല റിയാ ജോസ്. മെല്ലെ തുടങ്ങി ഒടുവിൽ വെടിക്കെട്ടിന്റെ കൂട്ടപ്പൊരിച്ചിൽ പോലെ കത്തിക്കയറിയ പഠനം. അവസാനം പഠനം ചെന്നെത്തിയതു കമ്പനി‌/ കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ് ഒന്നാം റാങ്ക് നേട്ടത്തിലും.  പിഎസ്‌സി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ കമ്പനി‌/ കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ് പരീക്ഷയിലെ മാർക്ക് അറിയാൻ കഴിയാത്ത വിഷമത്തിലാണു റിയ. എങ്കിലും 85 നു മുകളിൽ മാർക്ക് ഉറപ്പിച്ചു പറയുന്നു ഈ മിടുക്കി.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ബിരുദ പഠനത്തിനു ശേഷമാണ് റിയ പിഎസ്‌സി പരിശീലന രംഗത്തേക്കിറങ്ങിയത്. അതിനിടയിൽ പിജി പഠനവും മറ്റുമായി  പല സമയത്തായി പല ഇടവേളകൾ. ആലുവ യുസി കോളജിൽ നിന്നാണു ഫിസിക്സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. പിജി പഠനത്തിനു ശേഷം വീണ്ടും പിഎസ്‌സി പരീശീലന രംഗത്തേക്ക്. 

കുറച്ചു മാസം പിഎസ്‍സി പരീക്ഷാ പരിശീലന കേന്ദ്രത്തിൽ പരിശീലനം നടത്തി.  അതിനു ശേഷം സ്വന്തമായിട്ടായിരുന്നു പഠനം. വീടിനടുത്തുള്ള വായനാശാലയെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞതു നേട്ടമായി റിയ പറയുന്നു.  പിഎസ്‌സി പരിശീലനത്തിനായി  ഒട്ടേറെ പ്രസിദ്ധീകരണങ്ങൾ വായനശാലയിൽ ഉണ്ടായിരുന്നു. പ്രസിദ്ധീകരണങ്ങളിൽ ചില ഉത്തരങ്ങൾ വ്യത്യാസപ്പെട്ടു കാണാറുണ്ട്. ഇതിൽ നിന്നു ശരിയുത്തരം കണ്ടെത്തി പഠിക്കാൻ കഴിഞ്ഞതും പരീക്ഷയിൽ ഏറെ സഹായിച്ചു. ഇതിനു പുറമെ  കംബൈൻഡ് സ്റ്റഡിയുമുണ്ടായിരുന്നു. എല്ലാ പുസ്തകങ്ങളും പലയാവർത്തി വായിച്ചു പഠിച്ചതിനാൽ പല പ്രധാനപ്പെട്ട വർഷങ്ങളും മനസിൽ പതിഞ്ഞു കിടന്നതായും റിയ പറയുന്നു.

എൽഡി ക്ലാർക്ക്, സിവിൽ സപ്ലൈസ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷകളിലും മികച്ച റാങ്ക് നേടി. എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ 29–ാം റാങ്കായിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്നിക്കിൽ എൽഡി ക്ലാർക്കായി നിയമനം ലഭിച്ചു. ഇപ്പോൾ ഒരു വർഷമായി   ഇവിടെ ജോലി ചെയ്യുന്നു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ റിയയ്ക്ക് 121 മത് റാങ്കുണ്ട്. ഇതിൽ നിന്നു നിയമന ശുപാർശ ലഭിച്ചാൽ അതു സ്വീകരിക്കാനാണു തീരുമാനം. ചാലക്കുടി മേലൂർ ഉപ്പൻ ജോസിന്റെയും ആനിയുടെയും മകളാണ്. ഭർത്താവ് ജോസഫ് കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ്  ഹൈസ്കൂളിൽ അധ്യാപകൻ. 

‘‘തൊഴിൽവീഥിയുടെ സ്ഥിരം വായനക്കാരിയാണ്. തൊഴിൽവീഥിയിൽ നൽകിയിരുന്ന  പരീക്ഷാ പരിശീലനങ്ങളും കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഏറെ ഉപകാരപ്പെട്ടു. മോഡൽ ചോദ്യപേപ്പറുകൾ എല്ലാ ആഴ്ചയും ചെയ്തു പരിശീലിക്കുമായിരുന്നു. നെഗറ്റീവ് മാർക്കുകൾ പരമാവധി കുറയ്ക്കാനും വേഗത്തിൽ ഉത്തരം മാർക്ക് ചെയ്യാനും ഈ പരിശീലനം സഹായിച്ചു. എല്ലാ ദിവസവും എല്ലാ വിഷയവും പഠിച്ചു പോകുന്ന രീതിയായിരുന്നു. ചിലതെല്ലാം ഓർത്തുവയ്ക്കാൻ കോഡുകളും ഉപയോഗിച്ചു. പ്രയാസമേറിയ വിഷയങ്ങൾക്കായി കൂടുതൽ സമയം നീക്കിവച്ചു’’.

English Summary: Board Assistant Rank Holder Riya Jose

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA