കുമാരി ഷിബുലാൽ; ആയിരത്തിലധികം വിദ്യാർഥികളുടെ വഴികാട്ടി
Mail This Article
മനുഷ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ നാം വലിയ പണക്കാരായിരിക്കണമെന്നു നിര്‍ബന്ധമില്ല. ഒരു സുഹൃത്തിനെ സഹായിക്കുമ്പോഴോ, റോഡ് മുറിച്ചു കടക്കാന്‍ കാത്തു നില്‍ക്കുന്ന പ്രായം ചെന്ന ഒരാള്‍ക്കു കൈത്താങ്ങാകുമ്പോഴോ ഒക്കെ ആര്‍ക്കും സ്‌നേഹത്തിന്റെ സഹായഹസ്തം നീട്ടാവുന്നതാണ്. ഇതു പറയുന്നതു ഷിബുലാല്‍ ഫാമിലി ഫിലാന്ത്രോപിക് ഇനിഷ്യേറ്റീവ്‌സ് എന്ന സന്നദ്ധ സംഘടനയിലൂടെ ആയിരക്കണക്കിനു പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയ കുമാരി ഷിബുലാലാണ്.
കേരളത്തിലെ രാമമംഗലം എന്ന ചെറിയ ഗ്രാമത്തില്‍ ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച കുമാരി വിദ്യാഭ്യാസമാണു വിജയത്തിലേക്കുള്ള വഴിയെന്നു പണ്ടേ തിരിച്ചറിഞ്ഞ വ്യക്തിയാണ്.
ഇന്‍ഫോസിസ് സഹസ്ഥാപകനും മുന്‍ സിഇഒയുമായ എസ്ഡി ഷിബുലാലിനെ വിവാഹം കഴിച്ചതോടെയാണു കുമാരി മുംബൈയിലും പിന്നീടു അമേരിക്കയിലുമെത്തുന്നത്. 1997ല്‍ ഇന്ത്യയിലേക്കു മടങ്ങിയെത്തിയ ദമ്പതികള്‍ സാമൂഹിക മേഖലയില്‍ നിരവധി മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന സംരംഭങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. 1999ല്‍ സരോജിനി ദാമോദരന്‍ ഫൗണ്ടേഷനും 2004ല്‍ അദ്വൈത് ഫൗണ്ടേഷനും ആരംഭിച്ചു.
തങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കിയ വിദ്യാഭ്യാസം എന്ന വലിയ സമ്മാനം മറ്റുള്ളവര്‍ക്കും നല്‍കാനാണ് ഇവര്‍ ശ്രമിച്ചത്. വിദ്യാധന്‍, വിദ്യാരക്ഷക്, അന്‍കുര്‍, അദ്വൈത് തുടങ്ങിയ സംരംഭങ്ങളിലൂടെയാണ് വിദ്യാഭ്യാസരംഗത്ത് ഈ ദമ്പതികള്‍ പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലെ ഫിലാന്ത്രോപിസ്റ്റായ പെഗ്ഗ് ഡുലാനി സ്ഥാപിച്ച സിനര്‍ജോസ് ഗ്ലോബല്‍ ഫിലാന്ത്രോപിസ്റ്റ്‌സ് സര്‍ക്കിളുമായി സഹകരിച്ചും ഷിബുലാല്‍ ഫാമിലി ഫിലാന്ത്രോപിക് ഇനിഷ്യേറ്റീവ്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്.
ഇരു സംഘടനകളും ചേര്‍ന്ന് ഇന്ത്യയിലെ മനുഷ്യസ്‌നേഹപരമായ പ്രവര്‍ത്തനങ്ങളെ അടയാളപ്പെടുത്താന്‍ ഹൗ ഇന്ത്യ ഗീവ്‌സ് എന്നൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. 2019ലെ വേള്‍ഡ് ഗീവിങ് ഇന്‍ഡെക്‌സില്‍ 128 രാജ്യങ്ങളില്‍ 82-ാം സ്ഥാനത്താണ് ഇന്ത്യ. എല്ലാവര്‍ക്കും വാരിക്കോരി കൊടുക്കുന്ന ഒരു സംസ്‌കാരമുണ്ടായിട്ടും റാങ്കിങ്ങില്‍ ഇത്തരത്തില്‍ ഇന്ത്യ പിന്നിലേക്കു പോകുന്നത് ഇന്ത്യയിലെ മനുഷ്യസ്‌നേഹപരമായ പ്രവര്‍ത്തനങ്ങള്‍ ഭൂരിപക്ഷവും അസംഘടിതവും അനൗദ്യോഗികവുമായതിനാലാണെന്നു കുമാരി ഷിബുലാല്‍ ചൂണ്ടിക്കാണിക്കുന്നു.
സ്‌കൂളുകളെയും പാവപ്പെട്ട ചുറ്റുപാടുകളില്‍ നിന്നുള്ള വിദ്യാർഥികളുടെ ഉന്നതവിദ്യാഭ്യാസത്തെയും ഷിബുലാല്‍ ഫാമിലി ഫിലാന്ത്രോപിക് ഇനിഷ്യേറ്റീവ്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്. അടുത്ത തലമുറയ്ക്കു വേണ്ടി ഇതു കുറച്ചു കൂടി മെച്ചപ്പെട്ട ഇടമാക്കി മാറ്റാന്‍ വിദ്യാഭ്യാസം കൊണ്ടു മാത്രമേ സാധിക്കൂ എന്നു കുമാരി ഷിബുലാല്‍ കൂട്ടിച്ചേര്‍ക്കുന്നു.