ADVERTISEMENT

സ്വപ്നങ്ങൾ കാണുന്നവർക്കായി കാലം ഗൂഢാലോചന നടത്തും എന്നതിന് ഉദാഹരണമാണ് ആനി ഹിൽട്ടൻ എന്ന പെൺകുട്ടിയുടെ ജീവിതം. അമേരിക്കയിലെ കലിഫോർണിയയിൽ ഡാനിന്റെയും മിഷേലിന്റെയും മകളായിട്ടായിരുന്നു അവളുടെ ജനനം. ചിത്രശലഭത്തെപോലെ കൂട്ടുകാരെല്ലാം പാറിപ്പറന്നു നടന്നപ്പോൾ ജീവിതത്തെക്കുറിച്ചു സ്വപ്നം കണ്ടവളാണ് ആനി. ലോകം ബഹുമാനിക്കുന്ന ഒരു ജിംനാസ്റ്റ് ആകണം– ആറാം വയസ്സിൽ അവൾ മാതാപിതാക്കളോടു പറ‍ഞ്ഞു. കൊച്ചു കുട്ടികൾ തമാശ പറയാറുണ്ടല്ലോ, അത്തരം ഒന്നായാണ് അവർ ആദ്യം കരുതിയത്. പക്ഷേ, ആനിയുടെ തീരുമാനം ഉറച്ചതായിരുന്നു. അവൾ പരിശീലനം ആരംഭിച്ചു. രണ്ടു വർഷത്തെ കഠിന ശ്രമം അവളെ ഒരു പ്രഫഷനൽ ജിംനാസ്റ്റാക്കി. 10 വയസ്സായപ്പോഴേക്കും പല നേട്ടങ്ങളും അവൾ സ്വന്തമാക്കി. അത്തവണത്തെ ഒളിംപിക്സിൽ ആനി അമേരിക്കയെ പ്രതിനിധീകരിക്കുമെന്ന് എല്ലാവർക്കും ഉറപ്പായിരുന്നു. പക്ഷേ, ആനിയുടെ സ്വപ്നങ്ങൾക്കുമേൽ 2011ൽ വിധിയുടെ കരിനിഴൽ വീണു.

Annie

പരിശീലനത്തിനുള്ള കയറിൽ നിന്നു നിലതെറ്റി അവൾ താഴേക്കു വീണു. കഴുത്തു കുത്തിയായിരുന്നു വീഴ്ച. കഴുത്തിന്റെ എല്ലു പൊട്ടി. അവൾ ആശുപത്രിയിലായി. തന്റെ സ്വപ്നം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുമോ എന്നവൾ ഭയന്നു. എന്നാൽ കഴുത്തിനു പറ്റിയ പരുക്കു വലിയ പ്രശ്നമായില്ല. അധികം കഴിയാതെ തന്നെ തിരിച്ചു പരിശീലനത്തിനിറങ്ങാം എന്നു ഡോക്ടർമാർ പറഞ്ഞു. അങ്ങനെ കരിനിഴലിനുമേൽ സൂര്യ രശ്മികൾ പതിച്ചു എ‌ന്നു കരുതിയിരിക്കുമ്പോഴാണു മറ്റൊരു ദുരന്തം വിരുന്നെത്തുന്നത്. 

എംആർഐ സ്കാനിങ്ങിൽ അവളുടെ നട്ടെല്ലിനു ഗുരുതരമായ പ്രശ്നങ്ങൾ കാണിക്കുന്നു. കൂടുതൽ പരിശോധനകൾ നടത്തിയതോടെ കാര്യത്തിന്റെ ഗൗരവം ഡോക്ടർമാർ ആനിയുടെ മാതാപിതാക്കളെ അറിയിച്ചു. ഒട്ടേറെ ശസ്ത്രക്രിയകൾ വേണ്ടിവരും. മാത്രമല്ല, പഴയതുപോലെ ആനിക്കു ജിംനാസ്റ്റിക്സിൽ തുടരാനുമാകില്ല. മാതാപിതാക്കളും ഡോക്ടർമാരും അവളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. ശസ്ത്രക്രിയകൾ ഒന്നിനു പിറകെ ഒന്നായി പൂർത്തിയാക്കി. നട്ടെല്ലിൽ സ്‌ക്രൂ ഇടേണ്ടി വന്നു. മാസങ്ങളോളം എഴുന്നേൽക്കാനാകാതെ അവൾ കിടക്കയിൽ വിശ്രമിച്ചു.

ഈ കാലം മുഴുവൻ അവൾ തന്റെ ജീവിതത്തെക്കുറിച്ചാണു ചിന്തിച്ചത്. ജിംനാസ്റ്റ് എന്നല്ലാതെ മറ്റൊരു ജീവിതത്തെക്കുറിച്ച് അവൾക്കു ചിന്തിക്കാൻ പോലും താൽപര്യമില്ലായിരുന്നു. വിശ്രമം എന്ന അവസ്ഥയോടുതന്നെ ആനിക്കു ദേഷ്യമായി. പതിയെ ആ ദേഷ്യം നിരാശയായി മാറി.

മാനസികവും ശാരീരികവുമായ തളർച്ച ബാധിച്ചു തുടങ്ങിയ ആനിയോട് ഉള്ളിലെ ജിംനാസ്റ്റ് സംസാരിച്ചു തുടങ്ങി. തന്റെ സ്വപ്നങ്ങളിലേക്കു മടങ്ങാൻ അവളുടെ ഉള്ളം നിരന്തരം പ്രേരിപ്പിച്ചു. വിശ്രമ ജീവിതത്തിന്റെ 13 മാസം കടന്നു പോയി. ‌

തളർച്ചയുടെ കിടക്കയിൽ നിന്ന് ആനി ഉയർത്തെഴുന്നേറ്റു. മാതാപിതാക്കളുടെ വിലക്കിനെ അതിജീവിക്കാൻ ഡോക്ടറുടെ വാക്കുകൾക്കായി. ചെറിയ വ്യായാമമുറകൾ ചെയ്യാൻ ഡോക്ടർ അനുവദിച്ചു. മൂന്നാഴ്ച കഴിഞ്ഞപ്പോൾ ജിമ്മിൽ പോകാൻ തുടങ്ങി. 

പതിയെ തന്റെ സ്വപ്നത്തിന്റെ ട്രാക്കിലേക്കവൾ ഓടിക്കയറി. ആദ്യമൊക്കെ ശരീരം വേദനയോടെ പ്രതികരിച്ചു. പക്ഷേ, അതൊന്നും അവളെ പിന്നോട്ടു വലിച്ചില്ല. പരിശീലന സമയം അവൾ പതിയെ കൂട്ടിത്തുടങ്ങി. ഒടുക്കം ആഴ്ചയിൽ അഞ്ചു ദിവസവും പരിശീലനത്തിനായി മാറ്റിവച്ചു. തുടർച്ചയായി അഞ്ചു മണിക്കൂർ വരെ പരിശീലനം ചെയ്തു. അങ്ങനെ പഴയ വേഗവും താളവുമുള്ള ആനി തിരിച്ചെത്തി.

14 വയസ്സായപ്പോഴേക്കും വീണ്ടും ശ്രദ്ധിക്കപ്പെടുന്ന പ്രകടനവുമായി ആനി ഹിൽട്ടൻ മടങ്ങിയെത്തി. ഇന്നു ജൂനിയർ ഒളിംപിക്സ് ടീമിലേക്കു പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ട പത്തുപേരിൽ ഒരാളാണ് ആനി ഹിൽട്ടൻ. തന്റെ ശാരീരിക പരിമിതികൾക്കെതിരെ യുദ്ധം ചെയ്തു വിജയിക്കാനായതോടെ ആനി ലോകത്തിനു തന്നെ വലിയ പ്രചോദനമായി മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com