ADVERTISEMENT

ഉപ്പയുടെയും ഉമ്മയുടെയും എട്ടുമക്കളിൽ ഏഴാമനാണ് ഞാൻ. ഉപ്പ ബാവയുടെ കൊച്ചുകടയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഞങ്ങളെല്ലാം പഠിച്ചത്. നാട്ടിലെ സർക്കാർ സ്കൂളിൽ പത്തുവരെ പഠിച്ച ശേഷം പെരുമ്പാവൂരിനടുത്തുള്ള ജയകേരളം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് പ്ലസ്ടു പാസായത്. എല്ലാ മക്കൾക്കും ഉയർന്ന വിദ്യാഭ്യാസം നൽകുക എന്നത് വാപ്പയുടെയും ഉമ്മ മീരാവുമ്മയുടെയും വാശിയായിരുന്നു. ക്ലാസ് മുടക്കാനൊന്നും സമ്മതിക്കുകയേ ഇല്ല. പ്ലസ്ടു വരെ പഠിച്ച 12 വർഷത്തിനിടയിൽ ആകെ രണ്ടേ രണ്ടു ദിവസം മാത്രമേ ഞാൻ ആബ്സന്റ് ആയിട്ടുള്ളൂ. ആറാം ക്ലാസിൽ പഠിക്കുന്ന കാലത്ത് എന്റെ ഗ്രാൻഡ് മദർ മരിക്കുമ്പോഴും പ്ലസ് വണ്ണിനു പഠിക്കുന്ന കാലത്ത് ഗ്രാൻഡ് ഫാദർ മരിക്കുമ്പോഴും.

സ്കൂളിൽ പഠിക്കുന്ന കാലത്ത് മിക്ക കുട്ടികളെയും പോലെ ഡോക്ടറാകുക എന്നതായിരുന്നു എന്റെയും സ്വപ്നം. സ്വപ്നം കൊണ്ടു മാത്രം ഞാൻ ഡോക്ടറാകില്ലെന്ന് പരീക്ഷ കഴിഞ്ഞപ്പോൾ മനസ്സിലായി. എത്ര പഠിക്കണമെന്നോ എങ്ങനെ പഠിക്കണമെന്നോ അറിയാതെ എൻട്രൻസ് പരീക്ഷ എഴുതിയ ഞാൻ ഒടുവിൽ അഗ്രികൾചർ പഠനത്തിലാണ് എത്തിയത്. അതിന്റെ സാധ്യതകൾ അറിയാതിരുന്ന ഞാൻ തികച്ചും നിരാശനുമായി.

ചേട്ടന്റെ വഴിയേ

ഞാൻ ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴാണ് ചേട്ടൻ പി.ബി. സലിമിന് ഐഎഎസ് കിട്ടിയത്. ചേട്ടന്മാരെല്ലാം മികച്ച വിദ്യാർഥികളായിരുന്നുവെങ്കിലും സ്കൂളിൽ ഞാനൊരു ആവറേജ് സ്റ്റുഡന്റ് ആയിരുന്നു. എങ്കിലും കുടുംബത്തിൽ ഒരാൾക്ക് ഐഎഎസ് ലഭിച്ചപ്പോൾ അതിനു സഹായിച്ച കുറച്ച് ജീനുകൾ എനിക്കുമുണ്ടാകുമെന്ന് ഞാൻ വിശ്വസിച്ചു. അഗ്രികൾചര്‍ പഠനത്തിനു ശേഷമാണ് ഐഎഎസ് എന്നു തീരുമാനിക്കുന്നത്. പിജി എൻട്രൻസ് പരീക്ഷയെഴുതി സ്കോളർഷിപ്പോടു കൂടി കേരളത്തിനു പുറത്ത് പഠിക്കാൻ കഴിഞ്ഞാൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് വളരെ സഹായകരമാകും എന്നും കണക്കുകൂട്ടി.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച് നടത്തിയ പിജി എൻട്രൻസ് പരീക്ഷയിൽ വിജയിച്ച് ഞാൻ ബെംഗളൂരുവിലെ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾചറൽ സയൻസിൽ പഠിക്കാൻ ചേർന്നു. പിന്നീട് പിഎച്ച്ഡിക്കായി ഡൽഹിയിലേക്കു പോയതും 2011ൽ ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സർവീസ്) പരീക്ഷയിൽ വിജയിച്ചതുമെല്ലാം ഐഎഎസ് എന്ന എന്റെ സ്വപ്നത്തിലേക്കുള്ള ചവിട്ടുപടികളായാണ് കണ്ടത്. ഡെറാഡൂണിലെ ഇന്ദിരാഗാന്ധി നാഷനൽ ഫോറസ്റ്റ് അക്കാദമിയിൽ (ഐജിഎൻഎഫ്എ) ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് ട്രെയ്നിങ്ങിൽ ആയിരിക്കുമ്പോഴാണ് ഒരു വട്ടം കൂടി സിവിൽ സർവീസ് എഴുതിയത്. അങ്ങനെ 2012 ൽ 43–ാം റാങ്കോടെ ഞാൻ ഐഎഎസിലെത്തി. ചേട്ടന് ഐഎഎസ് കിട്ടി പത്തു വർഷത്തിനു ശേഷം.

കൃഷി കരിയറാക്കാം

കൃഷി പഠിച്ചതു കൊണ്ട് എന്താണ് പ്രയോജനം? ഒന്നുകിൽ മണ്ണിലിറങ്ങി കൃഷി ചെയ്യാം, അല്ലെങ്കിലോ? പലർക്കും മറുപടി അറിയില്ല. കൃഷി മോശമാണെന്നു ചിന്തയുള്ള കാലമൊക്കെ കഴിഞ്ഞു. അക്കാദമിക് പഠനത്തിനും പ്രായോഗിക പഠനത്തിനും വിശാല സാധ്യതകളുള്ള മേഖലയാണ് അഗ്രികൾചർ സ്റ്റഡീസ്. ഡിഗ്രിക്ക് എനിക്കൊപ്പം പഠിച്ച 36 പേരിൽ 30 പേരും ഇന്ന് സർക്കാർ സർവീസിൽ ഉയർന്ന ജോലികൾ ചെയ്യുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർചിൽ ശാസ്ത്രജ്ഞൻ മുതൽ കോളജ് പ്രഫസർമാരും ബാങ്ക് ഉദ്യേഗസ്ഥരും വരെ ആ കൂട്ടത്തിലുണ്ട്. ബാക്കിയുള്ള ആറുപേർ ജോലി സ്വയം വേണ്ടെന്നു വച്ചവരാണെന്നു കൂടി പറയട്ടെ.

അഗ്രികൾചർ ആൻഡ് അലൈഡ് സയൻസസ് എന്നറിയപ്പെടുന്ന കൃഷിയും അനുബന്ധ പഠനശാഖകളും പോലെ ഇത്രയും ജോലി സാധ്യതകളുള്ള കോഴ്സുണ്ടോ എന്നു തന്നെ സംശയമാണ്. സ്വയം സംരംഭകർക്കുള്ള ബിസിനസ് സാധ്യതകൾ ഇതിനു പുറമേയാണെന്ന് ഓർക്കണം.

ഈ മേഖലയിലെ പഠനത്തിനു ശേഷം മത്സരപരീക്ഷകൾ പാസാകുന്ന വിദ്യാർഥികളുടെ എണ്ണവും കൂടുതലാണ്. അഗ്രികൾചർ സയൻസിനു കീഴിൽ വരുന്ന പഠന‌കോഴ്സുകളിൽ കൃഷിക്കു പുറമെ സോഷ്യോളജിയും സൈക്കോളജിയും മുതൽ സ്റ്റാറ്റിസ്റ്റിക്സും കംപ്യൂട്ടർ സയൻസുമൊക്കെ കരിക്കുലത്തിൽ ഉള്ളതു കൊണ്ടാണത്.

Read Full Story >>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com