മഞ്ഞുകൊണ്ട് അണക്കെട്ട്; പരിഹസിച്ചവരെ വിസ്മയിപ്പിച്ച് ‘ഐസ്മാൻ’!

Chewang-Norphel
SHARE

‘ആദ്യം നിങ്ങളെ അവഗണിക്കും, പിന്നെ അപമാനിക്കും, തുടർന്ന് ആക്രമിക്കും, നിങ്ങളെ ജീവനോടെ പൊരിക്കാൻ നോക്കും, എല്ലാം കഴിഞ്ഞ് നിങ്ങളുടെ സ്മാരകം പണിയും’. പുതുചിന്തക്കാരെ സമൂഹം കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് അമേരിക്കൻ സിനിമാവ്യവസായി നിക്കൊളാസ് കെയിൻ. പക്ഷേ പുതുചിന്തയും ശൈലിയും സ്വീകരിക്കുന്നവരാണ് മഹാവിജയങ്ങൾ കൈവരിക്കുക.

1935ൽ ലഡാക്കിൽ ജനിച്ച ചെവാങ് നോർഫലിന്റെ കഥ നിക്കൊളാസിന്റെ പ്രവചനം ശരിവയ്ക്കുന്നു. സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടി, ജമ്മു–കശ്മീർ സർക്കാരിലെ വികസനവകുപ്പിൽ ജോലി ചെയ്ത് 60–ാം വയസ്സിൽ വിരമിച്ചു. 

ജീവിതം 60ൽ തുടങ്ങുന്നു എന്ന ചൊല്ല് അന്വർത്ഥമാക്കി, തൊട്ടടുത്ത വർഷം ഒരു നോൺ–ഗവൺമെന്റൽ ഓർഗനൈസേഷനിൽ പ്രോജക്റ്റ് മാനേജരായി ചേർന്നു. സ്വന്തം നാട്ടിലെ കർഷകരുടെ ജലസേചനപ്രശ്നം പുതുരീതിയിൽ പരിഹരിക്കാൻ ശ്രമം തുടങ്ങി. വെള്ളത്തിന്റെ കാര്യത്തിൽ, ‘സമൃദ്ധിയിൽ ദൗർലഭ്യം’ എന്ന വൈരുദ്ധ്യമാണ് ലഡാക്കിന്. ശിശിരകാലത്തു വരൾച്ച. കർഷകർക്കു പരമദുഃഖം. ഇതിന് പരിഹാരം കണ്ടെത്തുമെന്ന ദൃഢനിശ്ചയത്തിലായി നോർഫൽ.

തടംകെട്ടിനിൽക്കുന്ന വെള്ളം ശിശിരത്തിൽ തണുത്തുറഞ്ഞ് മഞ്ഞുപലകയായി മാറുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അതിനെ കൃത്രിമഹിമാനിയാക്കാമെന്ന ആശയം മനസ്സിൽ മുളപൊട്ടി. ഒഴുകിനീങ്ങുന്ന ഐസ്കട്ടിയാണ് ഹിമാനി അഥവാ ഗ്ലേസിയർ. വൻ‍ഹിമാനികൾ മഹാദുരന്തങ്ങൾ സൃഷ്ടിക്കാറുണ്ട്. നൂറ്റാണ്ടുകൾ കൊണ്ടാവാം ചില ഹിമാനികൾ രൂപം കൊള്ളുന്നത്. ഹിമാനികളുണ്ടാക്കിയൊഴുക്കി, മഞ്ഞുരുകിയുള്ള  ജലം മഞ്ഞണ കെട്ടിത്തടഞ്ഞ്, നിയന്ത്രിച്ച് കൃഷിക്ക് ഉപയോഗിക്കുക എന്നതാണ് വിഭാവനം ചെയ്ത രീതി. ഹിമാനികൾ ഭൂഗർഭജലശേഖരത്തെ സഹായിക്കുകയും ചെയ്യും.

ആണ്ടിൽ അഞ്ചു സെന്റിമീറ്റർ മാത്രം മഴയുള്ള പ്രദേശത്ത് ഐസ് കൊണ്ട് അണകെട്ടി കൃഷിക്കുവേണ്ട വെള്ളം സുലഭമാക്കാൻ ശ്രമിച്ച നോർഫലിനെ ജനങ്ങൾ പരിഹസിച്ചു. നടപ്പില്ലാത്ത കാര്യം വാഗ്ദാനം ചെയ്തതിന് കേൾക്കേണ്ടിവന്ന ആക്ഷേപവാക്കുകളെ അദ്ദേഹം അവഗണിച്ചു, സ്വനിശ്ചയപ്രകാരം മുന്നോട്ടുനീങ്ങി.

ചില മാസങ്ങളിൽ വെള്ളം കുത്തിയൊഴുകുന്ന നാട്, വിളവുകാലത്തു ജലക്ഷാമമുള്ള മഞ്ഞുകാലമരുപ്രദേശമായി മാറും. പരമ്പരാഗതരീതിയിൽ വലിയ അണ കെട്ടി, ജലം കൊണ്ടുവരുന്നതിനെ അപേക്ഷിച്ച് തീരെക്കുറഞ്ഞ ചെലവിൽ കൃത്രിമഹിമാനികളെ എത്തിച്ച് നിയന്ത്രിച്ചു നിർത്താമെന്നതാണ് പുതുരീതിയുടെ കാതൽ. ചെറുഹിമാനിയിൽ തുടങ്ങി, 1000 x 150 x 4 അടിവരെയുള്ള കൃത്രിമഹിമാനി സൃഷ്ടിച്ച് അദ്ദേഹം നാട്ടുകാരെ വിസ്മയിപ്പിച്ചു. വിജയിച്ചു.

ഹിമാലയത്തിൽ മഞ്ഞുകൊണ്ട് അണക്കെട്ടു നിർമ്മിച്ച നോർഫലിന് ‘ഐസ്മാൻ’ എന്ന പേരു വീണു. 2015ൽ പദ്മശ്രീ നല്കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. കാലാവസഥ മനുഷ്യനെ കീഴ്പ്പെടുത്താതിരിക്കാൻ അദ്ദേഹം നല്കുന്ന ഉപദേശം : ‘‘ഉടൻ തുടങ്ങുക. വൈകിക്കരുത്’’. 

വിജയിക്ക് ആദ്യം വേണ്ടതു സ്വപ്നം. പക്ഷേ അതുകൊണ്ടായില്ല. സ്വപ്നം സാക്ഷാൽക്കരിക്കാൻ ദൃഢനിശ്ചയം കൂടിയേ തീരൂ. ‘ഞാൻ വിജയിക്കും’ എന്നു പറയുക; തിരിച്ചടികൾ വന്നാലും പിൻതിരിയാതെ ഉറച്ചു നിൽക്കുക. കാറോട്ടമത്സരത്തിലെ അസാമാന്യപ്രതിഭ മാരിയോ അന്ദ്രേത്തി : ‘‘പ്രചോദനത്തിന്റെ താക്കോൽ ആഗ്രഹം. പക്ഷേ ദൃഢനിശ്ചയമാണ് വിജയത്തിലെത്തിക്കുക. ലക്ഷ്യംനേടാനുള്ള പരിശ്രമവും ഗുണമേന്മയോട് പ്രതിബദ്ധതയും ഒപ്പം വേണം’’. ഒറ്റ വെട്ടിനു മല മാറ്റാനാവില്ല. ക്ഷമയോടെ ഓരോ കല്ലും വെട്ടിനീക്കണം,. വലിയ ലക്ഷ്യം നേടാൻ ചെറിയ പല സുഖങ്ങളും ഉപേക്ഷിക്കേണ്ടിവരും.

1972ലെ ഒളിമ്പിക്സ് ഗുസ്തിയിൽ സ്വർണമെ‍ഡൽ നേടിയ ഡാൻ ഗേബിൾ : ‘സ്വർണമെഡലുകൾ സ്വർണം കൊണ്ടല്ല, വിയർപ്പും ദൃഢനിശ്ചയവും കാണാൻ കിട്ടാത്ത ധീരതയെന്ന ലോഹക്കൂട്ടും കൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത്.’ മഹാരോഗത്തെ വെല്ലുവിളിച്ച് വിജയിച്ച പ്രശസ്ത വനിതാ അത്‍ലീറ്റ് ഗെയിൽ ഡെവെഴ്സ് പറഞ്ഞത് ഇതിനോടു കൂട്ടിവായിക്കാം : ‘സ്വപ്നങ്ങൾ നിലനിർത്തുക. സ്വന്തം കഴിവിൽ വിശ്വാസം, ഭാവന, കഠിനാദ്ധ്വാനം,, ദൃഢനിശ്ചയം, സമർപ്പണബുദ്ധി എന്നിവയുണ്ടെങ്കിലേ മഹത്തായ ഏതു നേട്ടവും കൈവരിക്കാനാവൂ.’

സ്ഥിരതയ്ക്കും സ്ഥിരപരിശ്രമത്തിനും പ്രചാരം കുറവായതു കൊണ്ടാവണം വൻവിജയങ്ങൾ ഏറെയില്ലാത്തത്. ദൃഢനിശ്ചയവും ലക്ഷ്യബോധത്തോടെയുള്ള പ്രയത്നവും വഴി  ചരിത്രം  തിരുത്തിക്കുറിച്ചവർവരെയുണ്ട്. പരീക്ഷകളും പരീക്ഷണങ്ങളും ജീവിതസമ്മർദ്ദങ്ങളും വന്ന് പിടിവിടാൻ ഇടയാവരുത്.

‘ഉദ്ദേശിച്ച കാര്യം ചെയ്യാൻ കഴിയും, ചെയ്യും എന്ന ദൃഢനിശ്ചയമുണ്ടെങ്കിൽ അതിനു വേണ്ട വഴി കണ്ടെത്താം’ എന്ന് എബ്രഹാം ലിങ്കൻ. ‘നേട്ടങ്ങൾ കൈവരിച്ചവർ വെറുതേയിരുന്നു കാര്യങ്ങൾ നടക്കട്ടെ എന്നു വിചാരിച്ചവരല്ല, മറിച്ച് മുന്നോട്ടുചെന്ന് കാര്യങ്ങൾ നടത്തിച്ചവരാണ്’ എന്ന് ലിയണാർഡോ ഡാവിഞ്ചി. ജയിക്കുന്നവരും തോൽക്കുന്നവരും തമ്മിലുള്ള വ്യത്യാസം ശക്തിയുടെയോ അറിവിന്റെയോ കുറവല്ല, ദൃഢനിശ്ചയത്തിന്റെ കുറവാണ്. ഈ പാഠമാണ് ഇന്ത്യയുടെ ഐസ്മാൻ നമ്മെ പഠിപ്പിക്കുന്നത്. 

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

MORE IN ACHIEVERS
SHOW MORE
FROM ONMANORAMA