sections
MORE

ജനിച്ചപ്പോഴേ കൈകാലുകൾ ഇല്ല, ഡ്രൈവ് ചെയ്യും, നീന്തും, ടൈപ്പ് ചെയ്യും; അദ്ഭുതമാണ് പൗളിൻ

pauline–victoria
SHARE

പൗളിൻ നിങ്ങൾ ഒരു അദ്ഭുതമാണ്, അല്ലെങ്കിൽ നിങ്ങൾക്കെങ്ങനെ ഈ വിധം ലോകത്തെ ‌പ്രചോദിപ്പിക്കാനാകും. ഒരുപക്ഷേ, ‌ഇങ്ങനെയാകാം പൗളിൻ വിക്ടോറിയ എന്ന നാൽപതുകാരിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഏറ്റവും കൂടുതലായി ആളുകൾ കുറിച്ചിട്ടുണ്ടാകുക. നിങ്ങൾക്കെങ്ങനെ ഈ വിധം സന്തോഷത്തോടെ, അനായാസമായി ജീവിക്കാനാകുന്നു. ഇതായിരിക്കാം പൗളിൻ ഏറ്റവും അധികം കേട്ടിരിക്കുന്ന ചോദ്യം. പൗളിൻ വിക്ടോറിയയെ അടുത്തറിഞ്ഞാൽ നമ്മളും ഇതേ ചോദ്യം അവരോടു ചോദിച്ചുപോകും. കാരണം ഇരുകൈകളും വലുതു കാലും ഇല്ലാതെയാണു പൗളിൻ ജനിച്ചത്. ഇടതു കാലാകട്ടെ, തുടയെല്ലില്ലാതെ തളർന്ന അവസ്ഥയിലും. എന്നാൽ ഈ പരിമിതികളൊന്നും പൗളിന്റെ ജീവിതത്തെ ഒരു തരത്തിലും പിന്നോട്ടു വലിച്ചിട്ടില്ല. 

കൈകളും കാലുകളും ഇല്ലാത്ത പൗളിൻ നീന്തുന്നു, വാഹനം ഓടിക്കുന്നു, കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്നു, മുടി ചീകുന്നു, മേയ്ക്കപ്പ് ചെയ്യുന്നു, ഭക്ഷണം കഴിക്കുന്നു തുടങ്ങഇ സ്വന്തം കാര്യങ്ങളെല്ലാം ചിട്ടയായി ചെയ്യുന്നു. മകന്റെയും ഭർത്താവിന്റെയും കാര്യങ്ങൾ പോലും ചെയ്തു കൊടുക്കുന്നു. വീൽചെയറിന്റെ സഹായത്തോടെ സഞ്ചരിച്ച് അനേകർക്കു പ്രചോദനമേകുന്ന മോട്ടിവേഷനൽ സ്പീക്കറും എഴുത്തുകാരിയുമാണു പൗളിൻ.

കലിഫോർണിയയിലെ ഹവായിയിൽ അലന്റെയും മരിയയുടെയും മകളായി 1980ലാണു ജനനം. പ്രസവത്തിനു മുൻപു നടത്തിയ സ്കാനിങ്ങിൽ യാതൊരു കുഴപ്പവും കുഞ്ഞിനു കണ്ടിരുന്നില്ല. കൈകാലുകൾ ഇല്ലാതെ ജനിച്ച കുഞ്ഞ് ആദ്യം മാതാപിതാക്കളെ ആശങ്കയിലാഴ്ത്തിയെങ്കിലും പരിമിതികളില്ലാത്ത ഒരു ‌സാധാരണ കുട്ടിയായി മാതാപിതാക്കൾ അവളെ കണക്കാക്കി. അതുകൊണ്ടുതന്നെ ലോകം കാണുന്ന കുറവുകളൊന്നും ചെറുപ്പം മുതൽ പൗളിൻ സ്വയം കണ്ടില്ല. കൃത്രിമ കൈകാലുകൾ ഉപയോഗിക്കാതെ ജീവിക്കാൻ മാതാപിതാക്കൾ അവളെ പഠിപ്പിച്ചു. എല്ലാ കാര്യങ്ങളും സ്വയം ചെയ്യാനും പരിശീലിപ്പിച്ചു. 

പതിയെ വീൽച്ചെയർ ഉപയോഗിച്ചു സ്വയം യാത്ര ചെയ്യാനും പരിശീലിപ്പിച്ചു. സാധാരണ സ്കൂളിൽ, സാധാരണ കുട്ടികളോടൊപ്പം പഠിച്ചു. പഠനത്തിലും പൗളിൻ സമർഥയായിരുന്നു. സാൻഫ്രാൻസിസ്കോയിലെ സാന്റാ ക്ലാരാ സർവകലാശാലയിൽ നിന്നു ബ്രോഡ്കാസ്റ്റ് ജേണലിസത്തിൽ ബിരുദം കരസ്ഥമാക്കി. തന്റെ ജന്മനാട്ടിൽ നിന്നു മറ്റൊരു പട്ടണത്തിലേക്കു ബിരുദ പഠനത്തിനായി പോകാനുള്ള തീരുമാനം അവളുടേതായിരുന്നു. തനിക്കു തനിച്ചു ജീവിക്കാൻ സാധിക്കുമെന്നു തെളിയിക്കേണ്ടത് അവളുടെ ആവശ്യമായിരുന്നു.അവിടെ ഹോസ്റ്റലിൽ മാതാപിതാക്കളുടെ സഹായമില്ലാതെ അവൾ ജീവിച്ചു തെളിയിച്ചു.

ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം ‘ഹൈടെക് മാർക്കറ്റ് റിസർച്ച്’ എന്ന കമ്പനിയിൽ പൗളിനു ജോലി ലഭിച്ചു. പിന്നീടു ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള ഒരു കൗൺസിലിൽ അവൾ ജോലി നേടി. അവിടെ വച്ചു പരിചയപ്പെട്ട ടെഡ് ഔഖേയാണ് അവളുടെ ഭർത്താവ്.1999 മുതൽ ടെഡുമൊന്നിച്ചു ജീവിതം ആരംഭിച്ചു. 2002ൽ അവർ വിവാഹിതരായി. 2005-ൽ മകൻ ആരോണിനു ജന്മം നൽകി. പ്രസവാനന്തരം പോസ്റ്റ് പാർട്ടം ഡിപ്രഷൻ പൗളിനെ ബാധിച്ചു. എന്നാൽ, വളരെവേഗം പൗളിൻ ആ അവസ്ഥയെയും അതിജീവിച്ചു. തന്റെ ജീവിതത്തിലെ ഓരോ വെല്ലുവിളികളും എങ്ങന‌െ അതിജീവിക്കുന്നു തെളിയിക്കുന്ന വിഡിയോകൾ പൗളിൻ യൂട്യൂബിൽ അപ്‍ലോഡ് ചെയ്യാറുണ്ട്.നീന്തുന്ന, കാറോടിക്കുന്ന, സ്വയം മേയ്ക്കപ് അണിയുന്ന വിഡിയോകൾ. ഓരോ വിഡിയോയും പ്രചോദനമാണ്. ജീവിത വഴിയിൽ തളർന്നു വീണേക്കാവുന്ന പലർക്കും ഒരു കൈത്താങ്ങ്.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

MORE IN ACHIEVERS
SHOW MORE
FROM ONMANORAMA