ADVERTISEMENT

കൊറോണ ബാധിച്ച ചൈനയില്‍ നിന്ന് രക്ഷപ്പെടാനാണ് അവിടെ കുടുങ്ങിയ വിദേശികളായ ഭൂരിപക്ഷം പേരും ശ്രമിച്ചത്. എന്നാല്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ചൈനയിലെ രോഗികളെ രക്ഷിക്കാനിറങ്ങി മാതൃകയാവുകയാണ് ഇന്ത്യക്കാരനായ ഡോക്ടര്‍ അമീഷ് വ്യാസ്. മടങ്ങി വരാനുള്ള അമ്മയുടെ അഭ്യര്‍ത്ഥന പോലും നിരാകരിച്ചാണ് മധ്യപ്രദേശില്‍ നിന്നുള്ള ഈ ഡോക്ടര്‍ ചൈനയില്‍ സേവനം തുടരുന്നത്. കൊറോണ ബാധിച്ച ചൈനയിലെ ഹ്വാങ്‌സുവിലാണ് ഡോ. അമീഷ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സേവനം അനുഷ്ഠിക്കുന്നത്. 

2007ലാണ് മെഡിസിന്‍ ബിരുദ പഠനത്തിനായി അമീഷ് ഹ്വാങ്‌സുവിലേക്ക് പോകുന്നത്. ബിരുദ, ബിരുദാനന്തര പഠനത്തിനു ശേഷം അവിടെ പ്ലാസ്റ്റിക് സര്‍ജനായി സ്‌പെഷ്യലൈസേഷന്‍ ചെയ്യുകയായിരുന്നു. അതിനു ശേഷം  ഭാര്യയ്ക്കും മകള്‍ക്കും ഭാര്യാമാതാവിനുമൊപ്പം ചൈനയില്‍ തന്നെ സ്ഥിരതാമസമാക്കി.

2019 അവസാനത്തോടെ കൊറോണ പടര്‍ന്നതിനെ തുടര്‍ന്ന് വുഹാന്‍ അടിയന്തിര ലോക്ഡൗണിലേക്ക് പോയി. വുഹാനില്‍ നിന്ന് 757 കിലോമീറ്റര്‍ അകലെ ഹ്വാങ്‌സുവിലായിരുന്നെങ്കിലും വൈറസ് പടര്‍ന്ന വിവരമറിഞ്ഞ ഡോ. അമീഷ് അവിടെയെത്തി രോഗികളെ സഹായിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ, ഹ്വാങ്‌സുവിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആ യാത്ര വിലക്കി. എന്നാല്‍ വൈകാതെ ഹ്വാങ്‌സുവിലും കൊറോണയെത്തി. അതോടെ അമീഷും ഡോക്ടറായ ഭാര്യയും മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്വാറന്റൈന്‍ ക്യാംപില്‍ സേവനത്തിലേര്‍പ്പെട്ടു. അന്നു മുതല്‍ അഹോരാത്രം ഇവിടെ ജോലിയിലേര്‍പ്പെട്ടിരിക്കുകയാണ് ഈ ദമ്പതിമാര്‍. 

ക്യാംപില്‍ സുരക്ഷാ മാസ്‌കുകള്‍ക്ക് അഭാവം നേരിട്ടപ്പോള്‍ അമീഷ് സ്വന്തം വസ്ത്രങ്ങളില്‍ നിന്നു മാസ്‌കുണ്ടാക്കി. പരിണിതപ്രജ്ഞനായ ഡോക്ടറായിരുന്നതിനാല്‍ കൊറോണ പിടിപെടാതെ എങ്ങനെ ജോലി ചെയ്യണമെന്നു അമീഷിന് നന്നായി അറിയാമായിരുന്നു. ചികിത്സയില്‍ കൂടി നിരവധി പേരെ രക്ഷിക്കുന്നതിനൊപ്പം ഭക്ഷണവും മറ്റുമില്ലാതെ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് ആഹാരമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എത്തിക്കുന്നതിലും അമീഷ് ഏര്‍പ്പെട്ടിരിക്കുന്നു.ലോക് ഡൗണിന്റെ സമയത്ത് ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്കേ രണ്ടു ദിവസം കൂടുമ്പോ റേഷനും മറ്റും വാങ്ങാന്‍ പുറത്തു പോകാനാകൂ. അതും കര്‍ശന മുന്‍കരുതലുകളോടെ. ഈ പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം ശേഖരത്തിലുള്ള വസ്തുക്കള്‍ മറ്റുള്ളവരുമായി പങ്കുവച്ചും അമീഷ് മാതൃകയായി. 

മധ്യപ്രദേശിലെ രത്‌ലാമിലെ വീട്ടില്‍ അമീഷിന്റെ അമ്മ പക്ഷേ മകനെയോര്‍ത്തു വ്യാകുലയാണ്. തത്ക്കാലത്തേക്കെങ്കിലും നാട്ടിലേക്കു മടങ്ങിവരാന്‍ അമീഷിനോട് പലതവണ അമ്മ അഭ്യർഥിച്ചു. പക്ഷേ, ഡോക്ടറെന്ന തന്റെ കര്‍ത്തവ്യത്തില്‍ ഉറച്ചു നിന്നു കൊണ്ടു നിരവധി ജീവനുകള്‍ രക്ഷിക്കുന്ന തിരക്കിലാണ് ഇദ്ദേഹം. കുടുംബവുമായി ഫോണും വിഡിയോ കോളും വഴി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. ലോക്ഡൗൺ പിന്‍വലിച്ച ഹ്വാങ്‌സുവില്‍ കാര്യങ്ങള്‍ പതിയെ സാധാരണ നിലയിലേക്കു മടങ്ങുന്നു. ശാന്തരായി ഇനിയും മനുഷ്യ ജീവിതങ്ങളെ രക്ഷിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടാനാണു ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകരോട് ഡോ. അമീഷ് ആഹ്വാനം ചെയ്യുന്നത്.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com