sections
MORE

രണ്ടു മക്കളെയും സിവിൽ സർവീസുകാരാക്കിയ ഒരമ്മ; കടന്നുവന്നത് കനൽവഴികൾ

Praveen with Rehana,Amir
പര്‍വീണ്‍, രഹാന, അമീർ
SHARE

കൊറോണക്കാലം ആശങ്കകളുടെയും നിരാശയുടെയുമൊക്കെ സമയമാണ്. എന്നാല്‍ ഈ ദുരിതങ്ങള്‍ക്കിടയിലും മനുഷ്യന്‍ അതിജീവിക്കും എന്ന പോസിറ്റീവ് ചിന്തയാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്. പ്രതിസന്ധികളില്‍ തളരാതെ പിടിച്ചു നിന്നവരുടെ കഥകള്‍ ഈ മഹാമാരിക്കാലത്ത് നമുക്ക് ഏവര്‍ക്കും പ്രചോദനമാകും. ജമ്മു കശ്മീരിലെ പര്‍വീണ്‍ അക്തര്‍ എന്ന അമ്മയുടെ കഥ ഇത്തരത്തിലുള്ളതാണ്. 

ഭര്‍ത്താവിന്റെ രോഗവും ദാരിദ്ര്യവും പണമില്ലായ്മയുമെല്ലാം കഷ്ടപ്പെടുത്തിയിട്ടും തളരാതെ പിടിച്ചുനിന്നു തന്റെ രണ്ടു മക്കളെയും സിവില്‍ സര്‍വീസുകാരാക്കിയാണ് ഈ അമ്മ ഏവര്‍ക്കും മാതൃകയാകുന്നത്. പര്‍വീണിന്റെ മകള്‍ ഡോ. രഹാന ബഷീര്‍ ഐഎഎസ് ഉദ്യോഗസ്ഥയും മകന്‍ അമീര്‍ ബഷീര്‍ ഐആര്‍എസ് ഉദ്യോഗസ്ഥനുമാണ്. 

ജമ്മുവില്‍ സ്‌റ്റേറ്റ് ഫോറസ്റ്റ് കോര്‍പറേഷനില്‍ മോട്ടര്‍ മെക്കാനിക്കായിരുന്നു പര്‍വീണിന്റെ ഭര്‍ത്താവ് മുഹമ്മദ് ബഷീര്‍. കൃഷിവകുപ്പില്‍ ഹെഡ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയായിരുന്നു പര്‍വീണ്‍. രണ്ടാമത്തെ മകൻ അമീറിന് പത്തു വയസ്സുള്ളപ്പോഴാണ് ബഷീറിന് മോട്ടര്‍ ന്യൂറോണ്‍ രോഗം പിടിപെടുന്നത്. നേരത്തെകണ്ടു പിടിക്കാനാവാത്തതിനാല്‍ രോഗം പെട്ടെന്നു മൂര്‍ച്ഛിച്ചു. 

അമീറും രഹാനയും ഉള്‍പ്പെടെ മൂന്ന് കുട്ടികള്‍, അവരുടെ പഠനച്ചെലവ്, ഭര്‍ത്താവിന്റെ ചികിത്സ; പര്‍വീണ്‍ മാനസികമായും സാമ്പത്തികമായുമെല്ലാം  തകര്‍ന്നു പോയ സമയം. അച്ഛന്റെ രോഗാവസ്ഥയും അമ്മയുടെ കഷ്ടപ്പാടുകളും കണ്ടു വളര്‍ന്ന മക്കള്‍ക്കു മറ്റുള്ളവരുടെ വേദന എളുപ്പം പിടികിട്ടുമെന്നു പര്‍വീണ്‍ പറയുന്നു. വേദന അവരെ പക്വതയും സൂക്ഷ്മബോധവുമുള്ള മനുഷ്യരാക്കി മാറ്റി. 

2006ല്‍ അമീറിന് 13ഉം രഹാനയ്ക്ക് 14ഉം വയസ്സുള്ളപ്പോള്‍ ബഷീര്‍ മരണത്തിനു കീഴടങ്ങി. പിതാവിന്റെ മരണം സമ്മാനിച്ച ദുരിതത്തിനും ദുഃഖത്തിനുമിടയിലും മക്കള്‍ നന്നായി പഠിച്ചു. പര്‍വീണിനു ജോലിയുണ്ടായിരുന്നെങ്കിലും അവരുടെ സാമ്പത്തിക പ്രയാസങ്ങള്‍ വർധിച്ചതേയുള്ളൂ. വിദ്യാഭ്യാസത്തിനായി ലോണുകളെടുത്തു. 

സ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ അമീറിന് മുന്നില്‍ രണ്ട് ഓപ്ഷനുകളുണ്ടായിരുന്നു– ശ്രീനഗറിലെ എന്‍ഐടി, ജമ്മുവിലെ സാധാരണ എന്‍ജിനീയറിങ് കോളജ്. എന്‍ഐടിയില്‍ പ്രവേശനം ലഭിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ട് കാരണം അമീര്‍ തിരഞ്ഞെടുത്തത് ജമ്മുവിലെ കോളജ്. കുട്ടികള്‍ക്ക് ട്യൂഷനൊക്കെ എടുത്ത് അമ്മയെ കഴിയുന്നതു പോലെ സഹായിക്കാന്‍ അമീര്‍ ശ്രമിച്ചു. 

സമൂഹത്തിലൊരു മാറ്റമുണ്ടാക്കണമെന്ന ആഗ്രഹമാണ് യുപിഎസ്‌സി പരീക്ഷയെഴുതാന്‍ അമീറിനെ പ്രേരിപ്പിച്ചത്. ഇന്ത്യ –പാക് പ്രശ്‌നത്തെ തുടര്‍ന്ന് നിരന്തരം ഷെല്ലിങ് നടക്കുന്ന മേഖലയിലായിരുന്നു അമീറിന്റെ മുത്തശ്ശി താമസിച്ചിരുന്നത്. മേഖലയിലെ ജനങ്ങളുടെ കഷ്ടപ്പാടുകളും സിവില്‍ സര്‍വീസിന്റെ ഭാഗമായി മാറ്റങ്ങള്‍ വരുത്തണമെന്ന അമീറിന്റെ ദൃഢനിശ്ചയത്തിന് ആക്കം കൂട്ടി. 2017 ലാണ് സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ച് അമീര്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസിന്റെ ഭാഗമാകുന്നത്. 

സഹോദരന്‍ എന്‍ജിനീയറിങ്ങിന് ശേഷമാണ് സിവില്‍ സര്‍വീസിലേക്ക് എത്തിയതെങ്കില്‍ മൂത്ത സഹോദരി രെഹാന മെഡിക്കല്‍ മേഖലയില്‍ നിന്നാണു സര്‍വീസിലേക്ക് എത്തുന്നത്. 2017ല്‍ സഹോദരനൊപ്പം യുപിഎസ്‌സി പരീക്ഷയ്ക്കിരുന്നെങ്കിലും ഡേ. രഹാനയ്ക്ക് വിജയിക്കാനായില്ല. 2018ല്‍ അഖിലേന്ത്യ തലത്തില്‍ 187-ാം റാങ്കോടെ ഐഎഎസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ജീവിതമാണ് ഏറ്റവും കര്‍ക്കശക്കാരിയായ അധ്യാപിക. ജീവിതം പഠിപ്പിക്കുന്ന പാഠങ്ങള്‍ എഴുന്നേറ്റു നിന്നു  വെല്ലുവിളികളായി ഏറ്റെടുക്കുന്നവര്‍ക്കുള്ളതാണു വിജയം. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ അമ്മയും മക്കളും.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA