ADVERTISEMENT

46 വര്‍ഷം മുന്‍പ് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ നോട്ടിസ് ബോര്‍ഡില്‍ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു. എന്‍ജിനീയര്‍മാരുടെ പ്ലേസ്‌മെന്റിനായി ഓട്ടമൊബീല്‍ കമ്പനിയായ ടെല്‍കോ (ഇന്നത്തെ ടാറ്റ മോട്ടേഴ്‌സ്) നല്‍കിയതായിരുന്നു അത്. കഠിനാധ്വാനികളും മികച്ച അക്കാദമിക പശ്ചാത്തലമുള്ളവരും പ്രതിഭാശാലികളുമായ യുവ എന്‍ജിനീയര്‍മാരെ ആവശ്യമുണ്ടെന്നായിരുന്നു പരസ്യം. അതിനു താഴെ ഒരു ചെറു വാചകം കൂടി ഉണ്ടായിരുന്നു. ‘വനിതാ ഉദ്യോഗാർഥികള്‍ അപേക്ഷിക്കേണ്ടതില്ല.’

ഈ ചെറുവാചകം അക്കാലത്ത് അവിടെ ബിരുദാനന്തരബിരുദത്തിന് പഠിച്ചു കൊണ്ടിരുന്ന ഒരു വിദ്യാർഥിനിയുടെ കണ്ണിലുടക്കി. ജീവിതത്തിലുടനീളം എല്ലായിടത്തുനിന്നും ഒന്നാമതായി പഠിച്ചിറങ്ങിയ ആ യുവതിയെ സംബന്ധിച്ചിടത്തോളം ഈ ലിംഗവിവേചനം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. 

ഒരു പോസ്റ്റ്കാര്‍ഡില്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു കൊണ്ട് ജെആര്‍ഡി ടാറ്റയ്ക്ക് അവരൊരു കത്തെഴുതി. അമേരിക്കയില്‍ സ്‌കോളര്‍ഷിപ്പോടു കൂടി ഉന്നത പഠനത്തിന് അവസരം ലഭിച്ച ആ യുവതിക്ക് ഇന്ത്യയിലൊരു ജോലി നേടുക എന്ന ചിന്തയേ ഉണ്ടായിരുന്നില്ല. പക്ഷേ, കത്തയച്ച് 10 ദിവസത്തിനകം ടെല്‍കോയില്‍നിന്ന് അവര്‍ക്കൊരു ടെലിഗ്രാം ലഭിച്ചു. അഭിമുഖ പരീക്ഷയ്ക്കായി ഉടനെ പുണെയില്‍ എത്തണം. ചെലവെല്ലാം കമ്പനി വക. തികച്ചും അപ്രതീക്ഷിതമായിരുന്നെങ്കിലും ആ യുവതി അഭിമുഖത്തിന് ചെന്നു. ബിരുദവും ബിരുദാനന്തരബിരുദവുമെല്ലാം ഗോള്‍ഡ് മെഡലോടെ പാസ്സായ ആ മിടുക്കിക്ക് ജോലി നല്‍കാതെ കമ്പനിക്കു വേറെ നിര്‍വാഹമുണ്ടായിരുന്നില്ല. അങ്ങനെ ടെല്‍കോയിലെ ആദ്യ വനിതാ എന്‍ജിനീയറായി അവര്‍ ജോലിക്കു കയറി. 

ആ കത്തും തുടര്‍ന്നുള്ള പുണെയിലെ ജോലിയും ആ യുവതിയുടെ ജീവിതത്തില്‍ വഴിത്തിരിവായി. അവിടെ വച്ച് ബുദ്ധിമാനും എന്നാല്‍ അന്തര്‍മുഖനുമായ ഒരു യുവാവുമായി പരിചയപ്പെടുകയും അയാളെ വിവാഹം കഴിക്കുകയും ചെയ്തു. പില്‍ക്കാലത്ത് തന്റെ ഭര്‍ത്താവിന് 10,000 രൂപ എടുത്ത് കൊടുത്തിട്ട് അയാളുടെ സ്വപ്നമായ സോഫ്റ്റ്‌വെയര്‍ കമ്പനി സാക്ഷാത്ക്കരിക്കാന്‍ പറഞ്ഞതും ഇതേ യുവതിയായിരുന്നു. കയ്യില്‍ പണമില്ലാതെ തന്റെ കഠിനാധ്വാനവും ബുദ്ധിയും കൈമുതലാക്കി ഭര്‍ത്താവ് സ്റ്റാര്‍ട്ട് അപ് കമ്പനിക്കായി അലഞ്ഞപ്പോള്‍ ഈ യുവതി കുടുംബചെലവുകള്‍ നടത്തി. 

ലോകം ഇന്നവരെ അറിയുന്നത് സുധാ മൂര്‍ത്തി എന്ന പേരിലാണ്. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍. ആര്‍. നാരായണ മൂര്‍ത്തിയുടെ പ്രിയ പത്‌നി. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ നട്ടെല്ല്. കന്നഡത്തിലെയും ഇംഗ്ലിഷിലെയും അറിയപ്പെടുന്ന എഴുത്തുകാരി. 

ഇന്‍ഫോസിസ് എന്ന വന്‍ കമ്പനി കെട്ടിപ്പടുക്കാന്‍ നാരായണമൂര്‍ത്തിക്ക് താങ്ങും തണലുമായി നിന്നു എന്നതു മാത്രമല്ല സുധ മൂര്‍ത്തിയുടെ മഹത്വം. ഇന്‍ഫോസിസിന്റെ തുടക്ക കാലത്ത് ക്ലര്‍ക്കായും സെക്രട്ടറിയായും ഓഫിസ് അസിസ്റ്റന്റായും പ്രോഗ്രാമറായും പാചകക്കാരിയായുമെല്ലാം സുധ നാരാണയ മൂര്‍ത്തിയുടെ ഒപ്പമുണ്ടായിരുന്നു. പിന്നീട് രണ്ടിലൊരാള്‍ മതി ഇന്‍ഫോസിസില്‍ എന്ന് നാരാണയ മൂര്‍ത്തി നിര്‍ബന്ധം പിടിച്ചപ്പോള്‍ നിശ്ശബ്ദം സുധാ മൂര്‍ത്തി വഴി മാറിക്കൊടുത്തു. എന്നാല്‍ 1997ല്‍ ആരംഭിച്ച ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ വഴി മനുഷ്യസ്‌നേഹം ഒരു കലയും പ്രഫഷനുമാക്കി എങ്ങനെ മാറ്റാമെന്ന് സുധ കാട്ടിത്തന്നു. 

‘ആരും പണത്തിന്റെ ഉടമസ്ഥരല്ല. നിങ്ങള്‍ പണത്തിന്റെ ട്രസ്റ്റി മാത്രമാണ്, അത് എപ്പോഴും കൈമറിഞ്ഞു കൊണ്ടിരിക്കും. നിങ്ങള്‍ ജീവിതത്തില്‍ വിജയിക്കുകയാണെങ്കില്‍ അത് നിങ്ങളോട് ദയ കാണിച്ച സമൂഹത്തിന് മടക്കി നല്‍കുക’ - ഇന്‍ഫോസിസ് സ്ഥാപിക്കണമെന്ന ഭര്‍ത്താവിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ടെല്‍കോ വിടുമ്പോള്‍ ജെആര്‍ഡി ടാറ്റ നല്‍കിയ ഈ ഉപദേശമാണ് സുധയെ നയിച്ചത്. 

ആശുപത്രികള്‍, അനാഥാലയങ്ങള്‍, പുനരധിവാസ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, ശാസ്ത്ര കേന്ദ്രങ്ങള്‍, ലൈബ്രറികള്‍ എന്നിങ്ങനെ ഫൗണ്ടേഷന് കീഴില്‍ ചിറക് വിരിച്ച പദ്ധതികള്‍ ആയിരക്കണക്കിനാണ്. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും ഒഡിഷയിലും ചണ്ഡീഗഢിലും മഹാരാഷ്ട്രയിലുമെല്ലാം നിരവധി ജീവിതങ്ങള്‍ക്ക് കരുതലിന്റെ കരം നീട്ടാന്‍ ഫൗണ്ടേഷന് സാധിച്ചു. സുധയുടെ സംഭാവനകള്‍ക്കുള്ള രാജ്യത്തിന്റെ ആദരമായി പത്മശ്രീ അടക്കമുള്ള ബഹുമതികള്‍ ഇവരെ തേടിയെത്തി. 

English Summary : Success story of Sudha Murthy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com