sections
MORE

കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് കൃഷിക്കിറങ്ങി; ഇരട്ടിപ്പിച്ചത് നിരവധി കര്‍ഷകരുടെ വരുമാനം!

Rakesh-Mahanty
SHARE

മണ്ണിന്റെ വിളി കേട്ടാണു ബിടെക് ബിരുദധാരിയായ രാകേഷ് മഹന്തി കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചത്. കുടുംബസ്വത്തായ 20 ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യുകയായിരുന്നു ഉദ്ദേശ്യം. പൂര്‍വികന്മാര്‍ ചെയ്തിരുന്ന ജോലിയിലേക്കു വലിയ പഠിപ്പൊക്കെയുള്ള മകന്‍ വരുന്നതില്‍ മാതാപിതാക്കള്‍ക്ക് എതിര്‍പ്പായിരുന്നു. എന്നാല്‍ കുടുംബത്തിനു മാത്രമല്ല ജാര്‍ഖണ്ഡിലെ പതംഡ ബ്ലോക്കിലുള്ള ഒരുപാടു കര്‍ഷകര്‍ക്ക് ആശ്വാസമായി തീര്‍ന്നു രാകേഷിന്റെ കൃഷിയോടുള്ള സ്‌നേഹം.

ബ്രൂക്ക് ആന്‍ ബീസ് എന്ന പേരില്‍ 2017ല്‍ ആരംഭിച്ച സാമൂഹിക സ്റ്റാര്‍ട്ട് അപ്പ് വഴി സമൂഹ ജൈവകൃഷി ചെയ്ത് എണ്‍പതോളം കര്‍ഷകര്‍ക്കാണു രാകേഷ് സ്ഥിരവരുമാനം ഉറപ്പാക്കുന്നത്. ഒട്ടേറെ പേര്‍ ഒരുമിച്ചു നിലവും വിഭവങ്ങളും വിജ്ഞാനവും ഉപകരണങ്ങളും തൊഴില്‍ശേഷിയുമെല്ലാം പങ്കുവച്ചു ചെയ്യുന്ന സമൂഹകൃഷിയെന്ന ആശയമാണു രാകേഷ് സമര്‍ത്ഥമായി നടപ്പാക്കിയത്. രാകേഷിന്റെ കുടുംബത്തിന്റെ 20 ഏക്കര്‍ ഉള്‍പ്പെടെ മൊത്തം 50 ഏക്കറിലാണു പ്രദേശത്തെ 80 പേര്‍ ചേര്‍ന്ന് കൃഷി ചെയ്യുന്നത്. 

കര്‍ഷകര്‍ക്കു ബ്രൂക്ക് ആന്‍ ബീസില്‍ നിന്നു മാസ വരുമാനത്തിനു പുറമേ ലാഭത്തിന്റെ 10 ശതമാനവും ലഭിക്കും. ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനെ കുറിച്ചോ അവയുടെ ചരക്ക് നീക്കത്തെ കുറിച്ചോ ഒന്നും ആലോചിച്ച് അവര്‍ ടെന്‍ഷനടിക്കണ്ട. എല്ലാം ബ്രൂക്ക് ആന്‍ ബീസ് ചെയ്തു കൊള്ളും. കോര്‍പ്പറേറ്റ് ജോലി വിട്ടു നേരെ വന്ന് ഇതെല്ലാം സാധ്യമാക്കുകയായിരുന്നില്ല രാകേഷ്. എതിര്‍പ്പുകളും തടസ്സങ്ങളുമൊക്കെ ധാരാളമുണ്ടായി. 

ആദ്യം സ്വന്തമായ 0.33 ഏക്കര്‍ സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ രാകേഷ് തക്കാളിയും ബ്രക്കോളിയും വെള്ളരിയും ചീരയുമൊക്കെ കൃഷി ചെയ്തു. രാസവളത്തിനു പകരം വെര്‍മി കംപോസ്റ്റിങ്ങിലൂടെ ജൈവവളമുണ്ടാക്കി. അടുത്ത രണ്ടു വര്‍ഷം തന്റെ കൃഷി രീതികള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ വിനിയോഗിച്ചു. 

എന്നിട്ടാണ് ഒരു സംയോജിത ജൈവ കൃഷിയുടെ സാധ്യത തേടി പ്രദേശത്തെ കര്‍ഷകരെ സമീപിച്ചത്. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു പ്രതികരണം. ചെറിയ നിലങ്ങളുള്ള ആ കര്‍ഷകര്‍ വിളവു പരമാവധിയുണ്ടാക്കാന്‍ കീടനാശിനിയും രാസവളവുമൊക്കെ ഉപയോഗിക്കുന്നവരായിരുന്നു. കീടനാശിനി കമ്പനിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പലരും കൃഷി ചെയ്തിരുന്നത് തന്നെ. രാസവളമില്ലാതെയുള്ള കൃഷിയെന്ന ആശയത്തിലേക്ക് ഇവരെ എത്തിക്കാന്‍ രാകേഷ് നന്നായി കഷ്ടപ്പെട്ടു. അസ്ഥിരമായ കാലാവസ്ഥയും വരുമാനവുമൊക്കെയായി കഷ്ടപ്പെട്ടിരുന്ന അവര്‍ക്ക് എല്ലാ മാസവും നിശ്ചിത തുക ശമ്പളമായി രാകേഷ് വാഗ്ദാനം ചെയ്തു. 

സ്ഥിര വരുമാനം കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി. കൂട്ടായ കൃഷിയായിരുന്നതിനാല്‍ അവരുടെ ജോലി സമയവും കുറഞ്ഞു. പത്തു മണിക്കൂര്‍ പാടത്തു കഷ്ടപ്പെട്ടിരുന്ന കര്‍ഷകര്‍ക്ക് ഒരു ഓഫീസ് ജോലി പോലെ ആറോ ഏഴോ മണിക്കൂറുകള്‍ പണിയെടുത്താല്‍ മതിയെന്നായി. തക്കാളി, ചീര, ബീന്‍സ്, മധുരചോളം, മത്തങ്ങ, പാവയ്ക്ക, വെണ്ടയ്ക്ക, സൂര്യകാന്തി, കടുക്, വിവിധ തരം നെല്ല് തുടങ്ങിയവയെല്ലാം ബ്രൂക്‌സ് ആന്‍ ബീസ് കൂട്ടായ്മ ജൈവകൃഷിയിലൂടെ ഉണ്ടാക്കി. ജാര്‍ഖണ്ഡില്‍ എമ്പാടും ഈ ജൈവ ഉത്പന്നങ്ങള്‍ വില്‍ക്കുന്നു. 

മൈക്രോ ഇറിഗേഷന്‍, ഗ്രീന്‍ഹൗസുകള്‍, മള്‍ട്ടിലെയര്‍ ഫാമിങ്ങ്, ഇന്റര്‍ ക്രോപ്പിങ്ങ് എന്നിങ്ങനെ നിരവധി സങ്കേതകങ്ങള്‍ രാകേഷും കൂട്ടരും കൃഷിക്കായി ഉപയോഗിക്കുന്നു.കഴിഞ്ഞ വര്‍ഷം 8 ലക്ഷം രൂപയുടെ വരുമാനം കമ്പനിയുണ്ടാക്കി. ഫാം പാഠശാല എന്ന പദ്ധതിക്ക് കീഴില്‍ വിദ്യാര്‍ഥികള്‍ക്കും പ്രഫഷണലുകള്‍ക്കുമായി കാര്‍ഷിക ശില്‍പശാലകളും രാകേഷിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്.  

English Summary : Success Story of Rakesh Mahanty, Organic Farming

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA