ADVERTISEMENT

റോഡില്‍ മൂളി പറക്കുന്ന റേസിങ്ങ് കാര്‍. ആകാശത്ത് കുതിച്ചു പായുന്ന എയര്‍ ബസ്. ഇവ രണ്ടും നിസ്സാരമായി കൈകാര്യം ചെയ്യുന്ന ഒരു ചുണക്കുട്ടിയെ പരിചയപ്പെടാം. കോല്‍ക്കത്തയില്‍ ജനിച്ച് മുംബൈയില്‍ വളര്‍ന്ന 29കാരി സ്‌നേഹ ശര്‍മ്മയാണ് റേസിങ്ങും പറക്കലും ഒരേ പോലെ ഇഷ്ടപ്പെടുന്ന ആ വേഗ വനിത. 

ഇന്ത്യയിലെ ഏറ്റവും വേഗമേറിയ എഫ്4 വനിതാ ഡ്രൈവര്‍

വണ്ടിയോടിക്കാനുള്ള ലൈസന്‍സ് നേടും മുന്‍പ് തന്നെ ഫ്‌ളൈയിങ്ങ് റേസിങ്ങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയ മിടുമിടുക്കി. കുടുംബത്തിന്റെ എതിര്‍പ്പും സമൂഹം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച വാര്‍പ്പ് മാതൃകകളെയുമെല്ലാം തരണം ചെയ്ത് സ്‌നേഹ കൈവരിച്ച പട്ടങ്ങള്‍ പലതാണ്. 

ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ കൊമേഴ്‌സ്യല്‍ പൈലറ്റായ സ്‌നേഹ മാസത്തില്‍ ആറു ദിവസം എയര്‍ബസ് 320 വിമാനം പറത്തും. ശേഷിക്കുന്ന സമയം ഫോര്‍മുല 4 റേസിങ്ങില്‍ പങ്കെടുക്കും. പക്ഷേ, ഏറ്റവുമിഷ്ടം റേസിങ്ങ് തന്നെ. ജെകെ ടെയേഴ്‌സും ഇന്‍ഡിഗോയും സ്‌പോണ്‍സര്‍ ചെയ്ത നാല്‍പതിലധികം രാജ്യാന്തര റേസുകളില്‍ സ്‌നേഹ പങ്കെടുത്തിട്ടുണ്ട്. 

പൊവായിലെ ഒരു ഗോ-കാര്‍ട്ടിങ്ങ് ട്രാക്കില്‍ തന്റെ 16-ാം വയസ്സിലാണ് റേസിങ്ങാണ് തന്റെ പാഷനെന്ന് സ്‌നേഹ തിരിച്ചറിഞ്ഞത്. അന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്ന സ്‌നേഹ തന്റെ പോക്കറ്റ് മണി റേസിങ്ങ് ട്രാക്കിലെ തന്റെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിച്ചു. പൊവായ് ട്രാക്കില്‍ ചില മെക്കാനിക്കല്‍ ജോലികള്‍ ചെയ്തും പ്രഫഷണല്‍ റേസര്‍മാരുടെ മത്സരം കണ്ടും ഒഴിവ് സമയം ഈ പെണ്‍കുട്ടി ചെലവഴിച്ചു. ഇതിനിടെ റേസിങ്ങ് കാര്‍ ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ട ചില പ്രാഥമിക ശേഷികള്‍ സ്‌നേഹ ആര്‍ജ്ജിച്ചു. 

അതേ വര്‍ഷം ചില സിറ്റി ലെവല്‍ റേസുകളില്‍ മികച്ച പ്രകടനം കാഴ്ച വച്ച സ്‌നേഹ നാഷണല്‍ റേസിങ്ങ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒരു പത്ര സ്ഥാപനം നടത്തിയ സ്പീഡ് ടൂര്‍ണമെന്റില്‍ ഒന്നാമതും എത്തി. പക്ഷേ, അപ്പോഴാണ് മാതാപിതാക്കള്‍ ഉടക്കുമായി എത്തിയത്. 

അപകടരമായ റേസിങ്ങ് ഒക്കെ വിട്ട് പഠിത്തത്തില്‍ ശ്രദ്ധിക്കാനായിരുന്നു മാതാപിതാക്കളുടെ നിര്‍ബന്ധം. പക്ഷേ, അതൊന്നും സ്‌നേഹയെ പിന്തിരിപ്പിച്ചില്ല. ബാഗിനുള്ളില്‍ ഹെല്‍മെറ്റ് ഒളിച്ചു കടത്തിയും റേസിങ്ങ് ട്രാക്കിലേക്ക് പുസ്തകവുമായി പോയും സ്‌നേഹ റേസിങ്ങും പഠനവും ഒരുമിച്ച് കൊണ്ടു പോയി. പരീക്ഷകളില്‍ നല്ല വിജയം നേടിയതിനൊപ്പം ദേശീയ തലത്തിലുള്ള എംആര്‍എഫ് നാഷണല്‍ കാര്‍ട്ടിങ്ങ് ചാംപ്യന്‍ഷിപ്പിലും സ്‌നേഹ വിജയക്കൊടി പാറിച്ചു. 

സ്‌കൂള്‍ പഠനം, പൈലറ്റ് പഠനം, റേസിങ്ങ് ഇത്രയും കാര്യങ്ങളാണ് സമയത്തിനെതിരെ പോരാടി സ്‌നേഹ ഒരു ദിവസം ചെയ്തത്. റേസിങ്ങ് ട്രാക്ക് രാത്രി ഒന്‍പത് മണി വരെയൊക്കെ തുറന്നിരുന്നത് അനുഗ്രഹമായി. 16-ാം വയസ്സിലാണ് ട്രാക്കിലും ജീവിതത്തിലുമെല്ലാം സ്‌നേഹ ഈ വേഗത്തില്‍ ഓടി നടന്നത്. 

2007ല്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് തന്റെ ഫ്‌ളൈയിങ്ങ് ക്ലാസുകള്‍ക്കായി സ്‌നേഹ പോയി. റേസിങ്ങ് വിട്ടുള്ള ഈ യാത്ര സ്‌നേഹയ്ക്ക് കടുത്ത തീരുമാനമായിരുന്നു. ഇനി റേസിങ്ങ് ട്രാക്കിലേക്ക് ഒരു മടങ്ങി വരവ് ഉണ്ടാകുമോ എന്ന് പോലും  സംശയിച്ചു. പക്ഷേ, ഇത്തരം ചെറിയ കാര്യങ്ങളൊന്നും റേസിങ്ങിനും സ്‌നേഹയ്ക്കുമിടയില്‍ വന്നു നില്‍ക്കാന്‍ പാടില്ല എന്ന ഇന്‍സ്ട്രക്ടറുടെ ഉപദേശം മനസാ സ്വീകരിച്ചു. ഫ്‌ളൈയിങ്ങ് ക്ലാസിലും മോശമാക്കിയില്ല. ഒരു വിമാനം ഒറ്റയ്ക്ക് പറത്തുന്ന ആ ബാച്ചിലെ ആദ്യ ട്രെയ്‌നിയായി സ്‌നേഹ മാറി. 

കോഴ്‌സിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങി. അമേരിക്കന്‍ ഫ്‌ളൈയിങ്ങ് ലൈസന്‍സ് ഇന്ത്യന്‍ ലൈസന്‍സാക്കി മാറ്റുകയായിരുന്നു പിന്നീടുള്ള ശ്രമം. 2011ല്‍ ഇത് സാധ്യമാകും വരെ സ്‌നേഹ റേസിങ്ങ് ട്രാക്കില്‍ പാര്‍ട്ട് ടൈമായി ജോലികള്‍ ചെയ്തു. മെക്കാനിക്ക് ആയും അക്കൗണ്ടിങ്ങിലും എല്ലാം പണിയെടുത്തു. 

2010ല്‍ ചെന്നൈയിലെയും കോയമ്പത്തൂരിലെയും ട്രാക്കുകളില്‍ സ്‌നേഹ കുതിച്ചു പാഞ്ഞു. 2011ല്‍ ഇന്ത്യന്‍ ലൈസന്‍സ് ലഭിച്ചതിനു പിന്നാലെ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ജോലിക്ക് ചേര്‍ന്നു. ആ വര്‍ഷം മേര്‍സിഡസ് യങ്ങ് സ്റ്റാര്‍ ഡ്രൈവര്‍ പ്രോഗ്രാമില്‍ ആദ്യ അഞ്ചിലെത്തി. ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ രാജ്യാന്തര സര്‍ക്യൂട്ടില്‍ മണിക്കൂറില്‍ 270 കിലോമീറ്റര്‍ വേഗത്തിലാണ് സ്‌നേഹ അന്ന് റേസ് ചെയ്തത്. 

നിലവില്‍ ജെകെ ടെയേഴ്‌സിന്റെയും ഇന്‍ഡിഗോയുടെയും ബ്രാന്‍ഡ് അംബാസഡറായ സ്‌നേഹയ്ക്ക് കൈനിറയെ റേസിങ്ങ് ഇവന്റുകളാണ്. ബ്രിട്ടീഷ് എഫ്4, ഫോര്‍മുല 4 സ്പാനിഷ് ചാംപ്യന്‍ഷിപ്പ്, ഫോര്‍മുല 4 സൗത്ത് ഈസ്റ്റ് ഏഷ്യ, എഫ്2000 സീരിസ് മിഡില്‍ ഈസ്റ്റ്, ഫോര്‍മുല റെനോ ഏഷ്യ, ജാപ്പനീസ് ഫോര്‍മുല 4 എന്നിങ്ങനെ സ്‌നേഹയെ കാത്തിരിക്കുന്ന റേസിങ്ങ് ഇവന്റുകള്‍ നിരവധി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com