കാൽനൂറ്റാണ്ടിലേറെയായി ‘ലോക്ഡൗണിൽ’; 53ാം വയസ്സില്‍ 53ാം പുസ്തകരചനയിൽ അലക്സിസ്

success-story-of-indian-software-consultant-alexisleon
അലക്സിസ് ലിയോൺ. ചിത്രം: റോബർട്ട് വിനോദ്
SHARE

ലോക്ഡൗണാണ്. പലരും വിഷമത്തോടെ വീടിനുള്ളിൽ അടച്ചിരിക്കുമ്പോൾ, അലക്സിസിന് ടെൻഷനൊന്നുമില്ല. കാരണം, കാൽനൂറ്റാണ്ടിലേറെയായി അലക്സിസ് ലോക്ഡൗണിലാണ്, സന്തോഷത്തോടെ തന്നെ. ശീലമില്ലാത്ത ഈ ലോക്ഡൗൺ മൂലം എല്ലാം നഷ്ടമായെന്നു കരുതിക്കഴിയുന്ന പലർക്കും കണ്ടും കേട്ടും പഠിക്കാനേറെയുണ്ട്, കൊച്ചി തൃക്കാക്കര നീരാക്കൽ വില്ലയിൽ അലക്സിസ് ലിയോണിന്റെ ജീവിതത്തിൽനിന്ന്. 

‘26 വർഷമായി ഈ വീടിനകത്തു കഴിയുന്ന എനിക്ക് ഇപ്പോഴത്തെ ഈ ലോക്ഡൗണിൽ കാര്യമായ വ്യത്യാസമൊന്നും അനുഭവപ്പെടുന്നില്ല’– ചെന്നൈയിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ 27–ാം വയസ്സിലുണ്ടായ വാഹനാപകടത്തിൽ ജീവിതം വീൽചെയറിലേക്കു വഴിമാറിയ അലക്സിസ് ലിയോൺ ഇതു പറയുമ്പോൾ, അദ്ദേഹം വെറുതേ ഇരിക്കുകയാണെന്നു കരുതരുത്. സഹോദരനൊപ്പം ചേർന്ന് സോഫ്റ്റ്‌വെയർ ഡവലപ്മെന്റ് കമ്പനി നടത്തുന്നതിനൊപ്പം, സജീവമായ പുസ്തക രചനയിലുമാണ്– 53–ാം വയസ്സിൽ തന്റെ 53–ാം പുസ്തകത്തിന്റെ രചനയിൽ.

തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിൽനിന്ന് ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ ഒന്നാം റാങ്കോടെ ബിടെക്കും അവിടെ നിന്നുതന്നെ എംടെക്കും നേടിയ ശേഷമാണ് അലക്സിസ് ഐടി രംഗത്തെത്തുന്നത്. ചെന്നൈ ടിസിഎസിൽ സീനിയർ സിസ്റ്റം അനലിസ്റ്റായി ജോലി ചെയ്യുമ്പോൾ 1993 ഡിസംബർ രണ്ടിനാണ് അപകടം. ചെന്നൈയിലെ ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ വേദനയിൽ കിടന്ന ആ രാത്രി തന്റെ ജീവിതം അവസാനിച്ചെങ്കിലെന്ന് അലക്സിസ് അതിയായി ആഗ്രഹിച്ചിരുന്നു. നട്ടെല്ലിനു പരുക്കേറ്റ അദ്ദേഹം പക്ഷേ, വളരെ വേഗം ജീവിതത്തിലേക്കു തിരിച്ചെത്തി; 8 മാസത്തെ ചികിത്സയ്ക്കു ശേഷം, വീൽചെയറിലാണെങ്കിലും. 

തിരിച്ചെത്തിയ അലക്സിസിനെ ജോലിയിൽ തുടരാൻ പ്രോത്സാഹിപ്പിച്ച കമ്പനി, ഓഫിസിന്റെ താഴത്തെ നിലയിൽ പ്രത്യേക ക്യാബിൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കുകയും ചെയ്തു. പ്രത്യേകം സജ്ജീകരിച്ച കാറിൽ യാത്ര ചെയ്ത് ജോലി തുടർന്നെങ്കിലും ഒന്നര വർഷത്തിനുശേഷം അദ്ദേഹം ജോലി വിട്ടു. തുടർന്ന് രണ്ടു പേർക്കൊപ്പം പുതിയ കമ്പനി ആരംഭിച്ചു. ഒരു വർഷത്തിനു ശേഷം അതിൽനിന്നു രാജിവച്ചു. തുടർന്നാണ് 1997ൽ സഹോദരനൊപ്പം ചേർന്ന് എൽ ആൻഡ് എൽ കൺസൽറ്റൻസി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്വന്തം കമ്പനി തുടങ്ങിയത്. ഇതോടൊപ്പം, പുസ്തകരചനയും ആരംഭിച്ചു. വേണ്ടത്ര സമയം കിട്ടിയതിനാൽ വായനയ്ക്ക് അതിരില്ലായിരുന്നു. ക്ലാസിക്സ്, നോവൽ, കാർട്ടൂൺ, തത്വശാസ്ത്രം, ബിസിനസ് മാനേജ്മെന്റ് എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളാണ് വായിക്കുന്നതെങ്കിലും എഴുതുന്നത് സോഫ്റ്റ്‌വെയറിനെക്കുറിച്ചു മാത്രം. വായനയ്ക്കു പുറമേ സംഗീതാസ്വാദനമാണ് പ്രധാന ഹോബി. 

അപകടം നടന്ന് ഏതാനും  വർഷം പിന്നിട്ടപ്പോഴേക്കും അലക്സിസിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ വിജയം വാതിൽ തുറന്നിട്ടു.11 പുസ്തകങ്ങൾ പൂർത്തിയാക്കിയെന്നു മാത്രമല്ല, വീട്ടിലിരുന്ന് സഹോദരനൊപ്പം നയിച്ച കമ്പനി വിജയപഥത്തിലെത്തുകയും ചെയ്തു. ഐടിയുമായി ബന്ധപ്പെട്ട 52 പുസ്തകങ്ങളാണ് 26 വർഷംകൊണ്ട് ഇദ്ദേഹം പൂർത്തിയാക്കിയത്. ഇതിൽ പലതും രണ്ടും മൂന്നും ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞവയും, പരിഭാഷകൾ വന്നവയുമുണ്ട്. 

വീട്ടിലിരിക്കുന്ന അലക്സിസിന്റെ ദിനചര്യ ലോക്ഡൗണിൽ കഴിയുന്ന പലരെയും പോലെ അലക്ഷ്യമോ അലസമോ അല്ലെന്നോർക്കുക. രാവിലെ 9.30നു കുളിച്ചൊരുങ്ങി പഠനമുറിയിലെത്തും. ഒന്നര വരെ അവിടെ. പിന്നെ വൈകിട്ട് ആറിനെത്തുന്നു. രാത്രി ഒരു മണി വരെ വീണ്ടും വായനയും എഴുത്തും. ചികിത്സയിൽ കഴിഞ്ഞ കാലത്തു വായിച്ച ലേഖനങ്ങളിലൊന്നിൽ ‘എല്ലാ വാതിലുകളും അടയുമ്പോൾ ദൈവം ഒരു ജനൽ തുറന്നിടുമെന്ന’ വരികളാണ് തന്റെ ജീവിതവീക്ഷണത്തെ മാറ്റിമറിച്ചതെന്ന് അലക്സിസ് ലിയോൺ പറയുന്നു. ‘അടഞ്ഞ വാതിലുകളിൽ മുട്ടി ജീവിതം പാഴാക്കുന്ന നാം തുറന്നിട്ട ജനലിലൂടെ വരുന്ന ഇളംതെന്നൽ അനുഭവിക്കാനോ ആസ്വദിക്കാനോ മറന്നുപോകുന്നു. ഇല്ലായ്മകൾക്കു പകരം ഉള്ളവയിൽ നോക്കാനാണ് ഞാൻ ശ്രമിച്ചത്.’ 

വിദ്യാഭ്യാസം, നല്ല ജോലി, സർവ പിന്തുണയും നൽകുന്ന കുടുംബവും കൂട്ടുകാരും–ഇതെല്ലാം ജീവിതത്തെ അതിന്റെ എല്ലാ നന്മകളോടുംകൂടി മാത്രം കാണാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അതോടെ അപകടവും അതെത്തുടർന്നുണ്ടായ പ്രശ്നങ്ങളും ജീവിതവിജയത്തിനു തടസ്സങ്ങളേയല്ലാതായി. തന്റെ ഉയിർത്തെഴുന്നേൽപ് മറ്റുള്ളവർക്ക് പ്രചോദനമാവാൻ www.alexisleon.com എന്ന സ്വന്തം വെബ്സൈറ്റിലൂടെ അദ്ദേഹം ശ്രമിക്കുന്നു. അതിജീവിച്ചവന്റെ കാഴ്ചപ്പാടുകൾക്കായി അതിലൊരു പ്രത്യേക വിഭാഗം തന്നെയുണ്ട്.

English Summary : Success story of Indian software consultant Alexis Leon

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA