ADVERTISEMENT

നൃത്തത്തിലെ ജാതിവിവേചനത്തെക്കുറിച്ചു ഗവേഷണം നടത്താൻ തീരുമാനിച്ചപ്പോൾ വി.പി.മൻസിയയ്ക്ക് അതു വെറുമൊരു പഠനവിഷയമായിരുന്നില്ല, സ്വന്തം ജീവിതം തന്നെയായിരുന്നു. നർത്തകിയായി അരങ്ങിലെത്തുമ്പോൾ കുട്ടിക്കാലം മുതൽക്കേ അനുഭവിക്കേണ്ടി വന്ന ഒറ്റപ്പെടുത്തലുകൾ, അതിന്റെ പേരിൽ ഒഴുക്കിയ കണ്ണീർ... എതിർപ്പുകളെ അവഗണിച്ചു മൻസിയ ചിലങ്കയെ മാറോടണച്ചു. മാറ്റിനിർത്തലുകൾക്കൊന്നും അവളുടെ ദൃഢനിശ്ചയത്തെ തളർത്താൻ കഴിഞ്ഞില്ല. മദ്രാസ് സർവകലാശാലയിൽനിന്നു ഭരതനാട്യത്തിൽ ഒന്നാം റാങ്ക് നേടിക്കൊണ്ടാണ് എല്ലാറ്റിനും അവൾ മറുപടി പറഞ്ഞത്. ഒന്നാം റാങ്കുമായി പുറത്തിറങ്ങുമ്പോൾ എടുത്ത തീരുമാനമായിരുന്നു നൃത്തത്തിൽ ഗവേഷണം നടത്തുമെന്ന്. അതും സ്വന്തം അനുഭവം മുൻനിർത്തി.

 

മലപ്പുറം വള്ളുവമ്പ്രം ആഗ്നേയത്തിൽ അലവിക്കുട്ടി – ആമിന ദമ്പതികളുടെ മക്കളായ മൻസിയയും ചേച്ചി റൂബിയയും ക്ലാസിക്കൽ നൃത്തത്തിലേക്കെത്തിയത് ഉമ്മയുടെ താൽപര്യപ്രകാരമാണ്. ഒരിക്കൽ ടിവിയിൽ കണ്ട നൃത്തം നാട്ടിൻപുറത്തുകാരിയായ ആമിനയെ വല്ലാതെ ആകർഷിച്ചു. ഗൾഫിലുള്ള ഭർത്താവ് അലവിക്കുട്ടിയോടു കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിനു നൂറുവട്ടം സമ്മതം. അങ്ങനെ മഞ്ചേരിയിലെ നൃത്താധ്യാപിക സരോജിനിയുടെ അടുക്കൽ മക്കളെ ചേർത്തു.

 

സ്കൂൾ കലോത്സവമായിരുന്നു റൂബിയയുടെയും മൻസിയയുടെയും ആദ്യ വേദി. നൃത്തച്ചുവടിൽ രണ്ടുപേരും കാണിക്കുന്ന മികവു കണ്ട് സരോജിനി ടീച്ചർ അവർക്കു പല വേദികളും ഒരുക്കിക്കൊടുത്തു. എന്നാൽ, കയ്യടിയോടെയായിരുന്നില്ല സഹോദരിമാരുടെ പ്രകടനത്തെ പലരും സ്വീകരിച്ചത്. ആദ്യമൊക്കെ വിഷമം തോന്നിയെങ്കിലും അലവിക്കുട്ടിയും ആമിനയും പിൻമാറാൻ തയാറായിരുന്നില്ല. മക്കളെ അറിയപ്പെടുന്ന നർത്തകിമാരാക്കാൻ തന്നെയായിരുന്നു അവരുടെ തീരുമാനം.

 

വേഷമണിഞ്ഞ് അരങ്ങേറും മുൻപു കരഞ്ഞിറങ്ങിപ്പോരേണ്ടി വന്നിട്ടുണ്ട് മൻസിയയ്ക്കും ചേച്ചിക്കും. നിശ്ചയിച്ച വേദിയിൽ അവതരിപ്പിക്കാനാവാതെ മറ്റൊരു വേദിയിൽ നൃത്തം ചെയ്യേണ്ടി വന്നിട്ടുമുണ്ട്. എന്നാൽ, എന്തിനും ധൈര്യം പകരാൻ രക്ഷിതാക്കൾ കൂടെയുണ്ടായിരുന്നു. പക്ഷേ, ആ ധൈര്യംപകരൽ പെട്ടെന്നു നിലയ്ക്കുന്ന അവസ്ഥയെത്തി. ആമിന അർബുദം ബാധിച്ചു കിടപ്പിലായി. മരിക്കും മുൻപ് അവർക്കു മക്കളോടു പറയാൻ ഒന്നേയുണ്ടായിരുന്നുള്ളൂ – ‘വിലക്കുകളിൽ ഒടുങ്ങിപ്പോകേണ്ടതല്ല നിങ്ങളുടെ ഭാവി’. മക്കളെ നൃത്തം പഠിപ്പിച്ചതിന്റെ പേരിൽ ആമിന ഏറെ സഹിച്ചു. ചികിത്സാ സഹായത്തിനുള്ള പണം പോലും നിഷേധിക്കപ്പെട്ടത് അതിന്റെ പേരിലായിരുന്നു. മരണാനന്തരവും അതു തുടർന്നു.

 

ഉമ്മയുടെ മരണം

ആമിന മരിച്ചപ്പോൾ അലവിക്കുട്ടി മക്കളോടു പറഞ്ഞു: ‘ഉമ്മയുടെ ആഗ്രഹം സഫലമാക്കുക’. മക്കളുടെ ഭാവിക്കായി അദ്ദേഹം പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തി.

 

മൻസിയ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഉമ്മ മരിച്ചത്. ഉമ്മയുടെ റോൾ കൂടി ഉപ്പ ഏറ്റെടുത്തു. സ്കൂൾ കലോത്സവങ്ങളിൽ നൃത്തവേദിയിലേക്കു കയറുമ്പോൾ സ്റ്റേജിനു മുന്നിൽനിന്നു പ്രോത്സാഹിപ്പിക്കാൻ ഉമ്മയില്ലാത്തതിന്റെ സങ്കടം അവൾക്കുണ്ടായിരുന്നു. എന്നാൽ, ഇരട്ടി സങ്കടം ഉണ്ടായത് ചില അധ്യാപകരുടെ പെരുമാറ്റത്തിലായിരുന്നു.

 

മഞ്ചേരി എൻഎസ്എസ് കോളജിൽ ബിരുദവിദ്യാർഥിയായിരുന്ന സമയത്തു മൻസിയയായിരുന്നു കാലിക്കറ്റ് സർവകലാശാല കലാതിലകം. ആൽഎൽവി ആനന്ദ്, പ്രമോദ് ദാസ് എന്നിവരായിരുന്നു ഗുരുക്കന്മാർ.

 

ഭരതനാട്യത്തിൽ ഒന്നാം റാങ്ക്

ഭരതനാട്യത്തോടുള്ള ഇഷ്ടംകൊണ്ടാണ് മദ്രാസ് സർവകലാശാലയിൽ എംഎക്കു ചേർന്നത്. പത്മ സുബ്രഹ്മണ്യം, അലർമേൽ വള്ളി എന്നിവരുടെയൊക്കെ നൃത്തത്തെ അടുത്തറിയാൻ സാധിച്ചു. ക്ലാസിക്കൽ നൃത്തത്തിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും വ്യത്യാസങ്ങൾ ശ്രദ്ധിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി. നൃത്തത്തിൽ പ്രായോഗിക ജ്ഞാനം മലയാളികൾക്കും സാങ്കേതിക കാര്യങ്ങളിൽ തമിഴർക്കുമാണു പ്രാവീണ്യമെന്ന്.

 

എംഎ ഭരതനാട്യത്തിൽ ഒന്നാം റാങ്ക് നേടിയപ്പോൾ ഒരു കൂട്ടുകാരി ചോദിച്ചു: ‘മദ്രാസ് സർവകലാശാലയിൽനിന്നു ഭരതനാട്യത്തിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യ മുസ്‍ലിം വിദ്യാർഥിനി മൻസിയയാണല്ലേ?’’.

‘മതത്തിന്റെ പേരിലല്ല റാങ്ക് ലഭിക്കുക, പഠനത്തിന്റെ ആഴം അളന്നാണ്. ഞാൻ പഠിച്ചു നേടിയതാണ് ഈ റാങ്ക്’. ആ മറുപടി കൂട്ടുകാരിക്കു മാത്രമുള്ളതായിരുന്നില്ല.

 

നൃത്തവും പഠനവും ഒരുപോലെ കൊണ്ടുപോകാനായിരുന്നു മൻസിയയുടെ തീരുമാനം. തിരുവനന്തപുരത്ത് രാജശ്രീ വാരിയരുടെ അടുത്തു നൃത്തപഠനത്തിനു ചേർന്നു. കലാമണ്ഡലത്തിലാണ് എംഫിൽ ചെയ്തത്. ഭരതനാട്യത്തിന്റെ ചരിത്രമായിരുന്നു പഠനവിഷയം. ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും അടിസ്ഥാനത്തിൽ നർത്തകിമാർ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ച് എംഫിൽ കാലത്തു മനസ്സിലാക്കാൻ സാധിച്ചു. കുട്ടിക്കാലം മുതൽക്കേ താൻ അനുഭവിച്ച കാര്യങ്ങൾ നൂറ്റാണ്ടുകളായി നർത്തകിമാർ അനുഭവിക്കുന്നുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് പിഎച്ച്ഡിക്ക് അതേ വിഷയം സ്വീകരിച്ചത്. 

 

ദേവദാസികളുടെ സദിർ എന്ന നൃത്തരൂപത്തിൽനിന്നാണു ഭരത്യനാട്യത്തിലെത്തുന്നത്. കീഴാളരായിരുന്ന ദേവദാസികളുടെ നൃത്തവും സംഗീതവും സംസ്കരിച്ചാണ് ഭരതനാട്യവും മോഹിനിയാട്ടവും രൂപപ്പെടുത്തിയത്. ഈ രൂപാന്തര കാലഘട്ടത്തിലും അതിനു ശേഷവും നർത്തകിമാർ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ചാണ് മൻസിയ ഗവേഷണം നടത്തുന്നത്. മലയാള സർവകലാശാലയിലെ എഴുത്തച്ഛൻ ചെയർ അധ്യക്ഷൻ ഡോ. കെ.എം.അനിലിന്റെ കീഴിലാണു ഗവേഷണം.

 

തന്റെ ഗവേഷണഫലം സർവകലാശാല അലമാരയിൽ മാത്രം ഒതുങ്ങിപ്പോകാതെ നൃത്തത്തെ സ്നേഹിക്കുന്ന എല്ലാവരിലും എത്തിക്കാനാണു മൻസിയയുടെ ആഗ്രഹം. കലയ്ക്കുള്ളിൽ ജാതിയും മതവും നിറവുമില്ലെന്നു പുതുതലമുറയ്ക്കു ബോധ്യപ്പെടണം. ഇനിയൊരു നർത്തകിക്കും തന്റെ അനുഭവം വരാതിരിക്കാനുള്ള പോരാട്ടം കൂടിയാണ് ഈ നൃത്തജീവിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com