കരിയറിലും ബിസിനസ്സിലും വിജയിക്കാൻ: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ അനുഭവങ്ങൾ

SHARE

കേരളത്തിൽ പഠനശേഷം സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും പഠിക്കേണ്ട പാഠപുസ്തകമാണ് വി-ഗാർഡ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ജീവിതകഥ. 1977 ൽ പിതാവിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയും രണ്ടു തൊഴിലാളികളുമായി ഇലക്ട്രോണിക് സ്റ്റബിലൈസറുകൾ നിർമ്മിച്ച് തുടങ്ങിയ സ്ഥാപനമാണ് ഇന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് എന്ന 2000 ത്തിലേറെ തൊഴിലാളികളും 300 കോടിയിലധികം വിറ്റുവരവുമുള്ള കമ്പനിയായി മാറിയത്. ബിസിനസിൽ വിജയിക്കാൻ വേണ്ടതെന്ത്? കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉത്തരം പറയുന്നു... 

ബിസിനസ്സിൽ വിജയിക്കാൻ...
കേരളം പൊതുവെ നിക്ഷേപകസൗഹൃദമല്ല എന്നൊരു കാഴ്ചപ്പാട് പതിറ്റാണ്ടുകളായുണ്ട്. എനിക്കും നോക്കുകൂലി അടക്കമുള്ള വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രതിസന്ധികൾ വരുമെന്ന് ഭയന്ന് ഒന്നും തുടങ്ങാതിരിക്കരുത്. അതിനെ നേരിട്ട് മുന്നോട്ടു പോവുന്നവർക്കേ ജീവിതത്തിൽ വിജയിക്കാനാകൂ.

എന്നെ സംബന്ധിച്ചിടത്തോളം ഇലക്ട്രോണിക്സിനെ കുറിച്ചുള്ള അറിവാണ് വി-ഗാർഡ് തുടങ്ങാൻ മുതൽക്കൂട്ടായത്. പക്ഷേ ബിസിനസ് വളർന്നപ്പോൾ, അത്തരം അറിവ് കൊണ്ടുമാത്രം ബിസിനസ് മുന്നോട്ടുകൊണ്ടുപോകാനാകില്ല എന്ന് എനിക്ക് ബോധ്യമായി. അങ്ങനെ ഞാൻ മാറുന്ന സാങ്കേതികവിദ്യ, ഫിനാൻസ്, മാർക്കറ്റിംഗ് മുതലായ എല്ലാ മേഖലകളെയും കുറിച്ചും പഠിക്കാൻ തുടങ്ങി. ഒരു ബിസിനസിൽ മാത്രം നിൽക്കാതെ  സംരംഭകമേഖലകൾ വിപുലപ്പെടുത്താനും അതുവഴി കഴിഞ്ഞു.

ഇന്നത്തെ ചെറുപ്പക്കാർക്ക് ഒരുപാട് വിദ്യാഭ്യാസ യോഗ്യതകൾ കാണും. അത് നല്ലതുതന്നെ.പക്ഷേ പാഠപുസ്തകം പഠിച്ചു പരീക്ഷയെഴുതി നേടുന്ന സർവകലാശാല ബിരുദങ്ങളെക്കാൾ ജീവിതത്തിലും ബിസിനസിലും പലപ്പോഴും മുതൽക്കൂട്ടാവുക പ്രയോഗികജീവിതാനുഭവങ്ങൾ ആണെന്ന പാഠമാണ് ജീവിതം എന്നെ പഠിപ്പിച്ചത്. അറിവ് ആവശ്യമാണ്, പക്ഷേ തിരിച്ചറിവ് കൂടിയുണ്ടെങ്കിലേ  ജീവിതത്തിൽ നല്ലൊരു മനുഷ്യനായി മാറാൻ കഴിയുകയുള്ളൂ. അതുകൊണ്ട് ചെറിയ അറിവുകളിൽ നിഗളിക്കാതെ അതിനെ കൂടുതൽ ആർജിക്കാനാണ് ഏതൊരു സംരംഭകനും ശ്രദ്ധിക്കേണ്ടത് .

ഏതൊരു ബിസിനസിന്റെയും ദീർഘകാല വിജയത്തിന്റെ അടിത്തറ എന്നുപറയുന്നത് നല്ലൊരു ടീംവർക്കാണ്. അതോടൊപ്പം ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുക എന്നതും പ്രധാനമാണ്. അതിലൂടെമാത്രമേ ഏതൊരു സംരംഭത്തിനും കസ്റ്റമറുടെ മനസ്സിൽ സ്വീകാര്യത നേടാൻ കഴിയുകയുള്ളൂ...

കേരളത്തിലെ ന്യുജെൻ സ്റ്റാർട്ടപ്പുകൾ...
43 വർഷം മുൻപ് ഞാൻ വി-ഗാർഡ് തുടങ്ങുമ്പോൾ സ്റ്റാർട്ടപ് എന്ന വാക്ക് കേരളത്തിൽ ആരും പറഞ്ഞുകേട്ടിട്ടില്ല. കേരളത്തിൽ ബിസിനസ് തുടങ്ങി വിജയിച്ചവരും അധികമില്ല. എന്നാലിന്ന് സ്ഥിതി മാറി. സ്റ്റാർട്ടപ്പുകൾ പുതുസംരംഭകരുടെ വിലാസമായി മാറി. ധാരാളം വിദ്യാസമ്പന്നരായ യുവാക്കൾ ഇന്നു പുതുപുത്തൻ ആശയങ്ങളുമായി കേരളത്തിൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നുണ്ട് . സർക്കാരിന്റെയും ബാങ്കുകളുടെയും വമ്പൻ പ്രസ്ഥാനങ്ങളുടെയും സാമ്പത്തിക പിന്തുണ അത്തരം സ്റ്റാർട്ടപ്പുകൾക്ക് ഊർജം പകരുന്നു.

മുമ്പുള്ള ബിസിനസ്സ് ലോകം അല്ല ഇന്നുള്ളത്. കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ ഭാഗമായിട്ട് 'വിജയീഭവ' പദ്ധതിയിലൂടെ യുവസംരംഭകർക്ക്  ബിസിനസ്സ് ലോകത്തെ കുറിച്ചുള്ള അറിവുകളും നേരിടുന്ന വെല്ലുവിളികളെയും കുറിച്ച് ബോധവത്കരണവും കൊടുക്കാറുണ്ട്..

English Summary : English Summary : Kochouseph Chittilappilly Success Story

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA