തൂമ്പയെടുക്കാനും കിളയ്ക്കാനും കുട്ടികളെ പഠിപ്പിക്കുന്ന ചരിത്രാധ്യാപകൻ!

Paslithil
SHARE

ഡോ. എ.പസ് ലിത്തിൽ, വ്യത്യസ്തമായ ആ പേര് പോലെ തന്നെ പ്രവർത്തികളിലും ഔദ്യോഗിക രംഗത്തും വ്യത്യസ്തനാണ് കാലടി ശ്രീശങ്കര സർവകലാശാലയിലെ ചരിത്ര വിഭാഗം തലവനായ ഈ അധ്യാപകൻ. പഠിച്ചതും പഠിപ്പിക്കുന്നതും ചരിത്രമാണ്. എന്നാൽ ചരിത്ര പഠനത്തിനോടാപ്പം കാർഷിക വിദ്യാഭ്യാസത്തിൽ തന്റേതായ ചില സിലബസുകൾ കൂടി അദ്ദേഹം തന്റെ കുട്ടികളുമായി പങ്കുവയ്ക്കുന്നു. ഓരോ വ്യക്തിയെയും ഭക്ഷ്യ സ്വയം പര്യാപ്തരാക്കുന്നതിനായി ഡോ. എ.പസ് ലിത്തിൽ നടത്തുന്ന ശ്രമങ്ങളാണ് കാമ്പസിനകത്തും പുറത്തും അദ്ദേഹത്തെ കുട്ടികളുടെയും സഹപ്രവർത്തകരുടെയും പ്രിയപ്പെട്ടവനാക്കി മാറ്റുന്നത്.

കൊല്ലം സ്വദേശിയായ എ.പസ് ലിത്തിൽ ജോലി ചെയ്യുന്നത് ആലുവയിൽ ആണെങ്കിൽ എല്ലാ വാരാന്ത്യങ്ങളിലും നാട്ടിലേക്ക് എത്തും. ആ വരവ് നേരെ തന്റെ കൃഷിയിടത്തിലേക്കാണ് എന്ന് മാത്രം. വർഷങ്ങളായി  കാർഷികമേഖലയോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന കുടുംബമാണ്. പസ് ലിത്തിലിന്റേത്. പിതാവ് ഒരു മികച്ച കർഷകനായിരുന്നു. അദ്ദേഹത്തിൽ നിന്നുമാണ് കാർഷിക മേഖലയോടും കൃഷിയോടുമുള്ള താല്പര്യം ഇദ്ദേഹത്തിന് ലഭിക്കുന്നത്. 

സർവീസിൽ  പ്രവേശിച്ച കാലത്ത് ജോലിയിൽ തിരക്കിലായിരുന്നു എങ്കിലും പിന്നീട് കാർഷിക രംഗത്തേക്ക് കൂടി ശ്രദ്ധ പഠിപ്പിക്കുകയായിരുന്നു. പിതാവിന് പ്രായാധിക്യം മൂലമുള്ള ദേഹാസ്വസ്ഥതകൾ വർധിച്ചപ്പോൾ കുടുംബപരമായി ചെയ്തു വരുന്ന കാർഷികവൃത്തി അന്യം നിന്ന് പോകാതിരിക്കാൻ ഒരു ശ്രദ്ധ വേണം എന്ന് അദ്ദേഹം മകനായ എ.പസ് ലിത്തിലിനോട് പറഞ്ഞു. പിതാവിന്റെ ആഗ്രഹവും അതിനപ്പുറവും സാധിച്ചു കൊടുത്തു ഈ അധ്യാപകൻ. 

രണ്ടേക്കർ കൃഷിത്തോട്ടം, മരച്ചീനി മുതൽ നെല്ല് വരെ 

ഇന്ന് രണ്ടേക്കറിന് മുകളിൽ സ്ഥലത്താണ് ഡോ. എ.പസ് ലിത്തിൽ കൃഷി ചെയ്യുന്നത്. തന്റെ കൃഷിയിടത്തിൽ പച്ചക്കറികളും ഫലവർഗങ്ങളുമടക്കം സമ്മിശ്ര കൃഷി രീതിയാണ് ഇദ്ദേഹം പിന്തുടരുന്നത്. വാഴ, പൈനാപ്പിൾ, പച്ചക്കറി, റബ്ബർ, മരച്ചീനി, നെല്ല് എന്നിവയെല്ലാമാണ് രണ്ടിടങ്ങളിലായുള്ള കൃഷിയിടത്തിൽ ഒരുക്കിയിരിക്കുന്നത്. 

Paslithil3

വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ മുഴുവനും ടെറസ് ഫാമിങ് രീതിയിലാണ് കൃഷി ചെയ്യുന്നത്. ഇതിന്റെ മേൽനോട്ടം ഭാര്യയ്ക്കാണ്. ചീര, വേണ്ട, തക്കാളി,കാബേജ്, മുളക് , പയർ, പടവലം, കുമ്പളം തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. നെഫ്രോളജിസ്റ്റായ മൂത്തമകനും എംബിബിഎസിന് പഠിക്കുന്ന ഇളയമകനും കൃഷിയിൽ മാതാപിതാക്കൾക്ക് മനസുകൊണ്ട് പൂർണ പിന്തുണ നൽകുന്നു. കൃഷി മികച്ച ഭക്ഷണത്തിനുള്ള വക മാത്രമല്ല, മികച്ച മാനസികാരോഗ്യവും നൽകുന്നു എന്നാണ് ഡോ. എ.പസ് ലിത്തിൽ പറയുന്നത്. 

'' ചരിത്രാധീതകാലങ്ങൾക്ക് മുൻപേ മനുഷ്യൻ സ്വന്തം നിലനിൽപ്പിനായി കൃഷി ചെയ്തു തുടങ്ങിയെന്നാണ് പറയപ്പെടുന്നത്. അപ്പോൾ എഴുതപ്പെട്ട ചരിത്രത്തെക്കാൾ പഴക്കമുണ്ട് മനുഷ്യന് കൃഷിയുമായുള്ള ബന്ധത്തിന്. ഇനി മനുഷ്യരുള്ളിടത്തോളം കാലം കൃഷി തുടരുകയും ചെയ്യും. എന്നാൽ കൃഷിക്ക് വാണിജ്യമുഖം കൈവന്നതോട് കൂടിയാണ് വ്യാജ വിളകളും മായം ചേർത്ത, കീടനാശികൾ തളിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങളും വിപണിയിലെത്താൻ തുടങ്ങിയത്. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തണമെങ്കിൽ അവനനാവട്ടെ അടുക്കളയിലേക്ക് വേണ്ട ഉൽപ്പന്നങ്ങളെങ്കിലും മനുഷ്യർ സ്വയം കൃഷി ചെയ്യാനൊരുങ്ങണം'' ഡോ. എ.പസ് ലിത്തിൽ പറയുന്നു.

ലോക്ഡൗണിൽ ലോക്കാവാതെ കൃഷിയിടത്തിൽ 

ലോക്ഡൗൺ കാലഘട്ടത്തിന്റെ തുടക്കത്തിൽ വീട്ടിൽ വായനയും വ്യായാമവും ആയി കുറച്ചു നാളു കഴിഞ്ഞെങ്കിലും പിന്നീട് മുഴുവൻ സമയ കർഷകനായി മാറുകയായിരുന്നു ഡോ. എ.പസ് ലിത്തിൽ. വയലിൽ നെല്ല് വിതയ്ക്കാനും കളപറിക്കാനും മാത്രമാണ് തൊഴിലാളികൾ ഇല്ലാത്തത്. ബാക്കി കൃഷിയെല്ലാം ഇദ്ദേഹം ഒറ്റയ്ക്കാണ് ചെയ്യുന്നത്.ഗ്രാമാന്തരീക്ഷത്തിൽ ജീവിക്കാനും ലാളിത്യത്തോടെ കഴിയുവാനും ഏറെ ഇഷ്ടപ്പെടുന്നതിനാൽ തന്നെ കർഷകനായുള്ള ജീവിതം ഡോ. എ.പസ് ലിത്തിൽ ഏറെ ആസ്വദിക്കുന്നു.

Paslithil2

സർവകലാശാലയിൽ പഠിപ്പിക്കുമ്പോഴും കുട്ടികളോടും സഹപ്രവർത്തകരായ അധ്യാപകരോടും കൃഷിയുടെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കാനും ചുരുങ്ങിയ പക്ഷം ഒരു അടുക്കളത്തോട്ടമെങ്കിലും ഒരുക്കണമെന്ന് ആവശ്യപ്പെടാനും ഇദ്ദേഹം മറന്നിരുന്നില്ല. സർവകലാശാലയിൽ ഡോ. എ.പസ് ലിത്തിൽ തന്നെ നേതൃത്വം നൽകി കൃഷിത്തോട്ടം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 

വിദ്യാർഥികൾ കർഷകരാകുന്നത് ഏറ്റവും സന്തോഷം 

രണ്ടു പതിറ്റാണ്ടിനുമുകളിലുള്ള സർവീസിനുള്ളിൽ നിരവധി വിദ്യാർഥികൾക്ക് ക്ലാസുകളെടുത്തു. പഠിപ്പിക്കുന്നത്  ചരിത്രമായതിനാലും കൃഷി അതിന്റെ ഭാഗമായതിനാലും കൃഷിയെ പറ്റി പറയുകയും അതിന്റെ അനിവാര്യതയെപ്പറ്റി സംസാരിക്കുകയും ചെയ്തു. തൻ പഠിപ്പിച്ച കുട്ടികളിൽ ആരെങ്കിലും ഉപജീവനത്തിനായി കാർഷിക മേഖല തെരെഞ്ഞെടുത്തു എന്ന് കേട്ടാൽ ഡോ. എ.പസ് ലിത്തിൽ അഭിമാനിക്കും. 

Paslithil4

നിരവധി വിദ്യാർഥികൾ ഇത്തരത്തിൽ അധ്യാപകന്റെ പ്രവർത്തികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൃഷിയിടത്തിൽ സജീവമായിട്ടുണ്ട്. '' ഞാൻ പഠിപ്പിച്ച വിദ്യാർഥികളുടെ കൂട്ടത്തിൽ എന്നും അഭിനത്തോടെ ഓർക്കുന്ന ഒരു വിദ്യാർഥിയാണ് ജോയ് ജി ബാലൻ. സ്വന്തമായി കൃഷിയിടവും പോൾട്രി ഫാമും ഒക്കെയായി കാർഷികമേഖലയിൽ കക്ഷി സജീവമാണ്'' ഡോ. എ.പസ് ലിത്തിൽ പറയുന്നു. 

ചെറിയ ക്ലാസുകളിൽ കൃഷി നിർബന്ധമായും പാഠ്യ വിഷയമാക്കണമെന്നാണ് വയലിലും ക്ലാസ്സ് മുറികളിലും ഒരു പോലെ സജീവമായ ഈ അധ്യാപകന്റെ അഭിപ്രായം.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA