sections
MORE

കൈക്കൂലി കൊടുക്കാത്തതിന് ജോലി നിഷേധിച്ചു; ഇന്ന് പ്രതിമാസം ലക്ഷങ്ങള്‍ വരുമാനം

Satish
SHARE

ബിഎയും ബിഎഡും കഴിഞ്ഞ് ഒരു അധ്യാപകനാകണം. ഇതായിരുന്നു കര്‍ണ്ണാടക ബെല്‍ഗാം ജില്ലയിലെ ഷിരൂര്‍ ഗ്രാമത്തില്‍ നിന്നുള്ള സതീഷ് ഷിദ്ദ ഗൗഡര്‍ എന്ന ചെറുപ്പക്കാരന്റെ ആഗ്രഹം. പഠിത്തമെല്ലാം കഴിഞ്ഞ് ഇതിനൊരു അവസരവും ലഭിച്ചു. പക്ഷേ, ജോലി ലഭിക്കാന്‍ കൈക്കൂലിയായി ചോദിച്ചത് 16 ലക്ഷം രൂപ. ലോണെടുത്ത് ഈ തുക മകന് കൊടുക്കാന്‍ സതീഷിന്റെ പിതാവ് ഒരുക്കമായിരുന്നു. എന്നാല്‍ കൈക്കൂലി കൊടുത്ത് അങ്ങനെ ജോലി നേടേണ്ടതില്ലെന്ന് സതീഷ് തീരുമാനിച്ചു. 

പിതാവിന്റെയും അദ്ദേഹത്തിന്റെ സഹോദരന്മാരുടെയും ഒപ്പം മണ്ണിലിറങ്ങി കൃഷി ചെയ്യാനാണ് സതീഷ് തീരുമാനിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം കൃഷിയിലൂടെ പ്രതിമാസം ലക്ഷങ്ങള്‍ സമ്പാദിക്കുമ്പോള്‍ അന്നെടുത്ത തീരുമാനത്തില്‍ അഭിമാനിക്കുകയാണ് സതീഷ്. 

'പാവയ്ക്കാ സ്‌പെഷ്യലിസ്റ്റ്' എന്നാണ് പ്രദേശവാസികള്‍ ഈ 38കാരനെ ഇന്ന് വിളിക്കുന്നത്. ഒന്നരയേക്കര്‍ സ്ഥലത്ത് എല്ലാ വര്‍ഷവും 50 ടണ്‍ പാവയ്ക്കാണ് ഇദ്ദേഹം വിളവെടുക്കുന്നത്. പിതാവിന്റെ സാമ്പ്രദായിക കൃഷി രീതിപിന്തുടരാതെ അല്‍പം വ്യത്യസ്തമായി കൃഷിയെ സമീപിച്ചതാണ് സതീഷിന്റെ വിജയരഹസ്യം. 

ജലസേചനത്തിനായി ഡ്രിപ് ഇറിഗേഷന്‍, ഈര്‍പ്പം നിലനിര്‍ത്താന്‍ പ്ലാന്റ് ബെഡുകള്‍ എന്നിങ്ങനെ നിരവധി ടെക്‌നിക്കുകളാണ് സതീഷ് കൃഷിയിടത്തില്‍ അവതരിപ്പിച്ചത്. ഫലമോ 50 വര്‍ഷമായി പിതാവും സഹോദരങ്ങളും ഉണ്ടാക്കാത്ത നേട്ടം കൃഷിഭൂമിയില്‍ നിന്ന് സതീഷ് നേടി.  പുസ്തകങ്ങളില്‍ നിന്നും പുതിയ കൃഷി രീതികള്‍ അവലംബിക്കുന്ന കര്‍ഷകരില്‍ നിന്നുമാണ് സതീഷ് ഈ ടെക്‌നിക്കുകള്‍ പഠിച്ചെടുത്തത്. 

കൃഷി രീതിയില്‍ മാത്രമല്ല വിപണനത്തിലും സതീഷ് ശ്രദ്ധ പതിപ്പിച്ചു. ഷിരൂരില്‍ അധികം കര്‍ഷകര്‍ പാവയ്ക്കകൃഷി ചെയ്യാതിരുന്ന സമയത്താണ് സതീഷ് ഇതാരംഭിക്കുന്നത്. ആദ്യം കാല്‍ ഏക്കര്‍ സ്ഥലത്ത് പരീക്ഷണാര്‍ത്ഥം പാവല്‍ കൃഷി ചെയ്തു. സംഗതി വിജയിച്ചതോടെ ഒന്നരയേക്കറില്‍ പാവല്‍ കൃഷി തുടങ്ങി. ശേഷിക്കുന്ന മൂന്നരയേക്കറില്‍ കരിമ്പും കൃഷി ചെയ്തു. 

ഒരു വര്‍ഷം 30 വിളവെടുപ്പ് സതീഷ് നടത്തും. ഓരോ വിളവെടുപ്പിലും ഒന്നര മുതല്‍ രണ്ട് ടണ്‍ വരെ പാവയ്ക്ക ലഭിക്കും. ഒരു ടണ്‍ 35,000 രൂപയ്ക്കാണ് വില്‍ക്കുക. വിപണി ആവശ്യകത അനുസരിച്ച് ഇതില്‍ വ്യത്യാസം വരും. കഴിഞ്ഞ വര്‍ഷം ടണ്ണിന് 48,000 രൂപയ്ക്കാണ് വിറ്റതെന്ന് സതീഷ് പറയുന്നു. വിളവെടുപ്പ് സീസണില്‍ ഓരോ ദിവസം 25,000 രൂപയോളം സതീഷ് ഇത്തരത്തില്‍ സമ്പാദിക്കുന്നു. 

സ്മാര്‍ട്ടായ ജോലിയും അല്‍പം നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ആര്‍ക്കും ഇത്തരത്തില്‍ കൃഷിയിലൂടെ വിജയം നേടാമെന്ന് സതീഷ് പറയുന്നു.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA