ADVERTISEMENT

പഠനം ഓൺലൈൻ വഴിയായ ഈ കോവിഡ് കാലത്ത് പ്രീപ്രൈമറി ക്ലാസുകൾ തുടങ്ങി പ്ലസ്ടു, ഡിഗ്രി, പിജി എന്നുവേണ്ട എല്ലാ ക്ലാസുകളും ഓൺലൈനിലൂടെതന്നെ നടക്കുകയാണ്. ചിലയിടങ്ങളിൽ ഇതിനകം ബിരുദദാന ചടങ്ങുകൾ വരെ ഓൺലൈനിൽ നടന്നുകഴിഞ്ഞു. എന്നാൽ ഒരു വിഷയത്തിന്മേലുള്ള ആധികാരിക പഠനത്തിന്റെ പരമോന്നത ബഹുമതിയായ ഡോക്ടറേറ്റ് ഓൺലൈനിലൂടെ കരസ്ഥമാക്കുക എന്നത് ഏറെ പുതുമയും അതിശയവും നിറഞ്ഞ കാര്യമാണ്. അതും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു നേട്ടത്തിന്റെ കഥയാണ് എറണാകുളം പനങ്ങാട് ചേപ്പനം സ്വദേശി നിമ്മി മരിയ ജോസഫിന്റേത്.

ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഓൺലൈൻ വൈവ പൂർത്തിയാക്കി നിമ്മി ഡോക്ടറേറ്റ് നേടിയത്. മാധ്യമ പഠനത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയശേഷമാണ് മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ നിമ്മി ഡോക്ടറേറ്റ് നേടിയത്. കഴിഞ്ഞ അഞ്ചുവർഷമായി കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റി ക്യാംപസിൽ കമ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി ഡോക്ടർ പി.ഇ. തോമസിന്റെ കീഴിലായിരുന്നു പഠനം. ഇടുക്കി നെടുങ്കണ്ടത്ത്  കെ.എസ്. ജോസഫിന്റെയും ഓമന സി.വിയുടെയും മകളായ നിമ്മി എറണാകുളം പനങ്ങാട് ചേപ്പനം സ്വദേശിയും മാധ്യമപ്രവർത്തകനുമായ വിനു കെ. ജോണിന്റെ ഭാര്യയാണ്. 

Dr-Nimmi

അഞ്ചു വർഷത്തെ പഠനത്തിനു ശേഷം സമർപ്പിക്കുന്ന പ്രബന്ധത്തിന്മേല്‍, വിഷയത്തിലെ അതിവിദഗ്ധർ ഉൾപ്പെടെ സംശയങ്ങളുന്നയിച്ച് നടത്തപ്പെടുന്ന വൈവ (ഓപൺ ഡിഫെൻസ്) നേരിടുക എന്നത് ഏതൊരു ഗവേഷണ വിദ്യാർഥിയുടെയും സ്വപ്നമാണ്. എന്നാൽ കോവിഡ് കാലമായതുകൊണ്ട് വിദഗ്ധരും മറ്റ് അധ്യാപകരും ഗവേഷണ വിദ്യാർഥികളുമെല്ലാം സ്വന്തം വീടുകളിൽ ഇരുന്നാണ് വൈവയിൽ പങ്കെടുത്തത്. രണ്ടര മണിക്കൂറോളം നീണ്ട ഓൺലൈൻ വൈവ പൂർത്തിയാക്കിയാണ് നിമ്മി ഈ നേട്ടം കൈവരിച്ചത്. ഓൺലൈൻ വൈവ ആയതുകൊണ്ടുതന്നെ ഒരാഴ്ച മുൻപേ അതിന്റെ ക്രമീകരണങ്ങൾ നടന്നിരുന്നു. ഇൻറർനെറ്റ് തടസ്സപ്പെടാതിരിക്കാൻ ഒരേസമയം വ്യത്യസ്ത ഇൻറർനെറ്റ് കണക്ഷനിലുള്ള മൂന്ന് ലാപ്ടോപ്പുകൾ ആണ് വൈവക്ക് ഉപയോഗിച്ചത്. പ്രസന്റേഷൻ ഏതുവിധം ആയിരിക്കുമെന്നും എല്ലാവർക്കും കൃത്യമായി ഇടപെടാൻ സാധിക്കുന്നുണ്ടോ എന്നും എത്ര സമയത്തിൽ വൈവ പൂർത്തിയാക്കാൻ സാധിക്കുമെന്നുമെല്ലാം പരിശോധിക്കുന്നതിനു വേണ്ടി ഒരാഴ്ചക്കുള്ളിൽ മൂന്നുതവണ സാംപിൾ വൈവയും നടത്തിയിരുന്നു. 

തമിഴ്നാട് കോയമ്പത്തൂർ ജില്ലയിലെ ഒറ്റപ്പെട്ട ഗ്രാമമായ തെന്നമനല്ലൂരിലെ ജനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു അഞ്ചുവർഷത്തെ നിമ്മിയുടെ ഗവേഷണം നടന്നത്. ‘വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം തെന്നമനല്ലൂർ ഗ്രാമത്തിലെ യുവജനങ്ങളുടെ ജീവിതനിലവാരത്തെയും ജീവിതത്തോടുള്ള മനോഭാവത്തെയും എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്’ എന്നതായിരുന്നു പഠനവിഷയം. ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും ഒന്നാം റാങ്കോടെ വിജയിച്ച നിമ്മി, ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് സെന്ററിന്റെ ഫെലോഷിപ്പിന് അർഹയായാണ് ഗവേഷണം നടത്തിയത്.

അധ്യാപനവും ഗവേഷണവുമാണ് നിമ്മിയുടെ ഇഷ്ട മേഖല, ഒപ്പം നൃത്തവും  മാധ്യമ ജീവിതത്തോട് ചേർത്തുകൊണ്ടു പോകാനാണ് താൽപര്യം. ഗവേഷണ കാലയളവിലും തമിഴ്നാട്ടിലെ വിവിധ ഫ്ലോറുകളിൽ ഡാൻസ് പരിശീലനം നടത്തിയിരുന്നു. 2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന വേദിയിൽ തമിഴ്നാട് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് നൃത്തം അവതരിപ്പിച്ചിട്ടുണ്ട് നിമ്മി. ഇടുക്കി മരിയൻ കോളേജിൽ മീഡിയ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രഫസർ ആയിരുന്ന നിമ്മി വിവാഹശേഷം എറണാകുളത്തേക്ക് വരികയായിരുന്നു.

നീതു അൽഫോൻസ് ആണ് സഹോദരി. നീതുവും ഭർത്താവ് ജോസ് ഫിലിപ്പും കേന്ദ്ര ജിയോളജി വകുപ്പിനു കീഴിൽ ഷില്ലോങ്ങിൽ ജോലിചെയ്യുന്നു. നിമ്മിയുടെ പിതാവ് കെ.എസ്.ജോസഫ് നെടുങ്കണ്ടം ബ്ലോക്ക് മാർക്കറ്റിങ് സൊസൈറ്റി സെക്രട്ടറിയും അമ്മ ഓമന സി.വി നെടുങ്കണ്ടം സർവീസ് കോ–ഓപറേറ്റിവ് ബാങ്ക് സെക്രട്ടറിയുമായിരുന്നു.

English Summary : Success story of Nimmy Maria Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com