ADVERTISEMENT

ലാസ്റ്റ് ഗ്രേഡിൽ നിന്ന് ഗസറ്റഡ് ഉദ്യോഗസ്ഥനിലേക്കുള്ള സിജിത്തിന്റെ യാത്രയ്ക്ക് 19 പിഎസ്‌സി ലിസ്റ്റുകളുടെ ദൈർഘ്യമുണ്ട്. ഒരു കോച്ചിങ് സെന്ററിന്റെയും സഹായമില്ലാതെ ഒറ്റയ്ക്കു പഠിച്ചു, ഗസറ്റഡ് ഉദ്യോഗസ്ഥൻ എന്ന തന്റെ ലക്ഷ്യത്തിലേക്കുള്ള പടികൾ ഓരോന്നായി കീഴടക്കുകയായിരുന്നു സിജിത്ത്.

 

ഒന്നിനു പിറകെ ഒന്നായി 19 റാങ്ക് ലിസ്റ്റുകൾ, അഞ്ചിലധികം നിയമന ശുപാർശകൾ. കൊടുങ്ങല്ലൂർ ആനാപ്പുഴക്കാരൻ കെ. എസ്. സിജിത്തിന്റെ സർക്കാരുദ്യോഗ വഴികൾ ഇങ്ങനെ നീളുന്നു.  വീട്ടിലിരുന്നു സ്വന്തമായി പഠിച്ചാണ് ഇത്രയും റാങ്ക് ലിസ്റ്റുകളിൽ സിജിത്ത് തന്റെ പേരെഴുതി ചേർത്തത്. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ റിസർച് ഒാഫിസറായി ജോലി ചെയ്യുന്ന ഈ എംഎസ്‌സി മാത്തമാറ്റിക്സുകാരൻ ഇപ്പോഴും വിജ്ഞാന സമ്പാദനത്തിന്റെ വഴിയിൽ തന്നെയാണ്. 

 

ഒരു അധ്യാപകൻ അല്ലെങ്കിൽ ഗസറ്റഡ് ഉദ്യോഗസ്ഥൻ ആകണമെന്നതായിരുന്നു സിജിത്തിന്റെ ആഗ്രഹം. ബിരുദ പഠനകാലത്തേ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങി. പിന്നീട് ബിരുദാനന്തര ബിരുദം, ബിഎഡ്, സെറ്റ് എന്നിങ്ങനെ അറിവിന്റെ പടവുകൾ ഓരോന്നു കയറുമ്പോഴും പിഎസ്‌സി പരീക്ഷാ പരിശീലനം വിട്ടില്ല. തൊഴിൽവീഥിയായിരുന്നു പഠനസഹായി.   ഇതിനു പുറമെ യോഗാ പരിശീലനം പഠനത്തിൽ ഏകാഗ്രതയും ഒാർമശക്തിയും  വർധിപ്പിക്കുന്നതിന് സഹായിച്ചു. 

 

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്, ഹയർസെക്കൻഡറി ലാബ് അസിസ്റ്റന്റ്, വില്ലേജ്മാൻ, വിഇഒ, എൽഡിസി, കമ്പനി/ കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, ഡെയറിഫാം ഇൻസ്ട്രക്ടർ, യുപിഎസ്എ, എച്ച്എസ്എ, ബെവ്കോ അസിസ്റ്റന്റ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ, സർവകലാശാല അസിസ്റ്റന്റ്, റിസർച് അസിസ്റ്റന്റ്, എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് എന്നിവയാണ് സിജിത്ത് ഉൾപ്പെട്ട പ്രധാന റാങ്ക് ലിസ്റ്റുകൾ. 2004ൽ  മൃഗസംരക്ഷണ വകുപ്പിൽ ലാസ്റ്റ് ഗ്രേഡായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് വിഇഒ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലും ജോലിയിൽ പ്രവേശിച്ചു. ബാക്കിയുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്ന് മറ്റുദ്യോഗാർഥികൾക്ക് വേണ്ടി ഒഴിവായിക്കൊടുത്തു.  ഇപ്പോൾ ജോലി ചെയ്യുന്ന റിസർച് ഒാഫിസർ തസ്തികയിൽ പ്രവേശിച്ചത് 2018ലായിരുന്നു. 

 

കൊടുങ്ങല്ലൂർ ആനാപ്പുഴ കോമത്ത് ഹൗസിൽ കെ.വി. സോമന്റെയും പി.എ. സതിയുടെയും മകനാണ്. സഹോദരി കെ.എസ്.സിനി ഇരിങ്ങാലക്കുട മുൻസിഫ് കോടതിയിൽ എൽഡി ക്ലാർക്കാണ്. രണ്ടാമത്തെ സഹോദരി കെ.എസ്. സിന്ധു പിഎസ്‌സി പരീക്ഷകൾക്കായുള്ള പഠനത്തിലും. 

English Summary : Success Story of Sijith, Last Grade to Gazetted Rank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com