ADVERTISEMENT

പെണ്ണിന്റെ സ്വപ്‌നങ്ങള്‍ക്ക് തടയിടാന്‍ പലര്‍ക്കും നൂറു കാരണങ്ങളുണ്ടാകും. വിവാഹം, കുടുംബം, കുട്ടികള്‍, യാഥാസ്ഥിതിക ചിന്താഗതി...  പക്ഷേ നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവുമുള്ള പെണ്ണിനും മുന്നില്‍ ഇതൊന്നും ഒരു തടസമേയല്ലാ എന്നു തെളിയിക്കുകയാണ് ഷബാന. കഴിവും കരളുറപ്പും കൊണ്ട് നേട്ടങ്ങള്‍ തന്റേതാക്കിയ ഷബാനയെ കുറിച്ച് സഹോദരന്‍ ഷബീറലിയാണ് സോഷ്യല്‍ മീഡിയക്ക് പരിചയപ്പെടുത്തുന്നത്. 

 

സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

 

പ്രവാസം നിര്‍ത്തിയ പുരുഷനും പ്രസവം നിര്‍ത്തിയ സ്ത്രീയും

 

ഒരു പോലെയാണ് വേണ്ടായിരുന്നു എന്ന് പിന്നീട് പിറുപിറുത്ത് കൊണ്ടിരിക്കും....

 

പഠിക്കാന്‍ ഏറ്റവും മിടുക്കികള്‍ പെണ്‍കുട്ടികളാണ് പക്ഷെ ജോലി ലഭിക്കുന്നതൊക്കെ ആണ്‍ കുട്ടികള്‍ക്കും. കാരണം രക്ഷിതാക്കള്‍ പെണ്‍ മക്കളെ പെട്ടെന്ന് കെട്ടിച്ച് വിടും .പെണ്ണ് പണി എടുത്ത് നമ്മളെ കുടുംബം പോറ്റണ്ട എന്ന് വീമ്പ് പറയുന്ന ആങ്ങളമാരും കാര്‍ണ്ണോന്മാരും ഉള്ള വീടാണെങ്കില്‍ നന്നായി പഠിക്കുന്ന റാങ്ക് ഹോള്‍ഡര്‍ ആണെങ്കിലും പിന്നെ അവളുടെ ജോലി അടുക്കളയിലായിരുന്നു..

 

പിന്നെ മുകളില്‍ പറഞ്ഞവരെ പോലെ ഇവരും പിറുപിറുത്ത് കൊണ്ടിരിക്കും ' ഞാന്‍ ഒന്നുമായില്ല,എന്നെ പഠിക്കാന്‍ വിട്ടില്ല, എന്നെ ജോലി എടുക്കാന്‍ വിട്ടില്ല എന്നൊക്കെ...

 

പക്ഷെ ഈ ഒരു സിസ്റ്റം ഇപ്പോള്‍ പതിയെ പതിയെ മാറുന്നുണ്ട്.പെണ്‍ കുട്ടികളും വലിയ കമ്പനികളിലും മറ്റും ഉയര്‍ന്ന ജോലി ചെയ്യുന്നുണ്ട്.അത് പോലെ ബിസിനസ് സംരഭം ചെയ്യുന്നുണ്ട്. പക്ഷെ പലപ്പോഴും അവര്‍ക്ക് വേണ്ട സപ്പോര്‍ട്ട് അടുത്തവരില്‍ നിന്ന് കിട്ടാറില്ല എന്നതാണ് സങ്കടം.

 

ചൈനീസ് പെണ്‍കുട്ടികളെ മലയാളി പെണ്‍കുട്ടികള്‍ മാതൃകയാക്കണം. ഭാഷ പോലും അറിയാ  ചൈനീസ് ഭാഷ മാത്രം അറിയുന്ന ആ പെണ്‍ കുട്ടികള്‍ ആംഗ്യ ഭാഷയിലും ട്രാന്‍സ്ലേറ്റര്‍ ആപ്പിന്റെ സഹായത്തോടും  "Inferiority complex"ഇല്ലാതെ കോടിക്കണക്കിനു രൂപയുടെ കച്ചവടം നേരിട്ടും ഇടനിലക്കാരായും അവര്‍ ചെയ്യുന്നത് കണ്ട് അന്ധാളിച്ചിട്ടുണ്ട്.

 

അഥവാ ഇനി കുടുംബത്തില്‍ നിന്ന് സപ്പോര്‍ട്ട് നല്‍കിയാലും

 

എനിക്ക് കഴിവില്ല

 

ഭാഷ അറിയില്ല

 

എന്നൊക്കെയുള്ള അപകര്‍ഷതാബോധം കൊണ്ട് മാത്രമാണ് പല പെണ്‍കുട്ടികളും ഒരു പരിപാടിക്കുമിറങ്ങാതെ വാട്‌സപ്പ് സ്റ്റാറ്റസ് നോക്കാനും, ഇന്‍സ്റ്റയില്‍ സ്‌റ്റോറി നോക്കാനും മാത്രമായി ജീവിക്കുന്നത്.

 

അത്തരം പിറുപിറുക്കുന്ന പെണ്‍കുട്ടികളേ, നിങ്ങള്‍ക്ക് എന്റെ അനുജത്തി ഷബാനയില്‍ നിന്ന് വലിയ പാഠം പഠിക്കാനുണ്ട്.

 

ലോകത്ത് ഞാന്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും സഹനമുള്ള ക്ഷമയുള്ള വനിത അതാണ് അവള്‍.

 

ഡിഗ്രി പഠനം നിര്‍ത്തി

 

കല്യാണം കഴിഞ്ഞു

 

പ്രസവിച്ചു...

 

എന്നിട്ടവള്‍ വീട്ടില്‍ വെറുതെ ഇരുന്നില്ല...

 

എജുക്കേഷന്‍ ലോണ്‍ എടുത്ത് ബി ഫാം പഠിക്കാന്‍ ചേര്‍ന്നു കണ്ണൂര്‍ യൂണിവേര്‍സ്സിറ്റി ഒന്നാം റാങ്ക് ഹോള്‍ഡറായി. കുറച്ച് കാലം സര്‍ക്കാര്‍ ഹോസ്പിറ്റ്‌ലില്‍ താല്‍കാലിക ജോലി ചെയ്തു, പിന്നീട് ദുബായില്‍ വന്ന് കുറച്ച് മാസം ജോലി ചെയ്തു നാട്ടില്‍ പോയി  PSC എഴുതി അതിലും ഒന്നാം റാങ്ക് നേടി ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലെ സ്ഥിരം ജീവനക്കാരിയായി.

 

അവള്‍ അന്ന് രാവിലെ വീട്ടില്‍ നിന്ന് കോളേജില്‍ പോകുന്നത്  ഒറ്റക്കല്ലായിരുന്നു അടുത്തുള്ള സ്‌കൂളിലേക്ക് കൊണ്ട് വിടാന്‍ മകളും കൂടെ ഉണ്ടാകും...

 

പെണ്‍കുട്ടികളെ അവരുടെ കഴിവിനും താല്‍പര്യത്തിനുമായി വിടുക.

 

അവര്‍ ചെയ്യുന്ന ചെറിയ ബിസിനസ്സ് സംരഭത്തെ സപ്പോര്‍ട്ട് ചെയ്യുക.

 

പഠിക്കാന്‍ താല്‍പര്യമുള്ളവരെ അതിനു വിടുക..

 

അവരും സ്വപ്നം കാണട്ടെ...

 

അവരും ജീവിക്കട്ടെ..

 

ഷബീറലി പടന്നക്കാരന്‍

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com