ADVERTISEMENT

കല്യാണം കഴിച്ച് കുട്ടികളായി കഴിഞ്ഞാല്‍ പല സ്ത്രീകള്‍ക്കും തങ്ങളുടെ കരിയര്‍ സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരാറുണ്ട്. കുട്ടികള്‍, കുടുംബം, ഉത്തരവാദിത്തം. അതിനിടയില്‍ സ്വന്തം ഇഷ്ടങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വന്നവരാണ് നമ്മുടെ പല അമ്മാരും. എന്നാല്‍ കല്യാണവും കുട്ടികളുമൊന്നും സ്വപ്‌നങ്ങള്‍ കയ്യൈത്തി പിടിക്കാന്‍ തടസ്സമാകില്ലെന്ന് തെളിയിക്കുകയാണ് പട്‌ന സ്വദേശി അനുപമ സിങ്. മൂന്നു വയസ്സുള്ള മകനെ വേര്‍പിരിഞ്ഞിരുന്ന് അനുപമ പഠിച്ചു നേടിയത് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അഖിലേന്ത്യ തലത്തില്‍ 90-ാം റാങ്ക്.

 

ഡോക്ടറായിരുന്ന അനുപമ 2013ല്‍ തന്റെ 32-ാം വയസ്സിലാണ് ഡോക്ടര്‍ രവീന്ദ്ര കുമാറിനെ വിവാഹം കഴിക്കുന്നത്. മൂന്ന് വര്‍ഷം ഗവണ്‍മെന്റ് ആശുപത്രിയില്‍ ജോലി ചെയ്ത അനുപമ 2018ല്‍ സിവില്‍ സര്‍വീസ് പഠനത്തിനായി  രാജിവച്ചു. പരീക്ഷാ പരിശീലനത്തിന് ഡല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിക്കുമ്പോള്‍ മകന്‍ അനയ്ക്ക് പ്രായം വെറും 3 വയസ്സ്. മകനെ പിരിയുന്ന വേദന കടിച്ചമര്‍ത്തിയാണ് അനുപമ ഡല്‍ഹിക്ക് വണ്ടി കയറിയത്. മകനെ നോക്കുന്ന ഉത്തരവാദിത്തം ഭര്‍ത്താവ് ഏറ്റെടുത്തു. ഭര്‍ത്താവിന്റെ സഹോദരി ഇടയ്ക്കിടെ റാഞ്ചിയില്‍ നിന്ന് സഹായത്തിനെത്തി. 

 

ഡല്‍ഹിയിലെ സ്വകാര്യ കോച്ചിങ് സ്ഥാപനത്തില്‍ അനുപമ പരിശീലനത്തിന് ചേര്‍ന്നു. മകന്റെ കളിചിരികള്‍ കേട്ട് സന്തോഷിക്കേണ്ട വര്‍ഷങ്ങളില്‍ അനുപമ പുസ്തകങ്ങളും പത്രങ്ങളും മാഗസീനുകളും നോട്ടു പുസ്തകങ്ങളുമായി മല്ലിട്ടു. വീഡിയോ കോളുകളിലൂടെ മാത്രമായിരുന്നു മകനെ കണ്ടിരുന്നത്. ഇടയ്ക്ക് വച്ച് പഠനം അവസാനിപ്പിക്കുന്നതിന് പകരം പൂര്‍ണ്ണമായും അതില്‍ മനസ്സര്‍പ്പിച്ച്, വേഗം പരീക്ഷ ജയിച്ച് മകന്റെ അടുത്തേക്ക് മടങ്ങാനായിരുന്നു അനുപമയ്ക്ക് തിടുക്കം. ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കാനായതും ഇക്കാരണം കൊണ്ടാണെന്ന് അനുപമ വിശ്വസിക്കുന്നു. 

 

ഡോക്ടറായി ജോലി ചെയ്യവേ, നമ്മുടെ ആരോഗ്യ സംവിധാനത്തില്‍ തന്നെ വലിയ പരിവര്‍ത്തനം ആവശ്യമാണെന്ന് അനുപമയ്ക്ക് ബോധ്യമായി. ഡോക്ടര്‍മാര്‍ക്ക് രോഗികളെ ചികിത്സിക്കാം എന്നല്ലാതെ സംവിധാനത്തെ പൊളിച്ചു പണിയാനാകില്ല എന്ന ചിന്തയാണ് സിവില്‍ സര്‍വീസിലേക്ക് തിരിയാന്‍ അനുപമയെ പ്രേരിപ്പിച്ചത്. 

 

പരീക്ഷയൊക്കെ കഴിഞ്ഞ് 2019 സെപ്റ്റംബറില്‍ വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ മകന് പ്രായം 5. തന്റെ വിജയത്തിന് ഭര്‍ത്താവിനോടും കുടുംബാംഗങ്ങളോടും നന്ദി പറയുകയാണ് അനുപമ. ഇത്തരത്തിലൊരു പിന്തുണയാണ് പ്രഫഷണില്‍ വിജയം കൊതിക്കുന്ന ഓരോ സ്ത്രീക്കും ആവശ്യമെന്ന് അനുപമയുടെ വിജയം അടിവരയിടുന്നു. 

English Summary: Civil Service Success Story of Anupama Singh

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com