പട്ടിണിയും കളിയാക്കലുകളും ഏറ്റുവാങ്ങി പഠിച്ചു; ഒടുവിൽ കടലോര ഭാഷയിൽ ഡോക്ടറേറ്റ്, അഭിമാനമാണ് ലിസ്ബ

lisba
SHARE

കടലോര ഭാഷ, അല്ലെങ്കിൽ മീൻപിടിക്കാൻ പോകുന്നവരുടെ ഭാഷ...വാ മൊഴിയായി മാത്രം പ്രചരിക്കുന്ന ഈ ഭാഷ സംസാരിക്കുന്നവർ പലപ്പോഴും പൊതു സദസ്സിൽ ഒറ്റപ്പെട്ടു പോയിട്ടുണ്ട് അല്ലെങ്കിൽ പൊതുമധ്യത്തിൽ സംസാരിക്കാൻ പാടില്ലാത്ത ഒന്നാണ് അതെന്ന വിലക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തിൽ സമൂഹത്തിന്റെ പല തലങ്ങളിലും അവഗണന ഏറ്റുവാങ്ങിയ പിഎച്ച്ഡി നേടിയിരിക്കുകയാണ് തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ ലിസ്ബ യേശുദാസ്. മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗമായ ലിസ്ബ നടത്തിയ ഈ ശ്രമത്തിനും പിഎച്ഡിക്കും പിന്നിൽ ഒരുപാട് യാതനകളുടെ കഥയുണ്ട്. ലിസ്ബ തന്റെ നേട്ടത്തിന്റെ കഥ പറയുന്നു.

തോൽക്കാതെ പഠിച്ചത്  നേട്ടമായി
അധികമാരും ശ്രദ്ധിക്കാത്തൊരു കടലോരഗ്രാമത്തിൽ സാധാരണക്കാരിൽ സാധാരണക്കാരിയായി ജനിച്ച എനിക്ക് ജീവിതത്തെപ്പറ്റി വലിയ പ്രതീക്ഷകൾ ഒന്നും ഉണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും ഒക്കെ പഠിക്കണം. പള്ളി വക സ്‌കൂൾ ഉള്ളത് കൊണ്ട് ഏത് വിധേനയും പ്ലസ്ടു വരെ പഠിക്കും എന്നുറപ്പുണ്ടായിരുന്നു. അത് കഴിഞ്ഞാൽ 18  വയസിൽ കല്യാണം കഴിപ്പിച്ച് വിടും സാധാരണയായി. എന്റെ കാര്യത്തിലും ഞാൻ അത് തന്നെയാണ് കരുതിയത്. എന്നാൽ വിധി മറ്റൊന്നായിരുന്നു. തോൽക്കാതെ പഠിച്ചതാണ് എനിക്ക് ഗുണമായത്. പ്ലസ് ടു സെക്കൻഡ് ക്ലാസോടെ പാസായപ്പോൾ  തുടർന്ന് പഠിപ്പിക്കാൻ വീട്ടുകാർ തയാറായി. മറ്റു തുടർപഠന സാധ്യതകളെക്കുറിച്ച് വലിയ അറിവില്ലാത്തതിനാൽ ഇഷ്ടവിഷയമായ ബോട്ടണിയിൽ തുടർപഠനം നടത്തണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ എനിക്ക് മാർക്ക് കുറവായിരുന്നതിനാൽ ആ വിഷയം കിട്ടാൻ ചാൻസ് ഇല്ലായിരുന്നു. അങ്ങനെയാണ് ഒരു സുഹൃത്തിന്റെ ഉപദേശപ്രകാരം മലയാളം വിത്ത് ജേണലിസം എന്ന കോഴ്‌സിന് ചേരുന്നത്.

പുല്ലുവിളക്കാരി ഏറ്റുവാങ്ങിയ കളിയാക്കലുകൾ
ഒട്ടും സുഖകരമായിരുന്നില്ല സ്കൂൾ ജീവിതം. സമൂഹത്തിലെ താഴേക്കിടയിൽ നിന്നു വരുന്ന വ്യക്തി, മുക്കുവരുടെ കൂട്ടത്തിൽ നിന്നുള്ള ആൾ തുടങ്ങിയ ലേബലുകളിൽ പലപ്പോഴായി എന്നെ മാറ്റി നിർത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതെ പട്ടിണിയിരുന്നും കഷ്ടപ്പെട്ടുമാണ് പഠിച്ചത്. വീട്ടിൽ കറന്റ് പോലും ഇല്ലായിരുന്നു. 

lisab2

അധ്യാപിക തുണയായി
കോളേജ് പഠനം തുടങ്ങിയപ്പോഴാണ് ഞാൻ ക്ലാസിൽ ശ്രദ്ധിക്കപ്പെടുന്നത്. അതിനു കാരണം അധ്യാപികയായിരുന്ന ഐറിസ് കൊയ്‌ലിയോ ആയിരുന്നു. എന്നെപുറം ലോകം  കാണിച്ചതും ഉള്ളിൽ ആത്മവിശ്വാസം നൽകിയതും ടീച്ചറായിരുന്നു. അങ്ങനെ ഹൈ ഫസ്റ്റ് ക്ളാസോടെ ഡിഗ്രി  പൂർത്തിയാക്കി. പിന്നീട് മലയാളത്തിൽ പിജിയും ബിഎഡും എംഫിലും ചെയ്തു. അതിനു ശേഷമാണ് പിഎച്ച്ഡി ചെയ്യുന്നത്. സ്വന്തമായി ഒരു വീട് പോലും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നാണ് ഈ നില വരെ എത്തിയതെന്നത് വലിയ സന്തോഷമാണ്. എംഫിൽ പഠിക്കുമ്പോഴാണ്  വീടിന്റെ പണി പൂർത്തിയാകുന്നത് . ഡിഗ്രി പാസായി പിജിയും കഴിഞ്ഞ് ജോലിയൊന്നുമാകാത്തതിനാൽ വീണ്ടും പഠിക്കണം, എംഫിൽ ചെയ്യണം എന്നൊക്കെ പറഞ്ഞപ്പോൾ വീട്ടുകാർക്ക് എതിർപ്പായിരുന്നു. അനിയന്റെ പിന്തുണയോടെയായിരുന്നു തുടർപഠനം.

ഗവേഷണത്തിന് വിഷയം തേടിയിറങ്ങുമ്പോൾ...
ഗവേഷണത്തിന് വിഷയം തേടിയിറങ്ങുമ്പോൾ മനസ്സിൽ കവിതകൾ ആയിരുന്നു. എന്നാൽ എന്റെ ഒരു സീനിയർ  കന്യാകുമാരിയിലെ ഭാഷ വച്ച് പിഎച്ച്ഡി ചെയ്തിരുന്നു. അദ്ദേഹം നൽകിയ പിന്തുണയാണ് മുക്കുവരുടെ ഭാഷയെക്കുറിച്ചു പഠിക്കാൻ ഞാൻ തയാറായത്.  ഇതിന്റെ വെളിച്ചത്തിലാണ് ഞാൻ എന്റെ ആശയവും പങ്കുവച്ചത്. എന്റെ ഗൈഡിനോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം നൽകിയ പൂർണ പിന്തുണയിൽ നിന്നാണ് ഞാൻ എന്റെ ഗവേഷണം ആരംഭിക്കുന്നത്.

സംസാരിക്കുന്നതിൽ പോലും വിലക്ക്
മത്സ്യത്തൊഴിലാളികളുടെ ഭാഷ എന്ന നിലയ്ക്ക് ഒട്ടേറെ അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ട് വായ്മൊഴിയായി മാത്രം  പ്രചരിക്കുന്ന ഈ ഭാഷയ്ക്ക്. തിരുവനന്തപുരം ജില്ലയിലെ കരുംകുളം പഞ്ചായത്ത് കേന്ദ്രീകരിച്ചായിരുന്നു എന്റെ പഠനം. ഇവിടെ 81  ശതമാനത്തോളം വരുന്ന വ്യക്തികൾ മത്സ്യത്തൊഴിലാളികളാണ്. ഇവർക്കിടയിൽ പ്രചരിക്കുന്ന ഭാഷയ്ക്ക് പുറമെ വിലക്കുണ്ട്. സ്‌കൂളിലൊന്നും സംസാരിക്കാൻ സമ്മതിക്കില്ല. പൊതു സമൂഹത്തിൽ നിന്നും മറ്റും മാറ്റി നിർത്തപ്പെടുന്ന ഈ ഭാഷയ്ക്ക് എല്ലാ മേഖലയിലും നേരിടേണ്ടി വന്ന കടുത്ത അവഗണനയാണ് ഈ ഭാഷയിൽ പിഎച്ച്ഡി ചെയ്യാം എന്ന ചിന്തയിലേക്ക് എത്തിച്ചത്.

ഒരുപാട് അറിവുകൾ ഒളിപ്പിച്ചുവച്ച ഭാഷ
കടലോര ഭാഷയെപ്പറ്റി കൂടുതൽ പഠിക്കുമ്പോഴാണ് വായ്മൊഴിയായി മാത്രം പ്രചരിച്ച ആ ഭാഷയുടെ ആഴവും വ്യാപ്തിയും മനസിലാകുന്നത്. കാലാവസ്ഥയെപ്പറ്റി, നക്ഷത്രങ്ങളെപ്പറ്റി, കടലിന്റെ ഒഴുക്കിനെപ്പറ്റി അങ്ങനെ ധാരാളം കാര്യങ്ങളെപ്പറ്റി ഈ ഭാഷയിൽ മൽസ്യത്തൊഴിലാളികൾ ആശയവിനിമയം നടത്തുന്നുണ്ട്. ഇത് കടലിനെപ്പറ്റി കൂടുതൽ മനസിലാക്കുന്നതിന് പോലും എന്നെ സഹായിച്ചു. ഭർത്താവായ ജോൺസൺ ആണ് ഇന്റർനാഷണൽ വേദികളിൽ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ അവസരം തേടാൻ പറയുന്നത്. അങ്ങനെ വലിയതുറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് *യുനെസ്‌കോയുടെ തദ്ദേശീയ അറിവ് സമാഹരണവുമായി ബന്ധപ്പെട്ട പ്രോജക്ടിന് യോഗ്യതനേടുകയും എനിക്കും അതിന്റെ ഭാഗമായി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നു. ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് 2017 ൽ യു.എൻ ജനറൽ അസംബ്ലിയിൽ ലോകരാജ്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സമുദ്രസമ്മേളനത്തിൽ ഞാൻ സംസാരിച്ചത്.

ഈ അവസരങ്ങളെല്ലാം എനിക്ക് നേടിത്തന്നത് കടലോര ഭാഷയെപ്പറ്റിയുള്ള പഠനമാണ്.*

അവഗണിക്കേണ്ട ഒന്നല്ല കടലോര ഭാഷ
‌അവഗണിക്കേണ്ട ഒന്നല്ല കടലോര ഭാഷ എന്ന് തന്നെയാണ് എന്റെ ഗവേഷണത്തിലൂടെ ഞാൻ തെളിയിച്ചത്. ശാസ്ത്രീയമായ നിരവധി അറിവുകൾ ഉൾക്കൊള്ളുന്നതും എന്നാൽ സാഹിത്യ ലോകത്തിനു തനത് സംഭാവന നൽകുന്നതുമാണ് കടലോര ഭാഷ. എന്നാൽ ഇവിടുത്തെ സാഹചര്യത്തിൽ കടലോരഭാഷ മറ്റു ഭാഷകളോടൊപ്പം അന്തസ്സുള്ള ഭാഷയാണ് എന്ന് അഭിമാനം കൊള്ളാനുള്ള സാഹചര്യം നാട്ടുകാർക്കിടയിലില്ല. അത്തരമൊരു  സാഹചര്യം ഒരുക്കുന്നതിനായി, കടലോരഭാഷയുടെ പ്രത്യേകതകളും അതിന്റെ തനതായ സ്വരൂപവും ലോകമറിയുന്നതിനായാണ്  ഞാൻ ശ്രമിക്കുന്നത്.* അതിനു ആദ്യം വേണ്ടത് ഈ ഭാഷ സംസാരിക്കുന്നവർക്ക് ആവശ്യമായ ആത്മവിശ്വാസം ഉണ്ടാക്കുക എന്നതാണ്. അങ്ങനെ 2017  ൽ എന്റെ ഗവേഷണം പൂർത്തിയായി. ഫലം വന്നത് ഇപ്പോഴാണ്. കരിങ്കുളം, പുതിയതുറ, കൊച്ചുതുറ, പള്ളം , പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളെ ഉൾപ്പെടുത്തിയാണ് ഞാൻ ഭാഷാപഠനം നടത്തിയത്. പിഎച്ച്ഡി ലഭിച്ചതിലൂടെ അക്കാദമിക മേഖലയിലേക്ക് ഈ ഭാഷയ്ക്ക് പ്രവേശനമുണ്ടായിരിക്കുകയാണ്. അത് ഈ ഭാഷയെ ആയുധമാക്കിക്കൊണ്ട് നടക്കുന്ന അരികുവത്കരണത്തിനെതിരെയുള്ള കടലോര തദ്ദേശീയ മുന്നേറ്റങ്ങൾക്ക് മുതൽക്കൂട്ടാകും എന്നു കരുതുന്നു


English Summary: Success Story Of Lisba Yesudas

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA