ലക്ഷ്യം തേടിയുള്ള രണ്ടു പതിറ്റാണ്ടിലെ അധ്വാനമാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന്റെ ഇന്നവേഷൻ ചാലഞ്ചിൽ ആലപ്പുഴ ചേർത്തല ഇൻഫോപാർക്കിലെ ‘ടെക്ജൻഷ്യ’ എന്ന കമ്പനിയെ രാജ്യം ഉറ്റുനോക്കുന്ന വിജയത്തിലെത്തിച്ചത്. ആലപ്പുഴ മാരാരിക്കുളം സ്വദേശി ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ തയാറാക്കിയ വി–കൺസോൾ (Vconsol) എന്ന വിഡിയോ കോൺഫറൻസിങ് സോഫ്റ്റ്വെയർ ഇന്നവേഷൻ ചാലഞ്ചിൽ നേടിയ ഒന്നാം സ്ഥാനം കേരളത്തിലെ സ്റ്റാർട്ടപ് മേഖലയ്ക്കു ലഭിച്ച വലിയ ഉത്തേജനമാണ്. ഒരു കോടി രൂപയും കേന്ദ്ര സർക്കാരുമായുള്ള 3 വർഷത്തെ കരാറും സമ്മാനമായി ലഭിച്ച ടെക്ജൻഷ്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ ജോയ് സെബാസ്റ്റ്യൻ ‘തൊഴിൽ വീഥി’യോടു സംസാരിക്കുന്നു:
ഈ വിജയം പുതിയ സംരംഭകർക്ക് എങ്ങനെ പ്രചോദനവും പ്രയോജനവുമാകും?
ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിന്റെ കഷ്ടപ്പാടുകളിലൂടെയാണു ഞാൻ വളർന്നത്. ഞങ്ങൾക്ക് അതിജീവനത്തിന് ഒരു ജോലി അത്യാവശ്യമായിരുന്നു. ഒരാൾക്കെങ്കിലും ജോലി കൊടുക്കുന്ന സംരംഭം ആരംഭിക്കുകയെന്നതാകണം പുതിയ തലമുറയുടെ ലക്ഷ്യം. സർക്കാർ ജോലി ഉൾപ്പെടെ ലക്ഷ്യമിടുന്നവരെ നിരുത്സാഹപ്പെടുത്തുന്നതല്ല. പക്ഷേ, നമ്മുടെ സമ്പദ്ഘടനയെ മുന്നോട്ടു നയിക്കാൻ ചെറുകിട സംരംഭങ്ങൾ കൂടിയേ തീരൂ.

തളരാതെ ഒരേ ലക്ഷ്യവുമായി മുന്നോട്ടു പോകാനുണ്ടായ ശക്തി?
സാങ്കേതികവിദ്യയിലും എന്റെ ടീമിന്റെ കഴിവിലുമുള്ള വിശ്വാസമാണ് എല്ലാ പ്രശ്നങ്ങളെയും അതിജീവിച്ച് ഈ നിലയിലേക്കെത്താൻ വഴിയൊരുക്കിയത്. ഞങ്ങൾ അതിജീവിക്കാൻ ശ്രമിക്കുമ്പോഴെല്ലാം പുതിയ അവസരങ്ങൾ തേടിയെത്തുന്നുണ്ടായിരുന്നു. ഇപ്പോഴാണ് ഇന്ത്യയിൽ തിരിച്ചറിയപ്പെടുന്നത് എന്നേയുള്ളൂ. ഇക്കാലമെല്ലാം പല വിദേശ കമ്പനികൾക്കും ഞങ്ങൾ സേവനം നൽകിയിരുന്നു. ഗവേഷണത്തിനും സോഫ്റ്റ്വെയർ നിർമാണത്തിനുമുള്ള (റിസർച്ച് ആൻഡ് ഡവലപ്മെന്റ്) വരുമാനം കണ്ടെത്താൻ സഹായിച്ചു. പലപ്പോഴും ശമ്പളം നൽകാൻപോലും പ്രയാസപ്പെട്ടിട്ടുണ്ട്. അന്നും ഞങ്ങളുടെ ടീം ഒരു കുടുംബത്തെപ്പോലെ കൂടെ നിന്നു.
എന്തൊക്കെയായിരുന്നു പ്രതിബന്ധങ്ങൾ?
‘നിങ്ങളെപ്പോലൊരു ചെറിയ കമ്പനി വിഡിയോ കോൺഫറൻസിങ് സോഫ്റ്റ്വെയറിനായി സമയം കളയണോ, അതു വൻകിട കമ്പനികൾ ചെയ്യില്ലേ?’ എന്നു ചോദിച്ചവരുണ്ട്. പക്ഷേ, ഞങ്ങൾ ഗവേഷണം നടത്തുന്ന ചില മേഖലകളിൽ മറ്റു കമ്പനികൾ ശ്രദ്ധിക്കുന്നില്ലെന്ന തിരിച്ചറിവാണു വിജയത്തിലേക്കെത്തിച്ചത്. വരുമാനം കണ്ടെത്താൻ മറ്റൊരു വിഭാഗം തുടർച്ചയായി സേവനമേഖലയിൽ ജോലിയെടുക്കുകയും ചെയ്തു.
20 വർഷം മുൻപു വിഡിയോ കോൺഫറൻസിങ് മേഖലയിൽ ജോലി ചെയ്യുമ്പോൾ ഭാവിയിൽ വലിയ സാധ്യതയുള്ള മേഖലയാണ് ഇതെന്നു തോന്നിയിരുന്നോ?
അന്നു ഡയലപ് കണക്ഷൻ പോലും കൃത്യമായി പ്രവർത്തിക്കാത്ത കാലമാണ്. 20 വർഷം മുൻപു ഞാൻ ജോലി തുടങ്ങിയ കമ്പനിയുടെ ദീർഘവീക്ഷണമായിരുന്നു വിഡിയോ കോൺഫറൻസിങ് മേഖല. അവരുടെ ആ കാഴ്ചപ്പാടാണ്, 2009 ൽ സ്വന്തം കമ്പനി തുടങ്ങിയപ്പോൾ ഞാൻ സ്വീകരിച്ചത്. അപ്പോൾപോലും ഹാർഡ്വെയറുകൾക്കായിരുന്നു പ്രധാന്യം. സോഫ്റ്റ്വെയർ അധിഷ്ഠിത ഉൽപന്നങ്ങൾ നിർമിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. 2014 ആയപ്പോഴേക്കു സോഫ്റ്റ്വെയറുകൾക്കു പ്രധാന്യമായി. വിഡിയോ കോൺഫറൻസിങ്ങിന്റെ ചെലവു കുത്തനെ കുറഞ്ഞു.

സംരംഭകർക്കുള്ള പുതിയ സാധ്യതകൾ എന്തൊക്കെയാണ്?
സംരംഭകർക്കു സർക്കാർ, സർക്കാരിതര മേഖലകളിൽ സാമ്പത്തിക സഹായം ലഭിക്കാൻ ധാരാളം അവസരങ്ങൾ ഇപ്പോഴുണ്ട്. മനുഷ്യരുടെ വാങ്ങൽശേഷി വർധിച്ചിട്ടുണ്ട്. ആ സാധ്യത ഉപയോഗപ്പെടുത്തണം. എല്ലാവർക്കും അവസരം ലഭിക്കുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുന്ന കാലമാണ്. കേന്ദ്ര സർക്കാരിന്റെ അടുത്ത ചാലഞ്ച് സെമികണ്ടക്ടറുകൾ ഉപയോഗിച്ച് ഉപകരണങ്ങൾ നിർമിക്കുകയാണ്. 100 പേർക്കു സീഡ് ഫണ്ടിങ് ലഭിക്കും. ഇലക്ട്രോണിക്സും കംപ്യൂട്ടർ എൻജിനീയറിങ്ങും പഠിച്ച കുട്ടികൾക്കു നല്ല ആശയം മനസ്സിലുണ്ടെങ്കിൽ അതിനായി ശ്രമിക്കാനുള്ള അവസരമാണിത്.
നമുക്കു ചുറ്റുമുള്ള പ്രശ്നങ്ങൾ കണ്ടെത്തിയാൽ മാത്രം മതി, നല്ല സംരംഭങ്ങൾക്കുള്ള ആശയം മനസ്സിൽ പിറക്കാൻ. പണ്ടു തേങ്ങ പൊതിക്കുന്ന കമ്പിപ്പാരയിൽ ഒരു ലിവർ ഘടിപ്പിക്കാൻ ഒരാൾക്കു തോന്നിയ ആശയം ഇപ്പോൾ എത്ര വലിയ ബിസിനസായി! ഓരോ പ്രശ്നപരിഹാരവും ഓരോ ബിസിനസ് ആശയമായി മാറും.
വർഷങ്ങൾക്കു മുൻപു ഞങ്ങളുടെ കമ്പനിയിൽ ഒരാൾക്കു വെറുതെ നൽകിയ അസൈൻമെന്റ് ആയിരുന്നു ഒരു വിഡിയോ ഗെയിം നിർമിക്കുകയെന്നത്. അത് ഇപ്പോൾ പ്രതീക്ഷിക്കാത്ത വരുമാനം ഞങ്ങൾക്കു നൽകുന്നു. ആശയവും പ്രയത്നവും മതി, വരുമാനം തനിയേ ഉണ്ടാകും.
വലിയ കോഴ്സുകൾ പഠിച്ചു കഴിഞ്ഞാണ്, ഇത് എനിക്കു പറ്റിയ മേഖല അല്ലല്ലോ എന്നു പലരും തിരിച്ചറിയുന്നത്. അങ്ങനെയുള്ളവർക്ക് എന്ത്
ഉപദേശം നൽകാനുണ്ട്?
സ്വപ്നത്തെ പിന്തുടരുന്നവരുടെ കാലമാണിനി. ഇനിയുള്ള തലമുറയ്ക്ക് ഏതെങ്കിലും ജോലിക്കു പോകുന്നതിനു പകരം സ്വന്തം സ്വപ്നത്തിനു പിറകെ പോകാൻ സ്വാതന്ത്ര്യം ലഭിച്ചു തുടങ്ങും. അമേരിക്കയിൽ അര നൂറ്റാണ്ടു മുൻപേ തുടങ്ങിയ സാങ്കേതിക മുന്നേറ്റം നമ്മുടെ രാജ്യത്തുണ്ടാകാൻ പോകുന്നതേയുള്ളൂ. കുട്ടികളെ നമ്മുടെ താൽപര്യത്തിനു തള്ളിവിടുന്നതിനു പകരം അവരുടെ ഇഷ്ടത്തെ പിന്തുടരാൻ പിന്തുണ നൽകണം. എന്റെ നാട്ടിൽ കീ ബോർഡ് പ്രോഗ്രാമിങ് താൽപര്യമുള്ള, സാധാരണ കുടുംബത്തിലെ ഒരു യുവാവ് ആ സ്വപ്നത്തിനു പിറകെ പോയി. ഇപ്പോൾ അദ്ദേഹം ഒരു രാജ്യാന്തര ചലച്ചിത്ര നിർമാണക്കമ്പനിയുമായി കരാർ ഉറപ്പിക്കുന്ന ഘട്ടത്തിലാണ്.

എന്റെ കമ്പനിയിലെ പ്രധാന തസ്തികയിൽ ജോലി ചെയ്യുന്ന യുവാവ് കമ്പനിയിൽ ചേരുമ്പോൾ ബിടെക് പാസായിരുന്നില്ല. ജോലിയിൽ മികവു തെളിയിച്ച ശേഷമാണു ബിടെക് പൂർത്തിയാക്കിയത്. വി–കൺസോൾ സോഫ്റ്റ്വെയർ തയാറാക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച മികച്ച എൻജിനീയർമാരിൽ ചിലർ ഇപ്പോഴും ബിടെക് പൂർത്തിയാക്കിയിട്ടില്ലെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? അവർക്കു സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും മികച്ച എൻജിനീയർമാരിൽ ചിലരാണെന്നു തെളിഞ്ഞില്ലേ? അതാണ് ആശയങ്ങളുടെ ശക്തി.
ഈ നേട്ടത്തിന്റെ പശ്ചാത്തലത്തിൽ, പുതിയ സംരംഭകർക്കു നൽകാനുള്ള ഉപദേശം?
നല്ലൊരു ബിസിനസ് ആശയം നിങ്ങൾക്കുണ്ടെങ്കിൽ, അതു സ്റ്റാർട്ടപ്പിനാണെങ്കിലും അല്ലെങ്കിലും, പരീക്ഷിച്ചുനോക്കുക. വരുമാന സാധ്യതയുണ്ടെങ്കിൽ 6 മാസംകൊണ്ടു മനസ്സിലാകും. അതൊരു ലക്ഷ്യമായിക്കണ്ടു പ്രയത്നിച്ചാൽ ട്രാക്കിലേക്കെത്തും. തുടക്കത്തിൽ കഷ്ടപ്പെടേണ്ടിവരും. നിങ്ങളുടെ ഉൽപന്നമോ ആശയമോ നിലവിലെ ഏതെങ്കിലും ഒരു പ്രശ്നത്തിനു പരിഹാരമാകുമെന്ന ഉറപ്പും അതിനായി പ്രയത്നിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ സംരംഭം ഉറപ്പായും വിജയിക്കും.