‘‘പട്ടിണിയോടെ അവര്‍ ഉറങ്ങി, ഓരോ ചില്ലി കാശും മിച്ചം വച്ചു; ഞങ്ങളെ ഡോക്ടറാക്കാന്‍’’

nithesh
Photo Credit : instagram/officialhumansofbombay
SHARE

" ഞങ്ങളെ ഊട്ടിയ ശേഷം, കാലിയായ വയറുമായി അവര്‍ പല രാത്രികളില്‍ കിടന്നുറങ്ങി. ഓരോ ചില്ലി പൈസയും മിച്ചം പിടിച്ച് ഇല്ലായ്മകള്‍ക്കിടയിലും ഞങ്ങളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലയച്ച് പഠിപ്പിച്ചു. അയല്‍ക്കാരുടെയും ബന്ധുക്കളുടെയുമെല്ലാം പരിഹാസത്തിനും കുത്തുവാക്കുകള്‍ക്കും ഇടയിലും ഞങ്ങള്‍ പഠിച്ചു വളര്‍ന്നു, ഇന്ന് ഡോക്ടര്‍മാരായി."  

കഷ്ടപ്പാടുകള്‍ക്കിടയിലും തങ്ങളെ പഠിപ്പിച്ച് ഡോക്ടര്‍മാരാക്കിയ മാതാപിതാക്കളെ കണ്ണീരോടെ സ്മരിക്കുന്ന ഒരു നീണ്ട കുറിപ്പ് ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഹ്യൂമന്‍സ് ഓഫ് ബോംബേ എന്ന സമൂഹമാധ്യമത്തിൽ മുബൈ സ്വദേശി നിതേഷ് ജയ്‌സ്വാളാണ് ആരുടെയും മനമലിയിക്കുന്നു ഈ പോസ്റ്റ് പങ്കുവച്ചത്. 

ഒട്ടേറെ സാമ്പത്തിക, സാമൂഹിക പ്രതിസന്ധികളെ തരണം ചെയ്താണ് നിതേഷും സഹോദരനും പഠിച്ച് ഡോക്ടര്‍മാരായത്. പഠനത്തില്‍ നിന്ന് ശ്രദ്ധ തിരിപ്പിക്കാനായി ഉച്ചത്തില്‍ പാട്ടു വയ്ക്കുക, നിസാര കാര്യങ്ങള്‍ക്ക് വഴക്കിന് വരുക പോലുള്ള നിരവധി ഉപദ്രവങ്ങള്‍ അയല്‍ക്കാരുടെ ഭാഗത്ത് നിന്നുണ്ടായി. ഒരിക്കല്‍ നിതേഷിന്റെ എന്‍ട്രന്‍സ് പരീക്ഷ തലേന്ന് വെള്ളം ചോരുന്നതിന്റെ കാര്യം പറഞ്ഞ് അയല്‍ക്കാര്‍ വഴക്കിനെത്തി. വഴക്ക് അടിപിടിയായി, ഒടുവില്‍ പോലീസ് സ്‌റ്റേഷനിലെത്തി. പിറ്റേന്ന് പരീക്ഷയുണ്ടെന്ന് കരഞ്ഞു പറഞ്ഞതിനെ തുടര്‍ന്നാണ് പുലര്‍ച്ചെ രണ്ട് മണിക്ക് നിതേഷിനെ സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചത്. 

ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ് നിതേഷിന്റെ മാതാപിതാക്കള്‍. വിവാഹശേഷം മികച്ചൊരു ജീവിതത്തിനായി മുംബൈയിലെത്തി. മുള കൊണ്ട് ഉണ്ടാക്കിയ ഒരു താത്ക്കാലിക ഷെഡിലായിരുന്നു താമസം. ഒരു ഇലക്ട്രിക്കല്‍ ഫാക്ടറിയില്‍ പിതാവ് ജോലി സമ്പാദിച്ചു. എന്നാല്‍ അവിടെ വച്ചുണ്ടായ ഒരു അപകടത്തില്‍ അദ്ദേഹത്തിന്റെ മൂന്ന് വിരലുകള്‍ അറ്റു പോയി. നഷ്ടപരിഹാരമൊന്നും നല്‍കാതെ കമ്പനി അദ്ദേഹത്തെ പിരിച്ചു വിട്ടു. 

ഭര്‍ത്താവിനെ പരിചരിക്കാനും വീട്ടിലെ കാര്യങ്ങള്‍ നോക്കാനുമായി അമ്മ കിട്ടുന്ന ചെറിയ ജോലികളൊക്കെ ചെയ്യാന്‍ തുടങ്ങി. അപകടത്തില്‍പ്പെട്ട് കിടക്കുന്ന ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ വീട്ടുകാര്‍ ഉപദേശിച്ച് നോക്കി. പക്ഷേ, അവര്‍ വഴങ്ങിയില്ല. ആരോഗ്യം വീണ്ടെടുത്ത പിതാവ് പിന്നീട് ചെറിയ കച്ചവടം തുടങ്ങി. കടുത്ത ബുദ്ധിമുട്ടിനിടയിലും മക്കളെ രണ്ടു പേരെയും ഇവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലയച്ചു പഠിപ്പിച്ചു. 

പിന്നീട് അവരൊരു വാടക വീട്ടിലേക്ക് മാറി. ഇവിടെ വച്ചായിരുന്നു അയല്‍ക്കാരുടെ പല വിധത്തിലുള്ള ശല്യം. കഴിക്കാന്‍ പോലുമില്ലാത്ത കുടുംബം കുട്ടികളെ നല്ല സ്‌കൂളിലയച്ച് പഠിപ്പിക്കുന്നത് അയല്‍ക്കാരില്‍ നീരസമുണ്ടാക്കി. കുട്ടികള്‍ പഠിച്ച് ഡോക്ടര്‍മാരാകുമെന്ന ഘട്ടമെത്തിയപ്പോള്‍ അയല്‍ക്കാരുടെ ശല്യം അധികരിച്ചു. 

നിരവധി വര്‍ഷങ്ങളില്‍ മിച്ചം പിടിച്ച് വച്ച പണം കൊണ്ട് അമ്മ ഒരു തുണ്ട് ഭൂമി വാങ്ങിയിരുന്നു. അത് വിറ്റാണ് നിതേഷിനെ പഠിപ്പിച്ചത്. മാതാപിതാക്കളുടെ കഷ്ടപ്പാടറിഞ്ഞ് പഠിച്ച മക്കള്‍ ഇന്ന് ഡോക്ടര്‍മാരായി തലയുയര്‍ത്തി പിടിച്ച് നില്‍ക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട് റിസര്‍ച്ച് അസോസിയേറ്റ് ആണ് നിതേഷ്. സഹോദരനാകട്ടെ ബിഡിഎസ് എടുത്തു. വാടകവീട്ടില്‍ നിന്ന് ഫ്‌ളാറ്റിലേക്ക് താമസം മാറാനുള്ള പണം സ്വരൂപിക്കുകയാണ് ഈ ഡോക്ടര്‍ സഹോദരങ്ങളിന്ന്. 

''നാം എവിടെ നിന്ന് വരുന്നു എന്നതിലല്ല എങ്ങോട്ടാണ് ജീവിതത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നത് എന്നതിലാണ് കാര്യം. വിദ്യാഭ്യാസമില്ലാത്ത തീര്‍ത്തും പാവപ്പെട്ടവരായ  എന്റെ മാതാപിതാക്കള്‍ ഇത് തെളിയിച്ചു"  എന്ന് പറഞ്ഞു കൊണ്ടാണ് നിതേഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ഏവര്‍ക്കും പ്രചോദനമായ ഈ സഹോദരങ്ങളുടെ മാതാപിതാക്കള്‍ക്ക് പിന്തുണയും കയ്യടിയുമായി നിരവധി പേരാണ് പോസ്റ്റിന് ലൈക്കും ഷെയറും  കമന്റും ചെയ്യുന്നത്. 

They Slept Hungry, Saved Each Penny For Their Sons; Success Story of Nithesh

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA