ADVERTISEMENT

വ്യോമയാന മേഖലയിലെ സ്ത്രീകളെ കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് എയര്‍ ഹോസ്റ്റസിന്റെ രൂപമാകും. പൈലറ്റായും ഗ്രൗണ്ട് സ്റ്റാഫായും നിരവധി സ്ത്രീകള്‍ ഇന്ന് വ്യോമയാന മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഇവിടുത്തെ അഗ്നിരക്ഷാ സേന അപ്പോഴും പുരുഷന്മാര്‍ മാത്രം കൈകാര്യം ചെയ്തിരുന്ന മേഖലയായിരുന്നു. കായിക ക്ഷമത അത്യന്തം ആവശ്യമായ ഈ മേഖലയിലേക്ക് പെണ്‍കരുത്തിന്റെ ആദ്യ സ്പന്ദനവുമായി കയറിയെത്തിയിരിക്കുകയാണ് കൊല്‍ക്കത്ത സ്വദേശി താനിയ സന്യാല്‍. വ്യോമയാന മേഖലയില്‍ ഇന്ത്യയിലെ തന്നെ ആദ്യ വനിതാ ഫയര്‍ഫൈറ്റര്‍. 

 

വിമാനത്താവളങ്ങളിലും വിമാനത്തിലും ഉണ്ടാകുന്ന തീ അണയ്ക്കുകയെന്ന ദൗത്യമാണ് വ്യോമയാന മേഖലയിലെ ഫയര്‍ ഫൈറ്ററുടേത്. ഒരു ഏവിയേഷന്‍ ഫയറില്‍ നിന്ന് രക്ഷപ്പെടാനുള്ള പരമാവധി സമയം 2.18 മിനിട്ടാണ്. ഒരു ഫയര്‍ഫൈറ്റര്‍ പ്രതികരിക്കേണ്ട അതീവ നിര്‍ണ്ണായകമായ സമയമാണിത്. ഈ കുറഞ്ഞ സമയത്തിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി തുടങ്ങാന്‍ പ്രത്യേക കഴിവും ഉപകരണങ്ങളും വേണം. അത്യന്തം സൂക്ഷ്മതയും വേഗവും കായികക്ഷമതയും വേണ്ട ഈ മേഖലയിലേക്കുള്ള വനിതകളുടെ കടന്നു വരവിന്റെ തുടക്കക്കാരിയാണ് താനിയ. 

 

ബോട്ടണിയില്‍ നിന്ന് ഫയര്‍ ഫൈറ്റിങ്ങിലേക്ക്

ബോട്ടണിയില്‍ ബിരുദാനന്തരബിരുദം നേടിയ താനിയയുടെ ഫയര്‍ ഫൈറ്റിങ്ങിലേക്കുള്ള വരവ് യാദൃശ്ചികമായിരുന്നു. പത്രത്തില്‍  ഫയര്‍ ഫൈറ്റിങ് പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ച് കൊണ്ടുള്ള പരസ്യം താനിയയുടെ ശ്രദ്ധയില്‍പ്പെട്ടു. നോക്കിയപ്പോള്‍ തനിക്ക് ഈ യോഗ്യതയെല്ലാം ഉണ്ടല്ലോ എന്ന് കരുതി. വെല്ലുവിളികളെ ഇഷ്ടമായിരുന്നതിനാല്‍ ധൈര്യമായി അപേക്ഷിച്ചു.

 

പരിശീലനത്തിന്റെ ആദ്യ ദിവസമാണ്  കൂടെയുള്ള നൂറുകണക്കിന് പേരില്‍ വനിതയായി താന്‍ മാത്രമേയുള്ളൂ എന്ന് തിരിച്ചറിഞ്ഞത്. ഈ കേന്ദ്രത്തില്‍ പരിശീലനത്തിനെത്തിയ ആദ്യ വനിതയാണ് താനിയ എന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചപ്പോള്‍ ഞെട്ടലും ഒപ്പം അഭിമാനവും തോന്നി. തന്റെ യോഗ്യത തെളിയിക്കുന്നതിലുള്ള പുതിയ ഉത്തരവാദിത്തവും മനസ്സിലുണ്ടായി. 

 

കഠിന പരിശീലനത്തിന്റെ നാളുകള്‍

പരിശീലനത്തിന്റെ ആദ്യ കാലയളവില്‍ പരിശീലകര്‍ താനിയയോട് സ്ത്രീയെന്ന അനുഭാവം കാണിച്ചു. ക്ഷീണമുണ്ടെങ്കില്‍ വിശ്രമിക്കാന്‍ അനുവാദം നല്‍കുകയും ശിക്ഷകളില്‍ നിന്ന് ഒഴിച്ചു നിര്‍ത്തുകയും ചെയ്തു. എന്നാല്‍ തന്നെ പുരുഷന്മാര്‍ക്ക് തുല്യമായി പരിഗണിക്കണമെന്ന് താനിയ ആവശ്യപ്പെട്ടു. ആര്‍ത്തവത്തിന്റെ ദിവസങ്ങളില്‍ പോലും കൃത്യമായി പരിശീലനത്തിനെത്തി. കഠിനമായ പരിശീലനവും ശിക്ഷാ നടപടികളും ഒരു മടിയുമില്ലാതെ ഏറ്റുവാങ്ങി. 

 

രാവിലെ ആറു മണിക്ക് ഉണര്‍ന്ന് ക്യാംപസിന് ചുറ്റും ആറു തവണ ഓടിക്കൊണ്ടായിരുന്നു പരിശീലനദിവസം ആരംഭിച്ചിരുന്നത്. ചിലപ്പോള്‍ 40 കിലോ ചാക്കും ചുമലിലേന്തി ഓടണം. 52 കിലോ മാത്രമുണ്ടായിരുന്ന താനിയ അതും ചെയ്തു. കഠിനമായ ശരീരവേദനയുണ്ടായി. തൊലിയില്‍ പൊന്തിയ കുമിള വേദനിപ്പിച്ചു. തീരെ സഹിക്കാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളുണ്ടായി. അപ്പോഴെല്ലാം സഹോദരിയും മാതാപിതാക്കളും പ്രോത്സാഹനവും പ്രചോദനവുമായി. 

 

ഒടുവില്‍ 5 മാസത്തെ അതികഠിന പരിശീലനത്തിന് ശേഷം 

വ്യോമയാന മേഖലയിലെ ഇന്ത്യയുടെ ആദ്യ ഫയര്‍ ഫൈറ്ററായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ( എഎഐ )താനിയയെ  നിയമിച്ചു. 2018ല്‍ എഎഐയില്‍ ചേര്‍ന്ന താനിയ നിലവില്‍ കൊല്‍ക്കത്തയിലെ ഫയര്‍ സര്‍വീസ് ട്രെനിയിനിങ്ങ് സെന്ററിലെ ജൂനിയര്‍ അസിസ്റ്റന്റ് ഇന്‍ ഫയര്‍ സര്‍വീസാണ്. പുരുഷന്മാര്‍ക്ക് പുറമേ സ്ത്രീകളും ഇപ്പോള്‍ താനിയയുടെ കീഴില്‍ ഫയര്‍ ഫൈറ്റിങ് പഠിക്കാനെത്തുന്നു. 

 

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ 16 സ്ത്രീകളാണ് താനിയയുടെ വഴി പിന്തുടര്‍ന്ന് ഫയര്‍ ഫൈറ്റിങ്ങ് ജോലിക്കെത്തിയത്. സിറ്റിസണ്‍ സേഫ്റ്റി അവാര്‍ഡ്, ഗവണ്‍മെന്റിന്റെ സുരക്ഷാ ഭാരത് ദൗത്യത്തിന്റെ അനുമോദനം എന്നിവയെല്ലാം താനിയയെ തേടിയെത്തിയിട്ടുണ്ട്. 

 

ഇത്  പുരുഷന്മാരുടെ ജോലിയല്ലേ എന്ന് ചോദിക്കുന്നവര്‍ക്ക് താനിയയുടെ മറുപടി ഇതാണ്. " പുരുഷന്മാര്‍ ചെയ്യുന്ന എന്ത് ജോലിയും രക്തമൊഴുക്കി കൊണ്ടാണെങ്കില്‍ പോലും ഒരു സ്ത്രീക്കും ചെയ്യാനാകും. "

English Summary: Taniya Sanyal, India’s first woman firefighter Appointed by AAI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com