‘‘തൊഴിൽവീഥിയിലെ റെയർ ഫാക്ട്സ്, കണക്ടിങ് ഫാക്ട്സ്, മോഡൽ ക്വസ്റ്റ്യൻ പേപ്പർ എന്നിവയൊക്കെ കൂടുതൽ പ്രയോജനപ്പെട്ടു. പരീക്ഷയിൽ ധാരാളം ചോദ്യങ്ങൾ ഈ പരിശീലനത്തിൽ നിന്നു ലഭിച്ചു. ദിവസം ഇത്ര മണിക്കൂർ പഠിക്കുമെന്ന ചിട്ടയൊന്നുമില്ലായിരുന്നു. ലഭിക്കുന്ന സമയമത്രയും പഠനത്തിനു വിനിയോഗിക്കും.’’
റാങ്ക് ലിസ്റ്റുകളും സർക്കാർ ജോലിയും ബിനീഷയെ സംബന്ധിച്ച് പുതിയ കാര്യമല്ല. നാലോളം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ബിനീഷയ്ക്ക് എൽഡി ക്ലാർക്കായും, അസിസ്റ്റന്റായും നിയമനം ലഭിച്ചു. എന്നാൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തുന്നത് ബിനീഷയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. കുടുംബിനികൾക്കും ആ ലക്ഷ്യം കൈപ്പിടിയിലാക്കാമെന്ന് കാണിച്ചുതരികയാണ് ബിനീഷ. 100 മാർക്കിന്റെ പരീക്ഷയിൽ 91 മാർക്ക് നേടിയാണ് കണ്ണൂർ ജില്ലയിലെ ഹയർസെക്കൻഡറി ലാബ് അസിസ്റ്റന്റ് പരീക്ഷയിൽ ഒന്നാമതെത്തിയ കെ. ബിനീഷ മാർക്കടിസ്ഥാനത്തിൽ മുന്നിലെത്തിയത്. സ്പോർട്സിനു ലഭിച്ച വെയ്റ്റേജ് മാർക്കിന്റെ അടിസ്ഥാനത്തിൽ ഒരാൾ മുന്നിലെത്തിയതിനാൽ ലിസ്റ്റിൽ രണ്ടാം റാങ്കായെന്നു മാത്രം. സുവോളജിയിൽ ബിരുദാനന്തര ബിരുദവും ബി.എഡും നേടിയ ബിനീഷ ഇപ്പോൾ കെഎസ്എഫ്ഇ തലശേരി മെയിൻ ബ്രാഞ്ചിൽ ജൂനിയർ അസിസ്റ്റന്റാണ്.
വിവാഹം കഴിഞ്ഞ് കുട്ടികളുമായ ശേഷമാണ് ബിനീഷ പിഎസ്‌സി പരീക്ഷാ പരിശീലനത്തിനിറങ്ങിയത്. പഠനത്തിൽ കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ടായിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി. ഇരിട്ടി പ്രഗതി കരിയർ ഗൈഡൻസിലായിരുന്നു പരിശീലനം. ഒരു വർഷത്തോളം ഇവിടെ പരിശീലനം നടത്തി. പഠനത്തിനു പ്രധാനമായും ആശ്രയിച്ചിരുന്നത് തൊഴിൽവീഥിയെ ആയിരുന്നു.
എൽഡി ക്ലാർക്ക്, സർവകലാശാല അസിസ്റ്റന്റ്, കമ്പനി/ കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തുടങ്ങിയ റാങ്ക് ലിസ്റ്റുകളിലും സിവിൽ പൊലീസ് ഒാഫിസർ, ബീറ്റ് ഫോറസ്റ്റ് ഒാഫിസർ, അസിസ്റ്റന്റ് പ്രിസൺ ഒാഫിസർ തുടങ്ങിയ ഷോർട് ലിസ്റ്റുകളിലും ഉൾപ്പെട്ടിട്ടുണ്ട്. എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ നിന്ന് 2019 ഒക്ടോബറിൽ പഞ്ചായത്ത് വകുപ്പിൽ നിയമനം ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 7ന് കെഎസ്എഫ്ഇയിൽ നിയമനം ലഭിച്ചപ്പോൾ ഈ ജോലി ഉപേക്ഷിച്ചു.
തലശേരി എരുവട്ടി കാപ്പുമ്മൽ ജിസ്ന നിവാസിൽ കെ. ഭാസ്കരന്റെയും കെ.രമയുടെയും മകളാണ്. ഭർത്താവ് പിഡബ്ല്യുഡി കോൺട്രാക്ടർ വി.സി. ജിഷാന്ത്. മക്കൾ തൻവിക, തനിഷ്ക. ജോലി ലഭിച്ചെങ്കിലും പിഎസ്‌സി പരീക്ഷാ പരിശീലനം അവസാനിപ്പിക്കാൻ ബിനീഷ തയാറല്ല. യുപി സ്കൂൾ ടീച്ചർ പരീക്ഷയ്ക്കായുള്ള തയാറെടുപ്പിലാണിപ്പോൾ. ലാബ് അസിസ്റ്റന്റായി നിയമന ശുപാർശ ലഭിച്ചാലും ജോലിയിൽ പ്രവേശിക്കുന്നില്ല. കെഎസ്എഫ്ഇയിലെ ജോലിയിൽ തുടരാനാണ് ബിനീഷയുടെ തീരുമാനം.
English Summary: Kerala PSC Success Story Of Bineesha