ഛണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍(പിജിഐഎംഇആര്‍) ബിരുദാനന്തരബിരുദ കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച സമയം. 38 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമായതിനാല്‍ ഇന്നത്തെ പോലെ ഓണ്‍ലൈനല്ല ഫലം. കോളജിലെ നോട്ടീസ് ബോര്‍ഡില്‍ പോയി പേരു നോക്കണം. ലിസ്റ്റില്‍ തന്റെ പേര് നോക്കാനെത്തിയതാണ് 22 കാരനായ യുവ എംബിബിഎസുകാരന്‍. പക്ഷേ, വെപ്രാളത്തിനിടെ നോക്കിയത് തിരഞ്ഞെടുക്കപ്പെട്ടവരുടെയല്ല മറിച്ച് ഒഴിവാക്കിയവരുടെ പട്ടികയാണ്. അതിലെങ്ങും ആ യുവാവിന്റെ പേരില്ലായിരുന്നു.
തനിക്ക് പ്രവേശമില്ലെന്ന ധാരണയില്‍ ദുഖിതനായ യുവാവ് ഡയറക്ടറുടെ മുറിക്ക് സമീപം ഒരു മരച്ചുവട്ടില്‍ ചെന്നിരുന്നു. കുറച്ച് കഴിഞ്ഞ് അവിടെയിരുന്ന് ഉറങ്ങി പോയി. അവിടുത്തെ ഒരു മുതിര്‍ന്ന ഡോക്ടര്‍ പേരും വിളിച്ച് കുലുക്കിയുണര്‍ത്തിയപ്പോഴാണ് തനിക്ക് അമളി പിണഞ്ഞതാണെന്നും തന്റെ പേര് പ്രവേശനം നടക്കുന്ന കൗണ്‍സിലിങ്ങ് ഹാളില്‍ കുറേ നേരമായി വിളിച്ചു കൊണ്ടിരിക്കുകയാണെന്നും യുവാവിന് മനസ്സിലായത്.
തലനാരിഴയ്ക്ക് അന്ന് പിജി പ്രവേശനം നഷ്ടമാകുമായിരുന്ന ഈ യുവ എംബിബിഎസുകാരന്‍ ഇന്ന് പിജിഐഎംഇആറിലെ ഡയറക്ടറാണ്. പേര് ഡോ. ജഗത് റാം. പത്മശ്രീയടക്കം രാജ്യത്തിന് അകത്തും പുറത്തുമുള്ള നിരവധി ബഹുമതികള്‍ നേടിക്കൊണ്ടാണ് താന്‍ പഠിച്ച സ്ഥാപനത്തിലെ തന്നെ ഡയറക്ടറായി ഡോ. ജഗത് റാം എത്തിയത്.
ഹിമാചല്‍ പ്രദേശിലെ സിര്‍മോര്‍ ജില്ലയിലെ പാബ് യാന എന്ന ചെറുഗ്രാമത്തില്‍ പാടത്ത് പണിയെടുത്ത് നടന്നിരുന്ന ഡോ. ജഗത് റാമിന് ഇതൊരു സ്വപ്‌ന തുല്യമായ യാത്രയായിരുന്നു. ഈ സ്വപ്‌ന യാത്രയില്‍ ഈ ഡോക്ടര്‍ തെളിച്ചമേകിയത് ലക്ഷണക്കണക്കിന് പേരുടെ കണ്ണുകള്‍ക്ക് കൂടിയാണ്.
എന്ത് ചെയ്യണമെന്ന് അറിയാത്ത ബാല്യം
പാടത്ത് ജോലിയെടുത്തും പുസ്തകങ്ങള്‍ വായിച്ചും നടന്ന കുട്ടിക്കാലത്ത് എന്താകാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് മുന്നില്‍ ജഗത് എന്നും കണ്ണുമിഴിച്ചു നില്‍ക്കുമായിരുന്നു. പഠിക്കാന്‍ മിടുക്കനായിരുന്നെങ്കിലും ജീവിതത്തില്‍ എന്തായി തീരണമെന്ന് ജഗത്തിന് യാതൊരു രൂപവും ഉണ്ടായിരുന്നില്ല. കൃഷിക്കാരനായ പിതാവിന് സഹായമാകണം. പഠിക്കണം. ഇതില്‍ കവിഞ്ഞ് വലിയ സ്വപ്‌നങ്ങള്‍ കാണാനൊന്നും ജഗത്തിന് അറിയില്ലായിരുന്നു. ദിവസവും ഏഴെട്ട് കിലോമീറ്റര്‍ നടന്ന് ചെന്നായിരുന്നു സ്‌കൂളില്‍ പഠിച്ചിരുന്നത് തന്നെ.
പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ സ്‌കൂളിലെ ഒരു അധ്യാപകനാണ് ജഗത്തിനോട് മെഡിസിന് പഠിക്കാന്‍ നിര്‍ദ്ദേശിച്ചത്. വീട്ടിലെ കഷ്ടപ്പാടുകള്‍ക്കിടെ 1978ല്‍ ഷിംലയിലെ ഇന്ദിര ഗാന്ധി മെഡിക്കല്‍ കോളജില്‍ നിന്ന് ജഗത് എംബിബിഎസ് പൂര്‍ത്തിയാക്കി.
വിദ്യാര്‍ത്ഥി, അധ്യാപകന്‍, വകുപ്പ് മേധാവി, ഡയറക്ടര്‍
1980ലാണ് പിജിഐഎംഇആറില്‍ പിജി പഠനത്തിന് ചേരുന്നത്. 41 വര്‍ഷം വിദ്യാര്‍ത്ഥിയായും അധ്യാപകനും വകുപ്പ് മേധാവിയുമായെല്ലാം വിവിധ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച ശേഷമാണ് 2017ല്‍ ഡോ. ജഗത് റാം ഡയറക്ടറായി നിയമിതനാകുന്നത്.
പ്രകാശം പരത്താന്‍ ഒഫ്താല്‍മോളജി
ഗ്രാമത്തില്‍ വളര്‍ന്ന ജഗത് നിരവധി പേര്‍ക്ക് തിമിരം ബാധിച്ച് കാഴ്ച നഷ്ടപ്പെടുന്നത് കാണേണ്ടി വന്നിട്ടുണ്ട്. കഷ്ടപ്പെട്ട് ജീവിതം നയിക്കുന്ന ഗ്രാമവാസികളുടെ ഉപജീവനമാര്‍ഗ്ഗം കൂടി അടച്ചു കൊണ്ടായിരുന്നു തിമിരം അവരുടെ ജീവിതത്തില്‍ ഇരുട്ട് വീഴ്ത്തിയിരുന്നത്. ഇതിനൊരു മാറ്റമുണ്ടാക്കണമെന്ന ആഗ്രഹമാണ് ഒഫ്താല്‍മോളജി തിരഞ്ഞെടുക്കാന്‍ ജഗത്തിനെ പ്രേരിപ്പിച്ചത്.
അമേരിക്കന്‍ സന്ദര്‍ശനം വഴിത്തിരിവ്
1993ല്‍ ലോകാരോഗ്യ സംഘടനയുടെ ഫെല്ലോഷിപ്പില്‍ അമേരിക്കയില്‍ പോയത് കരിയറിലെ വഴിത്തിരിവായി. അത്യാധുനിക തിമിര ശസ്ത്രക്രിയ സങ്കേതമായ ഫാക്കോഎമള്‍സിഫിക്കേഷനിലായിരുന്നു ഫെല്ലോഷിപ്പ്. 1998ല്‍ ശിശുക്കളിലെ തിമിര ശസ്ത്രക്രിയക്ക് രണ്ടാമതൊരു ഫെല്ലോഷിപ്പും കൂടി ലഭിച്ചു. 2003 മുതല്‍ 2005 വരെ ഫാക്കോഎമള്‍സിഫിക്കേഷന്‍ പ്രാക്ടീഷനറായി ഡോ. റാമിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സെയ്‌ഷെല്‍സിലേക്ക് അയച്ചു. ഈ അനുഭവസമ്പത്ത് കരിയറിനെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്താന്‍ ഡോ. റാമിനെ സഹായിച്ചു.
1994ല്‍ ഫാക്കോഎമള്‍സിഫിക്കേഷന്‍ സങ്കേതം ഡോ. റാം പിജിഐഎംഇആറില്‍ അവതരിപ്പിച്ചു. എക്‌സ്ട്രാ ക്യാപ്‌സുലാര്‍ കാറ്ററാക്ട് എക്‌സ്ട്രാക്ഷന്‍ എന്ന പഴയ സങ്കേതത്തിന് പകരം ഇത് ഉപയോഗിക്കാന്‍ തുടങ്ങി. ഒരു വര്‍ഷത്തിന് ശേഷം തിമിരം മൂലം അന്ധത അനുഭവിക്കുന്ന രോഗികളില്‍ ഈ സങ്കേതമുപയോഗിച്ച് ശസ്ത്രക്രിയ നടത്താനും അവരുടെ കാഴ്ച പുനസ്ഥാപിക്കാനും ഡോ. റാമിന് സാധിച്ചു. കഴിഞ്ഞ നാലു ദശകങ്ങളില്‍ 90,000ലധികം മുതിര്‍ന്നവരില്‍ തിമിര ശസ്ത്രക്രിയകളും 10,000ല്‍ അധികം കുട്ടികളില്‍ നേത്ര ശസ്ത്രക്രിയയും നടത്തി. ഗ്രാമപ്രദേശങ്ങളിലെ നേത്ര പരിശോധന ക്യാംപുകള്‍ വഴിയും സേവനം നല്‍കി വരുന്നു.
24 ഓളം ദേശീയ, രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ ഡോ. റാമിനെ തേടിയെത്തിയിട്ടുണ്ട്. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ കാറ്ററാക്ട് ആന്‍ഡ് റിഫ്രാക്ടീവ് സര്‍ജറിയുടെ ബെസ്റ്റ് ഓഫ് ദ് ബെസ്റ്റ് അവാര്‍ഡും ഇതില്‍ ഉള്‍പ്പെടുന്നു. 2019ലാണ് രാജ്യം നേത്രരോഗ ചികിത്സയിലെ സംഭാവനകള്‍ മാനിച്ച് ഇദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കുന്നത്.
English Summary: Success Story Of Jagat Ram Director Of Pgimer