ADVERTISEMENT

ബിരുദത്തിന് ശേഷം കൂടുതല്‍ പഠിക്കണമെന്നായിരുന്നു രേഖാ സിങ്ങിന്റെ ആഗ്രഹം. എന്നാല്‍ ഇന്ത്യക്കാരായ പല വീട്ടമ്മമാരെയും പോലെ വിവാഹവും കുട്ടികളും രേഖയുടെ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങ് തടിയായി. വീട്ടുകാര്യങ്ങളുമായി അടുത്ത 20 വര്‍ഷം പോയതറിഞ്ഞില്ല. പഠിക്കണമെന്ന് ആഗ്രഹിച്ചപ്പോഴൊക്കെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ അതില്‍നിന്ന് പിന്തിരിപ്പിച്ചു. 

ഒടുവില്‍ മക്കളെല്ലാം കോളജ് പഠനത്തിനായി പോയപ്പോഴാണ് രേഖാസിങ്ങിന് തന്റെ സ്വപ്‌നങ്ങള്‍ പൊടി തട്ടിയെടുക്കാനായത്. അങ്ങനെ 2012ല്‍ തന്റെ 45-ാം വയസ്സില്‍ തുടര്‍പഠനമെന്ന സ്വപ്‌നവുമായി രേഖ വീണ്ടും ക്ലാസ് മുറിയിലെത്തി. പഠനത്തിന് പ്രായമില്ലെന്നും പഠിക്കാനൊരു മനസ്സുണ്ടെങ്കില്‍ സ്വന്തമായൊരു കരിയര്‍ ഏത് പ്രായത്തിലും പടുത്തുയര്‍ത്താമെന്നും തെളിയിക്കുകയാണ് രേഖാ സിങ്. കലയിലൂടെ മുതിര്‍ന്ന പൗരന്മാരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുന്ന ആര്‍ട്ട് ഫോര്‍ ആക്ടീവ് ഏജിങ് എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരിയും സ്വതന്ത്ര കണ്‍സല്‍ട്ടന്റുമാണ് രേഖ ഇന്ന്. 

തുടക്കം ആശങ്കയോടെ

മുതിര്‍ന്നവരെ കൗണ്‍സിലിങ് നടത്തുന്നതിനുള്ള ജെറന്റോളജി കോഴ്‌സിനാണ് രേഖ 8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചേരുന്നത്. ക്ലാസിന്റെ ആദ്യ ദിവസം മനസ്സ് നിറയെ ആശങ്കയായിരുന്നു. ചിലപ്പോള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് പോലും തന്റെ പ്രായമുണ്ടാകില്ലെന്ന ചിന്ത രേഖയെ ടെന്‍ഷനിലാക്കി. പോരാത്തതിന് ഇംഗ്ലീഷിലുള്ള അധ്യയനവും. അന്നേ വരെ ഹിന്ദി മീഡിയത്തില്‍ പഠിച്ച രേഖയ്ക്ക് ആദ്യമൊന്നും അധ്യാപകര്‍ പറയുന്ന ഒരു വാക്കും മനസ്സിലായില്ല. 

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പഠിക്കാനായി തിരിച്ചെത്തിയത് അങ്ങനെ തോറ്റ് മടങ്ങാനായിരുന്നില്ല. ഇംഗ്ലീഷ് പഠിച്ചെടുക്കാന്‍ തന്നെ തീരുമാനിച്ചു. ഇംഗ്ലീഷും ഗ്രാമറും പഠിക്കാന്‍ മണിക്കൂറുകള്‍ ചെലവഴിച്ചു. പല സഹപാഠികളും മുതിര്‍ന്ന ഈ സഹപാഠിയുടെ സഹായത്തിനെത്തി. അങ്ങനെ ആറു മാസം കൊണ്ട് ഇംഗ്ലീഷ് എഴുതാനും ഒരു വര്‍ഷം കൊണ്ട് തെറ്റില്ലാതെ സംസാരിക്കാനും പഠിച്ചു. 

കുടുംബവും ഉറ്റുനോക്കിയ പരീക്ഷാഫലം

ആദ്യ സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് അറിയാനായി ലാപ്‌ടോപ്പിനു മുന്നില്‍ കുടുംബം ഒന്നടങ്കം ആശങ്കയോടെ തടിച്ചു കൂടിയത് രേഖ ഇന്നും ഓര്‍മ്മിക്കുന്നു. എല്ലാ വിഷയത്തിനും ജയിച്ചതായി മകള്‍ പ്രഖ്യാപിച്ചതോടെ സന്തോഷം അണപൊട്ടി. പക്ഷേ, ബിരുദദാന ചടങ്ങിന് തൊട്ട് മുന്‍പ് പിതാവ് രോഗബാധിതനായ വിവരമറിഞ്ഞ് രേഖ മുംബൈയില്‍ നിന്ന് ബീഹാറിലേക്ക് പോയി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പിതാവ് മരിച്ചു. 

ബിരുദദാനത്തിന് തിരികെ ചെല്ലാന്‍ ഒരു താത്പര്യവും ഉണ്ടായില്ല. പക്ഷേ, അമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് തിരികെയെത്തി ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ ആഴ്ചകള്‍ക്കകം അമ്മയും മരിച്ചു. 

വൃദ്ധസദനത്തിലെ സേവനം

മാതാപിതാക്കളുടെ മരണശേഷമുള്ള  ദുഖം രേഖ അകറ്റിയത് ഒരു വൃദ്ധസദനത്തിലെ രോഗികളെ സേവിച്ചു കൊണ്ടാണ്. അവിടുത്തെ ഡിമന്‍ഷ്യയും അല്‍ഷിമേഴ്‌സും ബാധിച്ച രോഗികളില്‍ സ്വന്തം മാതാപിതാക്കളെ രേഖ കണ്ടു. അവരെ കൂടുതല്‍ സഹായിക്കാനായി കലയില്‍ അധിഷ്ഠിതമായ ഒരു കോഴ്‌സും കൂടി രേഖ ഇതിനിടെ ചെയ്തു. ഇതുപയോഗിച്ച് പക്ഷാഘാതം ബാധിച്ച രോഗികള്‍ക്കായി ഒരു തെറാപ്പി സെഷന്‍ നടത്തിയത് വന്‍ വിജയമായിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ പലരും വടി ഉപയോഗിക്കാതെ നടന്നു. 

ആര്‍ട്ട് ഫോര്‍ ആക്ടീവ് ഏജിങ്

ഈ അനുഭവങ്ങളാണ് ആര്‍ട്ട് ഫോര്‍ ആക്ടീവ് ഏജിങ് എന്ന തെറാപ്പിയിലേക്ക് രേഖയെ നയിച്ചത്. ഇതിനിടെ വൃദ്ധസദനത്തില്‍ നിന്ന് ഒരു ഡേ കെയര്‍ സെന്ററിലേക്ക് ജോലി മാറി. പോകാന്‍ നേരം വൃദ്ധസദനത്തിലെ രോഗികള്‍ കണ്ണീരോടെ രേഖയ്ക്ക് വിട നല്‍കി. അവരിന്നും സ്‌നേഹം നിറഞ്ഞ കത്തുകള്‍ ഈ തെറാപ്പിസ്റ്റിന് അയക്കുന്നു. ഇതിനോടകം 200 ലധികം ഡിമന്‍ഷ്യ രോഗികള്‍ക്കും എണ്ണായിരത്തോളം മുതിര്‍ന്ന പൗരന്മാര്‍ക്കും രേഖ കൗണ്‍സിലിങ് നടത്തി. ലോക്ഡൗണ്‍ സമയത്ത് ഇവര്‍ക്കായി ഓണ്‍ലൈന്‍ സെഷനുകള്‍ സംഘടിപ്പിച്ചു. 

ഭര്‍ത്താവിന്റെ പിന്തുണ

രേഖ പഠനം തുടങ്ങുമ്പോള്‍ ഹൈദരാബാദിലായിരുന്നു ഭര്‍ത്താവിന് ജോലി. മക്കളാരും അടുത്തില്ലാത്തതിനാല്‍ ഹൈദരാബാദില്‍ തന്റെ ഒപ്പം വന്നു നിന്നു കൂടെ എന്ന് ചോദിച്ച ഭര്‍ത്താവ് ഇപ്പോള്‍ രേഖയുടെ ഉദ്യമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് ഭര്‍ത്താവ് ഇപ്പോള്‍ ഇങ്ങോട്ട് ചോദിക്കുന്നു. കുട്ടികളെയും അടുക്കളെയും കുറിച്ച് മാത്രമല്ല ഇവരിന്ന് സംസാരിക്കുന്നത്. കുടുംബത്തിന്റെ നാലു ചുവരുകള്‍ക്കപ്പുറം സമൂഹത്തിന് വേണ്ടി പലതും ചെയ്യാന്‍ സാധിക്കുമെന്ന ചിന്ത രേഖയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല. 

English Summary: Success Story Of Rekha Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com