ADVERTISEMENT

എൻജിനീയറിങ് കോളജിൽ പഠിക്കുന്ന പല ചേട്ടൻമാരും ചേച്ചിമാരും കോഡിങ്ങും പ്രോഗ്രാമിങ്ങുമൊക്കെ പാടാണെന്നു പറയാറുണ്ട്. അങ്ങനെയുള്ളവർ അർഹം ഓം തൽസാനിയയെ ഒന്നു പരിചയപ്പെടണം.ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നുള്ള അർഹം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കംപ്യൂട്ടർ പ്രോഗ്രാമർ എന്ന ഗിന്നസ് റെക്കോർഡ് ദിവസങ്ങൾക്കു മുൻപ് നേടിക്കഴിഞ്ഞു.വെറും ആറു വയസ്സേയുള്ളൂ ഈ കൊച്ചുമിടുമിടുക്കന്.

 

ഈ വർഷം തുടക്കത്തിൽ സാക്ഷാൽ മൈക്രോസോഫ്റ്റ് നടത്തിയ പൈത്തോൺ കോഡിങ്ങിലെ അഭിരുചിപ്പരീക്ഷ മിന്നുന്ന സ്‌കോറോടെ വിജയിച്ചതാണ് അർഹമിനെ റെക്കോർഡിന് അർഹനാക്കിയത്. എൻജിനീയറിങ് വിദ്യാർഥികൾ പോലും കഷ്ടപ്പെടുന്ന പരീക്ഷയിൽ 1000 പരമാവധി സ്‌കോറിൽ 900 നേടി അർഹം.ഏഴുവയസ്സുള്ള ഒരു ബ്രിട്ടിഷ് വിദ്യാർഥിയുടെ റെക്കോർഡ് ഭേദിച്ച് ഈ പരീക്ഷ പാസാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അതോടെ ഈ മിടുക്കൻ.മൈക്രോസോഫ്റ്റ് ടെക്‌നോളജി അസോഷ്യേറ്റ് എന്ന വലിയ അംഗീകാരവും ഇതോടെ അർഹമിനെ തേടിയെത്തി.

 

സോഫ്റ്റ് വേർ എൻജിനീയറായ പിതാവ് ഓം തൽസാനിയയുടെ ശിക്ഷണമാണ് അർഹമിന്‌റെ പ്രതിഭയെ വളർത്തിയത്.രണ്ടു വയസ്സു പ്രായമുള്ളപ്പോൾ തന്നെ മൊബെലിലും ടാബ് ലറ്റിലും ബുദ്ധിപൂർവമായ നീക്കങ്ങൾ വേണ്ട ഗെയിമുകൾ കളിക്കുന്നതായിരുന്നു അർഹമിന്‌റെ ഹോബി. മൂന്നു വയസ്സായപ്പോഴേക്കും ആൻഡ്രോയ്ഡും ഐഓഎസ്സുമുൾപ്പെടെ എല്ലാ ഓപ്പറേറ്റിങ് സിസ്റ്റമുകളിലും ഉപയോഗിക്കാൻ അർഹം മിടുക്കനായി.അഞ്ചുവയസ്സായതോടെ പ്രോഗ്രാമിങ് ആപ്പുകളിലേക്കായി ശ്രദ്ധ. സ്‌ക്രാച്ച്, ടിങ്കർ തുടങ്ങിയവ ഉപയോഗിച്ചു തുടങ്ങി. ഗെയിമുകൾ എങ്ങനെയാണ് വികസിപ്പിക്കുന്നത് എന്നതായിരുന്നു അർഹമിനെ ഏറ്റവും ആകർഷിച്ച കാര്യം.

 

വീട്ടിലിരുന്നു കോഡിങ് ചെയ്യുന്ന പിതാവിനോട് ചറപറാ സംശയങ്ങൾ ചോദിച്ചു തുടങ്ങി അർഹം.പുത്രന്‌റെ പ്രതിഭ മനസ്സിലാക്കിയ അച്ഛൻ പൈത്തണിൽ അടിസ്ഥാന പരിശീലനം നൽകിത്തുടങ്ങി.പാഠങ്ങളെല്ലാം അർഹം വേഗം പഠിച്ചു. തുടർന്നാണ് മൈക്രോസോഫ്റ്റിന്‌റെ പരീക്ഷയ്ക്കായി പരിശീലനം തുടങ്ങിയത്.അഹമ്മദാബാദിലെ ഉദ്ഗാം സ്‌കൂളിൽ പഠിക്കുന്ന അർഹം വാരാന്ത്യങ്ങളിലാണ് പരീക്ഷയ്ക്കായി തയാറെടുത്തത്.ഒടുവിൽ പരീക്ഷ വിജയിച്ചു.

ഭാവിയിയിൽ ഒരു സംരംഭകനാകാനാണ് അർഹമിനു മോഹം. റോബട്ടുകളും ആപ്പുകളും ഗെയിമുകളുമൊക്കെ സ്വന്തമായി ഉണ്ടാക്കി വിപണിയിലെത്തിക്കണം. ഇതിനു വേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്. 2ഡി,3ഡി ഗെയിമുകളൊക്കെ ഡവലപ് ചെയ്യുന്നുണ്ട് അർഹം. പൂർത്തിയാകുമ്പോൾ ഇവ പുറത്തിറക്കും.സംഗീതത്തിലും താൽപര്യമുണ്ട് ഈ കുട്ടിക്ക്. ഒഴിവുസമയങ്ങളിൽ പിയാനോ വായിക്കുന്നതാണ് അർഹമിന്‌റെ പ്രധാന വിനോദം.

English Summary: 6 year old Arham Om Talsania becomes world’s youngest computer programmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com