പാവപ്പെട്ട വിദ്യാർഥികൾക്കായി ക്രൗഡ് ഫണ്ടിങ് ആരംഭിച്ച് ഐഎഎസുകാരന്‍

HIGHLIGHTS
  • ഒക്ടോബറിലാണ് ട്വിറ്റര്‍ പ്ലാറ്റ്‌ഫോമില്‍ ഒരു ക്രൗഡ് ഫണ്ടിങ്ങ് ആരംഭിച്ചത്
devansh-yadav
Photo Credit : Social Media
SHARE

പ്ലസ്ടുവിന് 89.4 ശതമാനം ലഭിച്ചിട്ടും ലോങ്‌സാം സാപോങ്ങിന് തന്റെ ഭാവിപഠനത്തെ കുറിച്ച് ഒരു സ്വപ്‌നവുമില്ലായിരുന്നു. കുടുംബത്തിന്റെ മോശം സാമ്പത്തികാവസ്ഥ അത്തരം സ്വപ്‌നങ്ങള്‍ കാണുന്നതില്‍ നിന്നും ആസൂത്രണങ്ങള്‍ നടത്തുന്നതില്‍ നിന്നും ലോങ്‌സാമിനെ വിലക്കി. എന്നാല്‍ അരുണാചല്‍ പ്രദേശിലെ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ട്വിറ്ററിലൂടെയുള്ള ക്രൗഡ്ഫണ്ടിങ് ലോങ്‌സാമിനെയും അവനെ പോലെയുള്ള മറ്റ് വിദ്യാർഥികളെയും  പുതിയ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിക്കുകയാണ് ഇന്ന്. 

തങ്ങളുടെ തുടര്‍ വിദ്യാഭ്യാസത്തിനായി ദേശീയ തലസ്ഥാനത്തെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലേക്കാണ് അരുണാചല്‍ പ്രദേശിലെ ഉള്‍നാടന്‍ ജില്ലകളില്‍ നിന്നുള്ള ഈ വിദ്യാർഥികള്‍ വണ്ടി കയറിയത്. അരുണാചല്‍ പ്രദേശിലെ ചാങ്‌ലാങിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ദേവാന്‍ഷ് യാദവാണ് വിദ്യാഭ്യാസത്തിലെ ഈ ട്വിറ്റര്‍ വിപ്ലവത്തിന് പിന്നില്‍. 

അരുണാചലിലെ ജനസംഖ്യയുടെ 10 ശതമാനം ഉണ്ടായിട്ടും തിരാപ്, ചാങ്‌ലാങ്, ലോങ്ഡിങ് എന്നീ ജില്ലകളില്‍ നിന്ന് സംസ്ഥാന സിവില്‍ സര്‍വീസിലേക്ക് 2 ശതമാനം പോലും പ്രാതിനിധ്യം ഉണ്ടാകുന്നില്ലെന്ന് ദേവാന്‍ഷ് യാദവ് പറയുന്നു. ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെയും അവസരങ്ങളുടെയും തോത് പരിമിതമാണെന്നും സായുധകലാപം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. 

ഇതിനൊരു മാറ്റമുണ്ടാക്കാനാണ് പിന്നാക്ക ജില്ലകളിലെ നന്നായി പഠിക്കുന്ന വിദ്യാർഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഒരുക്കുന്നതിന് ഈ ഐഎഎസുകാരന്‍ മുന്നിട്ടിറങ്ങിയത്. തന്റെ ദൗത്യം നടപ്പാക്കാന്‍ അദ്ദേഹം കൂട്ടു പിടിച്ചത് സംസ്ഥാന വനിതാ ശിശുവികസന വകുപ്പിലെ ജീവനക്കാരിയും ഡല്‍ഹി യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാർഥിനിയുമായ ബുന്നെം തങ്ഹയെ ആണ്. തങ്ഹയുടെ സഹായത്തോടെ ആറ് വിദ്യാർഥികളെ കണ്ടെത്തുകയും അതില്‍ നിന്ന് മൂന്ന് വിദ്യാർഥികളെ തിരഞ്ഞെടുക്കുകയും ചെയ്തു. 

ലോങ്‌സാമിന് പുറമേ സെന്തുങ് യാന്‍ചാങ്, ലീച്ച ഹൈസ എന്നിവരെയാണ് സാമ്പത്തിക സഹായവും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കി ഡല്‍ഹി സര്‍വകലാശാലയില്‍ എത്തിച്ചത്. മൂവരും ഡല്‍ഹി സര്‍വകലാശാലയിലെ പോളിറ്റിക്കല്‍ സയന്‍സ്(ഓണേഴ്‌സ്) വകുപ്പിലെ വിദ്യാർഥികളാണ് ഇന്ന്. 

മക്കളെ ഡല്‍ഹിയിലേക്ക് അയക്കാന്‍ അവരുടെ മാതാപിതാക്കളെ സമ്മതിപ്പിക്കാന്‍ ബുദ്ധിമുട്ടിയതായി തങ്ഹ പറയുന്നു. പ്രത്യേകിച്ചും പെണ്‍കുട്ടികളായ ലീച്ചയുടെയും സെന്തുങിന്റെയും കാര്യത്തില്‍. ഡല്‍ഹിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളാണ് മാതാപിതാക്കളെ ഉത്കണ്ഠപ്പെടുത്തിയത്. സ്വന്തം ഉദാഹരണം മുന്നില്‍ വച്ച് ഡല്‍ഹിയിലെ പഠനം നല്‍കുന്ന സാധ്യതകളെ കുറിച്ച് തങ്ഹാ വാദിച്ചു. 

മൂന്നു പേര്‍ക്കും ഹോസ്റ്റല്‍ സൗകര്യം യാദവ് ഒരുക്കികൊടുത്തു. ഇവരുടെ കോളജ് ഫീസ്, ഭക്ഷണം, യാത്ര ചെലവുകള്‍ എന്നിവയ്ക്കായി ഒക്ടോബറിലാണ് ട്വിറ്റര്‍ പ്ലാറ്റ്‌ഫോമില്‍ ഒരു ക്രൗഡ് ഫണ്ടിങ്ങ് ആരംഭിച്ചത്. ഇതേ വരെ 1.3 ലക്ഷം രൂപ ഇതിലൂടെ സമാഹരിക്കാനായി. ലഭ്യമാകുന്ന പണത്തിന് അനുസരിച്ച് പരമാവധി വിദ്യാർഥികളെ സഹായിക്കാനാണ് ഇവരുടെ പദ്ധതി. ഈ പദ്ധതി വരും വര്‍ഷങ്ങളിലും തുടരുമെന്നും ദേവാന്‍ഷ് യാദവ് പറയുന്നു. 

English Summary: Arunachal Pradesh IAS Officer Devansh Yadav initiates crowdfunding on Twitter to send toppers from interior districts of the state to Delhi University

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA