ADVERTISEMENT

മൂന്നു വർഷം മുൻപു ഒരു കോഴ്സിനു ചേരുമ്പോഴുള്ള തൊഴിൽസാഹചര്യമല്ല ഇപ്പോൾ പഠിച്ചിറങ്ങുമ്പോൾ. കണ്ണൂർ ഇരിട്ടി സ്വദേശി ടിമിൽ ടോം, മലപ്പുറം എടവണ്ണ സ്വദേശി നാസിഹുൽ അമീൻ, മൂവാറ്റുപുഴ സ്വദേശി മാത്യൂസ് ജോളി എന്നിവർക്ക് ഇതു ശരിക്കും മനസ്സിലായി. 2019 ഡിസംബറിലാണ് പൂക്കോട് കോളജ് ഓഫ് ഡെയറി സയൻസ് ആൻഡ് ടെക്നോളജിയിൽനിന്നു ബിഎസ്‌സി ഡെയറി സയൻസ് പഠിച്ചിറങ്ങിയത്. ജോലിക്കു ശ്രമിച്ചു തുടങ്ങുമ്പോഴേക്കും ലോക്ഡൗണായി. ജോലിയുള്ളവർക്കു തന്നെ അതു നഷ്ടപ്പെടുന്ന കാലം. അവിടെയാണു സ്റ്റാർട്ടപ്പിന്റെ സാധ്യത. 

കോഴ്സ് കഴിഞ്ഞ് ഒരു വർഷമാകുമ്പോഴേക്കും മൂവരും സ്വന്തം ബ്രാൻഡിൽ പാക്കറ്റ് പാലുമായി വിപണിയിലെത്തിയിരിക്കുന്നു. സർവകലാശാലാ തലത്തിൽ ലഭ്യമായ സ്റ്റുഡന്റ് സ്റ്റാർട്ടപ് സൗകര്യങ്ങൾ ഉപയോഗിച്ചുള്ള സംരംഭം. 

സർവ‘സംരംഭക’ശാല

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിക്കു കീഴിലാണ് മൂവരും പഠിച്ച പൂക്കോട് കോളജ്. വെറ്ററിനറി സർവകലാശാലയുടെ തന്നെ മണ്ണുത്തി ക്യാംപസിൽ ടെക്നിക്കൽ ഇൻക്യുബേഷൻ സെന്ററുണ്ട്. നിശ്ചിത ഫീസിൽ ഡെയറി പ്ലാന്റും ലാബ് സൗകര്യങ്ങളും ഒരു വർഷം പ്രയോജനപ്പെടുത്താം. ഈ സാധ്യതയാണ് ഇവർ പ്രയോജനപ്പെടുത്തിയത്. 

മണ്ണുത്തി കോളജ് ഓഫ് ഡെയറി സയൻസ് ആൻഡ് ടെക്നോളജി ഡീൻ ഡോ. പി.സുധീർബാബുവിനോടും പ്ലാന്റ് മേധാവി ഡോ. എസ്.എൻ. രാജ്കുമാറിനോടും പദ്ധതി വിശദീകരിച്ചു. ഇത്തരമൊരു സംരംഭത്തിനു വേണ്ട മാർഗനിർദേശങ്ങൾ അവർ നൽകി. 

ഇതാണ് ബിസിനസ് പ്ലാൻ

ക്ഷീരകർഷകരിൽനിന്നു സംഭരിക്കുന്ന പാൽ സർവകലാശാലയുടെ ഡെയറി പ്ലാന്റിൽ സംസ്കരിക്കുന്നു. ഇന്റേൺഷിപ് അലവൻസ്, സ്കോളർഷിപ് ഇനങ്ങളിൽ ലഭിച്ച തുകയും വീട്ടുകാരുടെ സഹായധനവുമെല്ലാം ചേർത്തുവച്ചാണു തുടക്കം. തൽക്കാലം 100 ലീറ്റർ പാൽ സംഭരിച്ച് പ്രതിദിനം 250 പാക്കറ്റുകൾ വിതരണത്തിനെത്തിക്കുന്നു. രണ്ടാഴ്ചയ്ക്കകം തൈരും വിപണിയിലെത്തിക്കാനാണു ശ്രമം. 2 മാസത്തിനകം വിപണിയിലെത്തിക്കാനായി പനീർ, നെയ്യ്, വെണ്ണ എന്നിവയുടെ ട്രയൽ റൺ പുരോഗമിക്കുന്നു. 

ജിഎസ്ടി – എഫ്എസ്എസ്ഐ റജിസ്ട്രേഷന്‍, ലൈസൻസ് എന്നിവയ്ക്കായി 3 മാസമായി തൃശൂരിൽ ‘ലോക്ഡ്’ ആണു മൂവരും. കേരള സ്റ്റാർട്ടപ് മിഷനിൽ റജിസ്റ്റർ ചെയ്യുകയാണ് അടുത്ത ലക്ഷ്യം.

English Summary: Dairy Business Startup By 3 Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com