ADVERTISEMENT

മുംബൈ ∙ ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള 7.2 കോടി രൂപയുടെ അവാർഡ് എന്തുകൊണ്ടാണു തനിക്കു കിട്ടിയതെന്ന് മഹാരാഷ്ട്ര സ്വദേശി രഞ്ജിത് സിൻഹ് ദിസാലെ (32) സമ്മാന പ്രഖ്യാപന വേദിയിൽ തന്നെ തെളിയിച്ചു. തുകയുടെ പകുതി തനിക്കൊപ്പം ഫൈനലിൽ എത്തിയ 9 പേർക്കുമായി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു നൽകിയ സംഭാവനകളും പാഠപുസ്തകങ്ങളിൽ ക്യുആർ കോഡ് സംവിധാനം അവതരിപ്പിച്ചതുമാണ് സോലാപുർ പരിതേവാഡി ഗ്രാമത്തിൽ നിന്നുള്ള ദിസാലെയെ 10 ലക്ഷം ഡോളറിന്റെ വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ പ്രൈസിന് അർഹനാക്കിയത്. 140 രാജ്യങ്ങളിൽ നിന്നുള്ള 12,000 നാമനിർദേശങ്ങളിൽ നിന്നാണ് ഒന്നാമതെത്തിയത്. 

തികച്ചും ശോചനീയാവസ്ഥയിലായിരുന്ന പരിതേവാഡി ജില്ലാ പരിഷത്ത് പ്രൈമറി സ്കൂളിൽ 2014 ലാണു ദിസാലെ എത്തിയത്. വിദ്യാർഥികൾ കുറവായിരുന്നു. ഗ്രാമത്തിൽ ബാലവിവാഹവും പതിവ്. ദിസാലെയുടെ ശ്രമം മൂലം ഇന്ന് നാട്ടിലെ എല്ലാ പെൺകുട്ടികളും സ്കൂളിൽ പോകുന്നു. ബാലവിവാഹവും അവസാനിച്ചു.

പാഠങ്ങളുടെ ഓഡിയോകളും വിഡിയോകളും ക്യുആർ കോഡ് വഴി ലഭ്യമാക്കുന്ന രീതി മഹാരാഷ്ട്രയിൽ ആദ്യമായി പരീക്ഷിച്ചത് അദ്ദേഹമാണ്. 2017 വിദ്യാഭ്യാസ മന്ത്രാലയം പദ്ധതി ഏറ്റെടുത്തു.രാജ്യാന്തര വിദ്യാഭ്യാസ സംരംഭകനായ ജെംസ് എജ്യുക്കേഷൻ ചെയർമാൻ സണ്ണി വർക്കി സ്ഥാപിച്ച വർക്കി ഫൗണ്ടേഷനാണ് 2014 മുതൽ അവാർഡ് നൽകുന്നത്. പത്തനംതിട്ട റാന്നിയിലാണു സണ്ണി വർക്കിയുടെ കുടുംബവേരുകൾ. 

English Summary : Govt school teacher Ranjitsinh Disale wins Global Teacher Prize, makes history by sharing half with other finalists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com