വീട്ടിൽ മൂന്ന് ഡോക്ടർമാർ, പഠിത്തത്തിന്റെ ഹരം കയറിയ കുടുംബം; വിശേഷങ്ങൾ പങ്കുവച്ച് ഡോ. സുജകാർത്തിക

HIGHLIGHTS
  • കാക്കനാട് കേന്ദ്രമാക്കി 'എക്സല്ലർ' എന്ന പരിശീലന സ്ഥാപനം നടത്തുകയാണ് സുജ
  • പിഎച്ച്ഡി നേടണമെന്ന് പണ്ടുമുതലേ ആഗ്രഹമുണ്ടായിരുന്നു
dr-suja-karthika-with-family-003
ഡോ.സുജ കാർത്തിക കുടുംബത്തോടൊപ്പം
SHARE

ഒരിടത്തൊരിടത്ത് ഒരു വീട്ടിൽ മൂന്നു ഡോക്ർമാരുണ്ടായിരുന്നു. അതിൽ അദ്ഭുതമെന്തിരിക്കുന്നു എന്നു ചോദിക്കാൻ വരട്ടെ. മെഡിക്കൽ ഡോക്ടേഴ്സിനെക്കുറിച്ചല്ല പറഞ്ഞു വരുന്നത്. പഠിച്ചു പഠിച്ചു പിഎച്ച്ഡി സ്വന്തമാക്കിയ ഡോക്ടർ കുടുംബത്തെക്കുറിച്ചാണ്. ആ കുടുംബത്തിലെ മകളെ മലയാളികൾക്ക് വെള്ളിത്തിരയിലൂടെ പരിചയമുണ്ട്. ആ മകളുടെ പേര്  .ഡോ.സുജ കാർത്തിക. കാക്കനാട് കേന്ദ്രമാക്കി ‘എക്സല്ലർ’ എന്ന പരിശീലന സ്ഥാപനം നടത്തുകയാണിപ്പോൾ സുജ. കാക്കനാട് പടിഞ്ഞാറേമഠം സുജശ്രീ എന്ന വീട്ടിൽ രണ്ടു ഡോക്ടർമാർ കൂടിയുണ്ട്; സുജയുടെ അച്ഛൻ ഡോ. സുന്ദരേശനും അമ്മ ഡോ. ചന്ദ്രികയും. വീട്ടിലെ മൂന്നുപേരും ഡോക്ടറേറ്റ് സ്വന്തമാക്കിയതിനെക്കുറിച്ചും ഭാവിപദ്ധതികളെക്കുറിച്ചുമുള്ള വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ഡോ. സുജ കാർത്തിക.

അച്ഛനും അമ്മയും മകളും ഡോക്ടർമാർ. എന്തുപറയുന്നു?

പഠിത്തത്തിന്റെ വട്ടുള്ള വീട് എന്നാണ് എല്ലാരും പറയുന്നത്. വീട്ടിൽ അച്ഛനാണ് ആദ്യം പിഎച്ച്ഡി എടുത്തത്. 1996 ൽ ആയിരുന്നു അത്. ഒരു അഭിനേത്രി എന്ന പശ്ചാത്തലത്തിൽനിന്ന് അക്കാദമിക് മേഖലയിലേക്ക് വന്നതുകൊണ്ട് ഒരു ക്രെഡിബിലിറ്റിക്കു വേണ്ടിക്കൂടിയാണ് ഞാൻ ഡോക്ടറേറ്റ് എടുത്തത്. പിന്നെ, പിഎച്ച്ഡി നേടണമെന്ന് പണ്ടുമുതലേ ആഗ്രഹവുമുണ്ടായിരുന്നു.

അമ്മ ചന്ദ്രികയുടെ  കാര്യം പറയുകയാണെങ്കിൽ, ഈ പ്രായത്തിൽ അമ്മയ്ക്കൊരു ചലഞ്ച് വേണമായിരുന്നു. അങ്ങനെയാണ് കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽനിന്നു മാനേജ്മെന്റിൽ പിഎച്ച്ഡി നേടിയത്. അച്ഛനിപ്പോൾ രണ്ടാമത്തെ പിഎച്ച്ഡി സബ്മിറ്റ് ചെയ്തിരിക്കുകയാണ്. മൂന്നാമത്തേതിന് റജിസ്റ്റർ ചെയ്യാൻ പോകുന്നുവെന്നൊക്കെ പറയുന്നു. അവർക്കു രണ്ടാൾക്കും പഠിക്കാനും റിസർച്ച് നടത്താനുമൊക്കെ ഏറെയിഷ്ടമാണ്. അതൊരു യുണീക് ആയിട്ടുള്ള കാര്യമാണ്.

suja-karthika-with-her-mother
ഡോ.സുജ കാർത്തിക അമ്മയ്ക്കൊപ്പം

ജീവിതത്തിലും കരിയറിലും അമ്മയുടെ സ്വാധീനം

ഞാൻ സിനിമയിലുണ്ടായിരുന്ന കാലത്തൊക്കെ അമ്മ ഒരു സപ്പോർട്ടീവ് സിസ്റ്റം പോലെയായിരുന്നു. എനിക്ക് മോനുണ്ടായ സമയത്താണ് ഡാൻസിലും മറ്റുമുള്ള അമ്മയുടെ കഴിവുകളെക്കുറിച്ച് ഞങ്ങൾക്കു മനസ്സിലായത്. അമ്മയ്ക്കും ജോലിയുണ്ടായിരുന്നു. പിന്നെ ഞങ്ങളുടെ കാര്യങ്ങളൊക്കെ നോക്കുന്നതിനിടയ്ക്ക് അമ്മയ്ക്ക് അന്നൊന്നും സ്വന്തം ഇഷ്ടങ്ങളുടെ പിന്നാലെ പോകാനുള്ള സമയമുണ്ടായിരുന്നില്ല. കലാപരമായ കഴിവൊക്കെ അച്ഛനിൽനിന്നാണ് കിട്ടിയത് എന്നാണ് ഞാൻ ആദ്യമൊക്കെ വിശ്വസിച്ചിരുന്നത്. പക്ഷേ അമ്മയിൽ നിന്നാണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്. കുട്ടികളെ വളർത്താനും കുടുംബത്തെ ശ്രദ്ധിക്കാനുമൊക്കെ വേണ്ടിയാണ് പല അച്ഛനമ്മമാരും അവരവരുടെ ഇഷ്ടങ്ങൾ വേണ്ടെന്നു വയ്ക്കുന്നത്. അതുകൊണ്ട് ഇനിയെങ്കിലും അവരുടെ ഇഷ്ടങ്ങളിലൂടെ സഞ്ചരിക്കാൻ ഒപ്പം നിൽക്കുക എന്നതാണ് മക്കളെന്ന നിലയിൽ നമ്മുടെ കടമ. തീർച്ചയായും കുട്ടികൾക്ക് ശ്രദ്ധയും കെയറിങ്ങും ആവശ്യമുള്ള സമയത്ത് അത് നൽകണം. പക്ഷേ ജീവിതം അതിനുവേണ്ടി മാത്രം സാക്രിഫൈസ് ചെയ്യരുത്.

പഠന വിശേഷങ്ങൾ

എംകോം ഫസ്റ്റ് ക്ലാസിൽ പാസായ ശേഷം കോളജ് അധ്യാപികയായി ജോലി ചെയ്തു. ജെആർഎഫ് നേടിയ ‌ശേഷമാണ് ജോലി ഉപേക്ഷിച്ചത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സോഷ്യൽ സയൻസ്  ഫാക്വൽറ്റിയുടെ കീഴിൽ കൊമേഴ്സിലാണ് പിഎച്ച്ഡി നേടിയത് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചായിരുന്നു ഗവേഷണ പ്രബന്ധം. പിഎച്ച്ഡി നേടിയതിനൊപ്പം ആംസ്റ്റർഡാം യൂണിവേഴ്സിറ്റിയിൽനിന്ന് ക്വാളിറ്റേറ്റീവ് റിസർച് മെത്തേഡ്സിൽ സർട്ടിഫിക്കേഷനും നേടി. കേരള സർക്കാർ സ്ഥാപനമായ ഐസിടി അക്കാദമിയിൽനിന്ന് ഡേറ്റ അനലിസ്റ്റ് സർട്ടിഫൈഡ് സ്പെഷലിസ്റ്റ് കോഴ്സും പൂർത്തിയാക്കി. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് വെർജിനിയയിലെ ഡാർഡൺ സ്കൂൾ ഓഫ് ബിസിനസ്സിൽ നിന്ന് ഡിസൈൻ തിങ്കിങ് ഓഫ് ഇന്നവേഷനിൽ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്.

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനെക്കുറിച്ച്

അതിനെക്കുറിച്ച് ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പുറത്തു പറയാൻ പറ്റില്ല. കുസാറ്റിൽ നിന്നാണ് ഞാൻ പിഎച്ച്ഡി എടുത്തത്.  മറ്റൊരു സ്ഥാപനത്തിൽനിന്ന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ചെയ്യാനുള്ള സ്കോളർഷിപ്പിനു വേണ്ടി വെയിറ്റ് ചെയ്യുകയാണിപ്പോൾ. ഏത് ഇൻസ്റ്റിറ്റ്യൂഷൻ എന്നതിനെക്കുറിച്ചൊക്കെ പിന്നീടേ പറയാൻ പറ്റൂ. ഇപ്പോൾ ധാരാളം ഓൺലൈൻ കോഴ്സുകൾ ചെയ്യുന്നുണ്ട്. മാക്സിമം അറിവ് നേടുക എന്നതിലാണ് ഇപ്പോഴത്തെ ഫോക്കസ്.

suja-karthika-with-her-family
ഡോ.സുജ കാർത്തിക കുടുംബത്തോടൊപ്പം

സിനിമയിൽ തിരക്കുള്ള സമയത്ത് അതു വിട്ട് പഠിക്കാൻ പോയതിനെക്കുറിച്ച്

അഭിനയിക്കുന്ന സമയത്ത് പലതരം വേഷങ്ങൾ ചെയ്തിട്ടുണ്ട്. സബ്സ്റ്റാൻഷ്യൽ റോൾ അല്ല പലതും. അങ്ങനെ ഒരു ഘട്ടമെത്തിയപ്പോൾ ഇത് എനിക്ക് മരണം വരെ കൊണ്ടുപോകാൻ പറ്റുന്ന ഒരു തൊഴിൽ അല്ലെന്ന് തോന്നി. ഞാൻ അവസരങ്ങളൊന്നും തേടിപ്പോയിട്ടില്ല. ഇങ്ങോട്ട് തേടി വന്നതാണ്. പിന്നെ ആ ട്രെൻഡ് മാറി. അത് എന്നെക്കൊണ്ടു പറ്റില്ല എന്നു തോന്നി. പിന്നെ, കല്യാണം കഴിഞ്ഞ് തിരികെ സിനിമയിലേക്കെത്തുന്ന നടിമാർക്ക് ഇന്നത്തെപ്പോലെയുള്ള സ്വീകാര്യത അന്നില്ല. 2006 ലെ കാര്യമാണ് ഞാൻ പറയുന്നത്. ഇന്ന് കാര്യങ്ങളെല്ലാം മാറിയിട്ടുണ്ട്. 15 ാം വയസ്സിൽ അഭിനയജീവിതം തുടങ്ങിയതാണ്. അതുകൊണ്ടുതന്നെ കല്യാണം കഴിഞ്ഞ് വെറുതേ വീട്ടിലിരിക്കുന്ന കാര്യം ചിന്തിക്കാനേ പറ്റില്ലായിരുന്നു. 2009 ൽ പിജിഡിഎം കോഴ്സ് ഒന്നാം റാങ്കോടെ വിജയിച്ചതോടെ കൂടുതൽ പഠിക്കാൻ ആവേശമായി. 

മറ്റൊരു പ്രഫഷനിലേക്കു പോകാൻ വിദ്യാഭ്യാസമില്ലായ്മ ഒരു തടസ്സമാകരുത് എന്ന ആഗ്രഹമുണ്ടായിരുന്നു. പിന്നെ പഠിക്കാനുമിഷ്ടമായിരുന്നു. പിജിക്ക് ഗോൾഡ്മെഡൽ കിട്ടിയപ്പോൾ ആത്മവിശ്വാസം കൂടി. പഠനം തുടരാനും വേറേ ജോലി തേടാനും നല്ല പ്രചോദനം കിട്ടി. ഇപ്പോൾ 13 വർഷത്തിലേറെയായി അഭിനയം എന്ന കരിയർ വിട്ടിട്ട്.

അഭിനയജീവിതത്തിലേക്ക് തിരിച്ചു വരാൻ ആഗ്രഹമുണ്ടോ?

ഇല്ല. ഇപ്പോൾ സിനിമയൊക്കെ വളരെ ക്രൗഡഡ് ആണ്. ഉള്ളവരെല്ലാം വളരെ നന്നായി അഭിനയിക്കുന്നുണ്ട്. പക്ഷേ എനിക്ക് പ്രോഗ്രാംസ് ഒക്കെ അവതരിപ്പിക്കാനിഷ്ടമാണ്. അക്കാഡമിക് കരിയറിന് കോട്ടം തട്ടാത്ത രീതിയിലുള്ള പ്രോഗ്രാംസ് അവതരിപ്പിക്കാൻ അവസരം കിട്ടിയാൽ സന്തോഷത്തോടെ സ്വീകരിക്കും. അടുത്തിടെ ഡിജിറ്റൽ മാർക്കറ്റിങ്ങിൽ രണ്ടു മൂന്നു പരസ്യങ്ങൾ ചെയ്യാൻ അവസരം കിട്ടി. മകൾക്കായിരുന്നു മെയിൻ റോൾ. എനിക്ക് സൈഡ് റോളായിരുന്നു. വർഷങ്ങൾക്കു ശേഷം മേക്കപ്പൊക്കെ ചെയ്ത് ഫോട്ടോ എടുത്തപ്പോൾ വളരെ സന്തോഷം തോന്നി. വളരെ നല്ല അനുഭവമായിരുന്നു അതൊക്കെ.

suja-karthika-002
ഡോ.സുജ കാർത്തിക

പഠിത്തവും തിരക്കുമൊക്കെ കഴിഞ്ഞുള്ള ഇടവേളകൾ?

വായനയും എഴുത്തും പാചകവുമൊക്കെയിഷ്ടമാണ്. പിന്നെയുള്ളൊരിഷ്ടം അഭിമുഖങ്ങൾ കാണുകയെന്നുള്ളതാണ്. വലിയ വലിയ ആൾക്കാരുടെയൊക്കെ ചോദ്യത്തിന് എത്ര ഓർഗനൈസ്ഡ് ആയിട്ടാണ് ഓരോരുത്തർ മറുപടി പറയുന്നത്. അതൊക്കെ ഞാൻ അഡ്മയർ ചെയ്യാറുണ്ട്. ക്ലാസുകളെടുക്കുമ്പോൾ അത്തരം അറിവുകളൊക്കെ ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്.

കുടുംബവിശേഷം

2010 ജനുവരി 31 നായിരുന്നു വിവാഹം. മെർച്ചന്റ് നേവി ടെക്നിക്കൽ സൂപ്രണ്ട് രാകേഷ് കൃഷ്ണനാണ് ഭർത്താവ്. ഞങ്ങൾക്ക് രണ്ട് കുട്ടികളുണ്ട്. കുടുംബവും നൃത്ത പരിശീലനവും പഠനവുമെല്ലാമായി മുന്നോട്ടു പോകുന്നു.
 

English Summary: Success Story Of Suja Karthika

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA